ലഡാക്കില്‍ ചൈനയുമായി കൂടുതല്‍ ഏറ്റുമുട്ടലിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

 ലഡാക്കില്‍ ചൈനയുമായി കൂടുതല്‍ ഏറ്റുമുട്ടലിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ കൂടുതല്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായേക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. ലഡാക്കില്‍ ബെയ്ജിങ് സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ഏറ്റുമുട്ടല്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

അടുത്തിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഒരു കോണ്‍ഫറന്‍സില്‍ അതിര്‍ത്തിയുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ലഡാക്ക് പൊലീസ് സമര്‍പ്പിച്ച പുതിയതും രഹസ്യാത്മകവുമായ ഗവേഷണ പ്രബന്ധത്തെ അടിസ്ഥാനമാക്കിയാണ് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്.

ജനുവരി 20 മുതല്‍ 22 വരെ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്തിരുന്നു.

അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് ലോക്കല്‍ പൊലീസ് ശേഖരിച്ച രഹസ്യാന്വേഷണ വിവരങ്ങളും വര്‍ഷങ്ങളായി ഇന്ത്യ-ചൈന സൈനിക സംഘര്‍ഷങ്ങളുടെ രീതിയും അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ലഡാക്കില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ട്. 2020 ല്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും ഏറ്റുമുട്ടിയപ്പോള്‍ 24 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ സൈനിക നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശേഷം സംഘര്‍ഷം അയഞ്ഞു. ഡിസംബറില്‍ അരുണാചല്‍ പ്രദേശില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടായെങ്കിലും മരണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ചൈനയിലെ ആഭ്യന്തര നിര്‍ബന്ധങ്ങളും മേഖലയിലെ അവരുടെ സാമ്പത്തിക താല്‍പ്പര്യങ്ങളും കണക്കിലെടുത്ത്, പിഎല്‍എ(പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി) അതിന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് തുടരും. കൂടാതെ ഏറ്റുമുട്ടലുകള്‍ പതിവായി സംഭവിക്കും. അത് ഏതെങ്കിലും ഒരു പ്രത്യേക ശൈലി പിന്തുടര്‍ന്നോ അല്ലാതെയോ സംഭവിക്കാമെന്ന് ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു.

ചൈനയുടെ ഭാഗത്ത് പിഎല്‍എ നിര്‍മ്മിച്ച അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം ഇരു സൈന്യങ്ങളും പരസ്പരമുള്ള പ്രതികരണം, പീരങ്കിപ്പടയുടെ ശക്തി, സൈന്യത്തെ അണിനിരത്താനുള്ള സമയം എന്നിവ കണക്കാക്കും. ഏറ്റുമുട്ടലുകളുടെയും സംഘര്‍ഷങ്ങളുടെയും രീതി വിശകലനം ചെയ്താല്‍ 2013-2014 മുതല്‍ ഓരോ 2-3 വര്‍ഷവും ഇടവിട്ട് തീവ്രത വര്‍ദ്ധിച്ചുവെന്ന് റോയിട്ടേഴസ് പറയുന്നു.

കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ കാരക്കോറം ചുരം മുതല്‍ ചുമൂര്‍ വരെ മൊത്തം 65 പട്രോളിങ് പോയിന്റുകളില്‍ 26 ഇടത്ത് ഇന്ത്യന്‍ സായുധ സേനയുടെ സാന്നിധ്യം നഷ്ടപ്പെട്ടതായി വെളിപ്പെടുത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് റോയിട്ടേഴ്‌സിന്റെ പുതിയ റിപ്പോര്‍ട്ട് വരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.