പെര്‍ത്തിനു സമീപം റേഡിയേഷനു സാധ്യതയുള്ള റേഡിയോ ആക്ടീവ് ക്യാപ്സ്യൂള്‍ കാണാതായി; അടിയന്തര മുന്നറിയിപ്പ്; തെരച്ചില്‍ ഊര്‍ജിതം

പെര്‍ത്തിനു സമീപം റേഡിയേഷനു സാധ്യതയുള്ള റേഡിയോ ആക്ടീവ് ക്യാപ്സ്യൂള്‍ കാണാതായി; അടിയന്തര മുന്നറിയിപ്പ്; തെരച്ചില്‍ ഊര്‍ജിതം

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ഒരു ഖനിയില്‍നിന്ന് പെര്‍ത്തിലേക്കുള്ള യാത്രാമധ്യേ ട്രക്കില്‍നിന്ന് നഷ്ടമായ റേഡിയോ ആക്ടീവ് ക്യാപ്സ്യൂളിനെച്ചൊല്ലി ആശങ്ക വര്‍ധിക്കുന്നു. ശരീരവുമായി സമ്പര്‍ക്കമുണ്ടായാല്‍ പൊള്ളലും കാന്‍സര്‍ അടക്കമുള്ള ഗുരുതരമായ രോഗങ്ങള്‍ക്കും കാരണമായേക്കാവുന്ന ചെറിയ റേഡിയോ ആക്ടീവ് ക്യാപ്സ്യൂളാണ് നഷ്ടപ്പെട്ടത്. സംഭവത്തെതുടര്‍ന്ന് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ആരോഗ്യ വിഭാഗം ജനങ്ങള്‍ക്ക് അടിയന്തര മുന്നറിയിപ്പ് നല്‍കി.

പില്‍ബാരയിലെ ന്യൂമാനില്‍ നിന്ന് പെര്‍ത്തിന്റെ പ്രാന്തപ്രദേശമായ മലഗയിലേക്കുള്ള യാത്രയ്ക്കിടെയാണ് റേഡിയോ ആക്ടീവ് പദാര്‍ത്ഥം നഷ്ടമായത്. ഈ രണ്ടു സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരമായ 1400 കിലോമീറ്ററിലാണ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ജനുവരി 10-നു ശേഷം ക്യാപ്സ്യൂള്‍ കാണാതായെന്നാണ് അധികൃതരുടെ നിഗമനം. ക്യാപ്സ്യൂള്‍ കണ്ടെത്താന്‍ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് ഊര്‍ജിതമായ തെരച്ചിലാണു നടക്കുന്നത്.

ആറ് മില്ലീമീറ്റര്‍ വ്യാസവും എട്ട് മില്ലീമീറ്റര്‍ വീതിയുമുള്ള ക്യാപ്സ്യൂള്‍ ട്രക്കിന്റെ പിന്നില്‍ നിന്ന് വീണതാണെന്നാണു നിഗമനം. റേഡിയേഷനു സാധ്യതയുള്ള റേഡിയോ ആക്ടീവ് പദാര്‍ത്ഥമായതിനാല്‍ ക്യാപ്സ്യൂള്‍ കണ്ടാല്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സംസ്ഥാനത്തെ ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ജനുവരി 10 നു ശേഷം ന്യൂമാനും പെര്‍ത്തിനും ഇടയിലുള്ള ഗ്രേറ്റ് നോര്‍ത്തേണ്‍ ഹൈവേയിലൂടെ വാഹനമോടിച്ചവര്‍ ടയറുകളില്‍ ക്യാപ്സ്യൂള്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

ഗ്രേറ്റ് നോര്‍ത്തേണ്‍ ഹൈവേ കേന്ദ്രീകരിച്ച് വിപുലമായ തെരച്ചിലാണ് നടക്കുന്നതെന്ന് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് വകുപ്പ് സൂപ്രണ്ട് ഡേവിഡ് ഗില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ്, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ്, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ പോലീസ്, ഈ മേഖലയിലെ വിദഗ്ധര്‍ എന്നിവരടങ്ങുന്ന ടീമാണ് തെരച്ചിലിന് നേതൃത്വം നല്‍കുന്നത്.

ഖനനത്തില്‍ സാധാരണയായി ഉപയോഗിക്കുന്നതാണ് റേഡിയോ ആക്ടീവ് ക്യാപ്‌സ്യൂളുകള്‍. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാന്‍ കഴിയുംവിധമുള്ള അളവില്‍ വികിരണം പുറപ്പെടുവിക്കാന്‍ ശേഷിയുള്ളതാണ് ഈ ക്യാപ്‌സ്യൂളുകളെന്ന് സംസ്ഥാന ചീഫ് ഹെല്‍ത്ത് ഓഫീസറും റേഡിയോളജിക്കല്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. ആന്‍ഡ്രൂ റോബര്‍ട്ട്സണ്‍ പറഞ്ഞു.
ഒരു മണിക്കൂറില്‍ 10 എക്‌സ്-റേകള്‍ എടുക്കുമ്പോള്‍ പുറപ്പെടുവിക്കുന്ന റേഡിയേഷനു തുല്യമാണിത്.

'റേഡിയോ ആക്ടീവ് പദാര്‍ത്ഥം എന്താണെന്ന് അറിയാതെ ആരെങ്കിലും അത് എടുക്കുമോ എന്നതാണ് തങ്ങളുടെ ആശങ്കയെന്ന് ഡോ. ആന്‍ഡ്രൂ പറഞ്ഞു. ആകാംക്ഷ തോന്നി അത് മുറിയിലോ കാറിലോ സൂക്ഷിക്കാന്‍ സാധ്യതയുണ്ട്. ഇത് വലിയ അപകടം സൃഷ്ടിക്കും' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്യാപ്സ്യൂളിനോട് സാമ്യമുള്ള എന്തെങ്കിലും കണ്ടാല്‍ ആളുകള്‍ അതില്‍ നിന്ന് അഞ്ച് മീറ്റര്‍ അകലെ നില്‍ക്കണമെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.