ഫാ സ്റ്റാൻ സ്വാമി തീവ്രവാദിയോ?

ഫാ സ്റ്റാൻ സ്വാമി തീവ്രവാദിയോ?

ഭീമ – കൊറേഗാവ് കേസിൽ വ്യാജ ആരോപണത്തെ തുടർന്ന്  എൻഐഎ അറസ്റ്റ് ചെയ്ത ഫാ. സ്റ്റാൻ സ്വാമി പാർക്കിൻസൺസ് , ഹെർണിയ, മറ്റ് വാർദ്ധ്യക്യ സഹജമായ അസുഖങ്ങൾ ഇവ മൂലം വളരെയധികം പ്രയാസങ്ങൾ അനുഭവിക്കുന്നു. 

"തന്നെ സഹ തടവുകാർ നല്ല രീതിയിൽ ശുശ്രൂഷിക്കുണ്ട്,  അവരാണ് തനിക്ക്  ഭക്ഷണം വാരി തരുന്നതും, വസ്ത്രങ്ങൾ അലക്കുന്നതും,  കുളിക്കാൻ സഹായിക്കുന്നതുമെല്ലാം."    വൈദിക സഹോദരനയച്ച സന്ദേശത്തിലാണ് ഈ കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയത്.   

സഹ തടവുകാരുടെ വിഷമങ്ങൾ കേൾക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യുകയാണ്  തന്റെ ഹോബി എന്ന്  അദ്ദേഹം കൂട്ടിച്ചേർത്തു.   പാവങ്ങളെ കേൾക്കുക, അവരെ ആശ്വസിപ്പിക്കുക, അവരെ സഹായിക്കുക, അവരുടെ പ്രശ്നങ്ങളിൽ ഇടപെടുക ഇതൊക്കെ തന്നെയാണ്  ഗ്രാമീണരുടെ ഇടയിൽ അദ്ദേഹം ചെയ്തത്.  ഇതിനെ തീവ്രവാദമെന്ന് വിളിക്കാമെങ്കിൽ ഇപ്പോൾ ജയിലിലും അദ്ദേഹം ഒരു തീവ്രവാദിയാണ്.  ക്രിസ്തു പഠിപ്പിച്ച സഹോദരസ്നേഹം പ്രാവർത്തികമാക്കുന്നതിനപ്പുറം താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ച് പറയുന്നു.

നവംബർ 26 ലെ കോടതി വിധി പ്രകാരം അദ്ദേഹത്തിന്   വെള്ളം കുടിക്കാൻ സ്ട്രോയും സിപ്പർ കപ്പും ലഭിക്കണമെങ്കിൽ ഡിസംബർ വരെ കാത്തിരിക്കണം. പാർക്കിൻസൺസ് രോഗം ബാധിച്ചവർ വെള്ളം കുടിക്കാൻ സ്ട്രോയും സിപ്പർ കപ്പുകളുമാണ് ഉപയോഗിക്കുക.

കേരളത്തിലെ കള്ളക്കടത്ത് പ്രതിക്ക് എഴുതാൻ പേപ്പറും പേനയും വീഡിയോ കോൾ സൗകര്യവും നൽകുന്ന സംവിധാന ത്തെക്കുറിച്ച്  പത്ര ദൃശ്യാ മതങ്ങളിലൂടെ നാം കേൾക്കുകയുണ്ടായി. വഞ്ചനാക്കുറ്റം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത അർണബ് ഗോസാമിക്ക് ജാമ്യം അനുവദിച്ച് കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ചഉത്തരവും  ശ്രദ്ധേയമാണ്.

ഇന്ത്യൻ ഭരണഘടനയും, ഇന്ത്യൻ ശിക്ഷാ നിയമവും എല്ലാ കുറ്റാരോപിതർക്കും, കുറ്റവാളികൾക്കും സാഹചര്യങ്ങൾക്കനുസൃതമായി ജാമ്യം നൽകാം എന്ന്  വ്യവസ്ഥ നൽകുന്ന സാഹചര്യത്തിൽ മറ്റുള്ളവർക്ക് നൽകുന്ന സഹായങ്ങളെയോ ജാമ്യത്തെയോ ഇവിടെ ചോദ്യം ചെയ്യുന്നില്ല.  എന്നാൽ പ്രായാധിക്യവും രോഗവും ദുരിതം തീർക്കുന്ന 83 വയസ്സുള്ള ഈ വയോധിക വൈദികനെ ഒരു തീവ്രവാദിയോടെന്നപോലെ പെരുമാറുന്നതിലെ അസ്വാഭാവികത ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ അവരെ കുറ്റം പറയാൻ പറ്റില്ല. 

കഴിഞ്ഞ 50 വർഷം ജാർക്കണ്ഡിലെ ആദിവാസികൾക്കും പാവപ്പെട്ടവർക്കും വേണ്ടി ശബ്ദമുയർത്തി അവസാനം വാർധ്യക്യത്തിൽ മുംബൈ ജയിലിൽ അടക്കപ്പെട്ട ആ വൈദികന്റെ മോചനത്തിനായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

(ജോ കാവാലം)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.