ഡയാന രാജകുമാരിയുടെ ഗൗണ്‍ ലേലത്തില്‍ പോയത് ആറ് ലക്ഷം ഡോളറിന്; സംഘാടകര്‍ പോലും ഞെട്ടി

ഡയാന രാജകുമാരിയുടെ  ഗൗണ്‍ ലേലത്തില്‍ പോയത് ആറ് ലക്ഷം ഡോളറിന്; സംഘാടകര്‍ പോലും ഞെട്ടി

ന്യൂയോര്‍ക്ക്: ചാള്‍സ് രാജകുമാരനുമായി 1981 ജൂലൈ 29 ന് ബ്രിട്ടനിലെ സെന്റ് പോള്‍ കത്തീഡ്രലില്‍ നടന്ന വിവാഹം മുതല്‍ 1997 ഓഗസ്റ്റ് 31 പാരീസില്‍ കാറപകടത്തില്‍ മരിക്കുന്നതുവരെ ഡയാന രാജകുമാരി ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായിരുന്നു.

ഇന്ദ്രനീല കണ്ണുകളും സ്വര്‍ണ മുടിയും കുസൃതിച്ചിരിയുമുള്ള ഡയാനയുടെ ജീവിതം എന്നും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു.  ജീവിതത്തിലെ പ്രണയവും വിരഹവും പോരാട്ടവുമൊക്കെയായി അവര്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. മരണത്തിന് കാല്‍ നൂറ്റാണ്ടിന് ശേഷവും ഡയാന രാജകുമാരി വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്.

ഡയാന ധരിച്ചിരുന്ന പര്‍പ്പിള്‍ നിറത്തിലുള്ള വെല്‍വെറ്റ് ഗൗണ്‍ റെക്കോഡ് തുകയ്ക്ക് ലേലം ചെയ്തു പോയതാണ് ഇപ്പോള്‍ വീണ്ടും അവര്‍ വാര്‍ത്തകളില്‍ നിറയാന്‍ കാരണം. ഗൗണ്‍ വെള്ളിയാഴ്ച ലേലത്തില്‍ പോയത് ആറ് ലക്ഷം ഡോളറിനാണ്. ഏകദേശം 4.9 കോടി രൂപ.

പ്രമുഖ ബഹുരാഷ്ട്ര സ്ഥാപനമായ സോത്തെബീസ് ആണ് ലേലം സംഘടിപ്പിച്ചത്. പ്രതീക്ഷിച്ച തുകയുടെ അഞ്ചിരട്ടിയാണ് വസ്ത്രത്തിന് ലഭിച്ചത്. 1991 ലെ ഒരു ഔദ്യോഗിക ചിത്രത്തിലും 1997 ലെ വാനിറ്റി ഫയര്‍ ഫോട്ടോഷൂട്ടിലും ഡയാന ഈ ഗൗണ്‍ ധരിച്ചിരുന്നു. 80,000 മുതല്‍ 1,20,000 ഡോളര്‍ വരെയാണ് വസ്ത്രത്തിന് പ്രതീക്ഷിച്ചിരുന്ന തുക.

എന്നാല്‍ 6,04,800 ഡോളറാണ് ലഭിച്ചത്. ഇത് സംഘാടകരെ പോലും ഞെട്ടിച്ചു. ബ്രിട്ടീഷ് ഡിസൈനറായ വിക്ടര്‍ എഡല്‍സ്റ്റീനാണ് വസ്ത്രം രൂപകല്‍പന ചെയ്തത്. 1989 ലെ ഓട്ടം കളക്ഷന്റെ ഭാഗമായായിരുന്നു വസ്ത്രം നിര്‍മിച്ചത്. വസ്ത്രത്തിന്റെ രൂപരേഖയ്ക്ക് കിരീടത്തിന്റെ ആകൃതിയായിരുന്നു. ഡയാന രാജകുമാരിയുടെ ദീര്‍ഘകാല വസ്ത്ര ഡിസൈനറായിരുന്നു എഡല്‍സ്റ്റീന്‍. 1982 മുതല്‍ 1993 വരെ എഡല്‍സ്റ്റീല്‍ ഡയാനയ്ക്ക് വേണ്ടി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു.

1997 ല്‍ 24,150 ഡോളറിനാണ് ഈ വസ്ത്രം ആദ്യമായി ലേലത്തില്‍ വിറ്റത്. അക്കൊല്ലം ഡയാന ലേലത്തില്‍ വില്‍ക്കാന്‍ തീരുമാനിച്ച കോക്ടെയ്ല്‍, ഈവനിങ് വസ്ത്രങ്ങളിലൊന്നായിരുന്നു ഇത്. എയ്ഡ്‌സ് ക്രൈസിസ് ട്രസ്റ്റ് ആന്‍ഡ് റോയല്‍ മാര്‍സ്‌ഡെന്‍ ഹോസ്പിറ്റലിലേക്കാണ് ആ ലേലത്തില്‍ നിന്നുള്ള പണം പോയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.