കുവൈറ്റ് സിറ്റി: വടക്കന്‍ അറേബ്യയുടെ അപ്പസ്‌തോലിക് വികാരിയാത്ത് തലവനായി മോണ്‍സിഞ്ഞോര്‍ ആല്‍ദോ ബെറാര്‍ഡി ഒ.എസ്.എസ്.ടിയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. കുവൈത്ത്, ബഹ്റൈന്‍, സൗദി അറേബ്യ, ഖത്തര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് വടക്കന്‍ അറേബ്യ വികാരിയാത്ത്. 2020 ഏപ്രില്‍ 12-ന് അന്തരിച്ച ബിഷപ്പ് കാമിലോ ബാലിന്റെ പിന്‍ഗാമിയായാണ് മോണ്‍. ആല്‍ദോ ബെറാര്‍ഡി ചുമതലയേല്‍ക്കുന്നത്. േറാമിലാണ് പുതിയ നിയമനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
നിലവില്‍ മോണ്‍. ആല്‍ദോ ബെറാര്‍ഡി ഒ.എസ്.എസ്.ടി, ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിനായുള്ള ഓര്‍ഡര്‍ ഓഫ് ഹോളി ട്രിനിറ്റിയുടെ വികാരി ജനറലാണ്.
1963 സെപ്റ്റംബര്‍ 30-ന് ഫ്രാന്‍സില്‍ ജനിച്ച ആല്‍ദോ ബെറാര്‍ഡി 1991ല്‍ വൈദികനായി. മോണ്‍ട്രിയലിലെ (കാനഡ) മേജര്‍ സെമിനാരിയില്‍നിന്നാണ് ദൈവശാസ്ത്രം പഠിച്ചത്. 1992-ല്‍ മോറല്‍ തിയോളജിയില്‍ ലൈസന്‍സ് നേടി. അതേ കാലയളവില്‍ അദ്ദേഹം കാരിത്താസ് റോമിലും സേവനമനുഷ്ഠിച്ചു.
1992 മുതല്‍ 1998 വരെ അദ്ദേഹം ഫ്രാന്‍സിലെ ഒരു ആത്മീയ കേന്ദ്രത്തിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. ഇടവക വികാരി, സ്‌കൂള്‍ ചാപ്ലിന്‍, മാനസികരോഗാശുപത്രിയിലെ ചാപ്ലിന്‍, ബോയ് സ്‌കൗട്ട് അസിസ്റ്റന്റ്, കാത്തലിക് ആക്ഷന്‍ അസിസ്റ്റന്റ് എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
2000 മുതല്‍ 2006 വരെ സുഡാനീസ് അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കിയ കെയ്‌റോയിലെ (ഈജിപ്ത്) സെന്ററിന് നേതൃത്വം നല്‍കി.
2007 മുതല്‍ 2010 വരെ അദ്ദേഹം മനാമയിലെ (ബഹ്റൈന്‍) സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ സേവനമനുഷ്ഠിച്ചു. 2009 മുതല്‍ 2012 വരെ അദ്ദേഹം തന്റെ കോണ്‍ഗ്രിഗേഷന്റെ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലറായിരുന്നു.
2019 മുതല്‍ 2023 വരെ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള ഓര്‍ഡര്‍ ഓഫ് ഹോളി ട്രിനിറ്റിയുടെ വികാരി ജനറലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
കുവൈറ്റ്, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന കത്തോലിക്കാ വിശ്വാസികളുടെ അജപാലന പരിപാലനമാണ് മോണ്‍. ആല്‍ദോ ബെറാര്‍ഡിയുടെ പുതിയ ദൗത്യം.
അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി അധികച്ചുമതല വഹിച്ച ബിഷപ്പ് പോള്‍ ഹിന്‍ഡറിന് കുവൈറ്റിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷിയേച്ചര്‍ നന്ദി അറിയിക്കുകയും ഭാവിയില്‍ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുകയും ചെയ്തു.
പുതിയ നിയമനത്തെ അപ്പോസ്തോലിക് ന്യൂണ്‍ഷിയേച്ചര്‍ സ്നേഹപൂര്‍വം സ്വാഗതം ചെയ്യുകയും അദ്ദേഹത്തെ കാത്തിരിക്കുന്ന സുപ്രധാന ദൗത്യത്തിനായി പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ വൈദികരോടും വിശ്വാസികളോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.