ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഗ്രാന്‍ഡ്സ്ലാം ജോക്കോവിച്ചിന്; സിറ്റ്സിപാസിനെ പരാജയപ്പെടുത്തിയത് നേരിട്ടുള്ള സെറ്റുകള്‍ക്ക്

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഗ്രാന്‍ഡ്സ്ലാം ജോക്കോവിച്ചിന്; സിറ്റ്സിപാസിനെ പരാജയപ്പെടുത്തിയത് നേരിട്ടുള്ള സെറ്റുകള്‍ക്ക്

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജോക്കോവിച്ചിന്റെ വിജയം. കന്നി ഗ്രാന്‍ഡ്സ്ലാം വിജയ പ്രതീക്ഷയുമായെത്തിയ സിറ്റ്സിപാസ് നിരാശയോടെ മടങ്ങി.

കോവിഡ് വാക്സീന്‍ പ്രശ്നത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം നാട്ടിലേക്ക് തിരിച്ചയച്ച ഓസ്ട്രേലിയന്‍ ഓപ്പണ്‍ സംഘാടകര്‍ക്കുള്ള മറുപടികൂടിയായി ജോക്കോവിച്ചിന്റെ കിരീട നേട്ടം. കരിയറിലെ പത്താം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണ് ജോക്കോവിച്ചിന്റേത്.

ഇതോടെ ആകെ കരിയര്‍ ഗ്രാന്‍ഡ്സ്ലാം നേട്ടം 22 ആയി. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ പുരുഷ താരമെന്ന റാഫേല്‍ നദാലിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും ജോക്കോവിച്ചിനായി. രണ്ട് തവണ ഫ്രഞ്ച് ഓപ്പണും ഏഴ് വിംബിള്‍ഡണ്‍ കിരീടവും മൂന്ന് വട്ടം യുഎസ് ഓപ്പണും നേടിയിട്ടുണ്ട്.

മത്സരത്തില്‍ തുടക്കം മുതല്‍ തന്നെ ആധിപത്യത്തോടെയാണ് സെര്‍ബിയന്‍ താരം കളിച്ചത്. ആദ്യ സെറ്റിന്റെ തുടക്കത്തില്‍ തന്നെ സിറ്റ്സിപാസിന്റെ സര്‍വ്വ് ബ്രേക്ക് ചെയ്ത് ജോക്കോവിച്ച് മുന്നേറി. ആദ്യ സെറ്റ് 3-6 നാണ് ജോക്കോ സ്വന്തമാക്കിയത്.

എന്നാല്‍ രണ്ടാം സെറ്റില്‍ സിറ്റ്സിപാസ് ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. ജോക്കോവിച്ചിനെ സര്‍വ് ബ്രേക്ക് ചെയ്യാന്‍ അനുവദിക്കാതെ കരുതലോടെയാണ് താരം കളിച്ചത്. രണ്ടാം സെറ്റ് 6-6 എന്ന നിലയിലായതോടെ മത്സരം ടൈബ്രേക്കറിലേക്ക് കടന്നു. എന്നാല്‍ ടൈബ്രേക്കറില്‍ സിറ്റ്സിപാസിന് പിഴച്ചു. 7-4 ന് ടൈബ്രേക്കര്‍ സ്വന്തമാക്കിക്കൊണ്ട് രണ്ടാം സെറ്റും ജോക്കോവിച്ച് സ്വന്തമാക്കി.

മൂന്നാം സെറ്റിലും കടുത്ത പോരാട്ടത്തിനാണ് മെല്‍ബണിലെ റോഡ് ലാവര്‍ അറീന സാക്ഷ്യം വഹിച്ചത്. സര്‍വ് നിലനിര്‍ത്തിക്കൊണ്ട് ജോക്കോവിച്ചും സിറ്റ്സിപാസും മുന്നേറി. രണ്ടാം സെറ്റിന്റെ ആവര്‍ത്തനമെന്ന പോലെ മൂന്നാം സെറ്റിലും മത്സരം ടൈബ്രേക്കറിലേക്ക് കടന്നു.

തന്റെ പരിചയസമ്പത്ത് മുതലെടുത്ത് റാക്കറ്റേന്തിയ ജോക്കോവിച്ചിന് മുന്നില്‍ ഗ്രീക്ക് താരത്തിന് പിടിച്ചു നില്‍ക്കാനായില്ല. ടൈബ്രേക്കറില്‍ 5-7 ന് വിജയിച്ച് സെറ്റും മത്സരവും ജോക്കോവിച്ച് സ്വന്തമാക്കി. കിരീട നേട്ടത്തോടെ ലോക ഒന്നാംനമ്പര്‍ സ്ഥാനം തിരിച്ചു പിടിക്കാനും ജോക്കോവിച്ചിനായി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.