സൗത്ത് ആഫ്രിക്ക: പ്രഥമ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. ഞായറാഴ്ച നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ കൗമാര പെണ്‍പട കിരീടത്തില്‍ മുത്തമിട്ടത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 69 റണ്‍സ് വിജയലക്ഷ്യം 14 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 17.1 ഓവറില്‍ വെറും 68 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. തുടക്കത്തില്‍ അല്പം പതറിയെങ്കിലും സൗമ്യ തിവാരി-ഗോംഗഡി ത്രിഷ സഖ്യത്തിന്റെ മികച്ച ഇന്നിങിസില്‍ ഇന്ത്യ അനായാസ വിജയം നേടി. സൗമ്യ 37 പന്തില്‍ നിന്ന് 24 റണ്‍സോടെ പുറത്താകാതെ നിന്നു. ത്രിഷ 29 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത് പുറത്തായി.
തുടക്കത്തില്‍ ക്യാപ്റ്റന്‍ ഷഫാലി വര്‍മ (15), ശ്വേത സെഹ്‌രാവത് (അഞ്ച്) എന്നിവരെ നഷ്ടമായപ്പോള്‍ അല്പം പരുങ്ങലില്‍ ആയെങ്കില്‍ നാലാം വിക്കറ്റില്‍ സൗമ്യ-ത്രിഷ സഖ്യമാണ് ഇന്ത്യയെ വിജയ പാതയില്‍ എത്തിച്ചത്. മികച്ച ക്യാച്ചുകളുമായി കളം നിറഞ്ഞ ഇന്ത്യന്‍ ഫീല്‍ഡര്‍മാരാണ് ഇന്നിങ്‌സിലെ താരങ്ങള്‍.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ഷെഫാലി വര്‍മ്മയുടെ തീരുമാനം ശരിവക്കുന്നതായിരുന്നു തുടക്കം. ഇന്നിംഗ്‌സിലെ നാലാം പന്തില്‍ തന്നെ ഇംഗ്ലണ്ടിന് ആദ്യ താരത്തെ നഷ്ടമായി. തുടര്‍ന്ന് കൃത്യമായ ഇടവേളകളിലൂടെ ഇന്ത്യ ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ ഓരോന്നായി പിഴുതുകൊണ്ടേയിരുന്നു.
ഇംഗ്ലണ്ട് നിരയില്‍ നാല് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കണ്ടത്. 19 റണ്‍സ് നേടിയ റയാന്‍ മക്‌ഡൊണള്‍ഡാണ് ടോപ് സ്‌കോറര്‍. നാല് ഓവറില്‍ വെറും ആറ് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ടൈറ്റാസ് സധുവാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. അര്‍ച്ചന ദേവി, പാര്‍ഷവി ചോപ്ര എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.