സാമൂഹിക സുരക്ഷാ പെന്‍ഷനില്‍ കത്രിക വയ്ക്കാനൊരുങ്ങി സര്‍ക്കാര്‍: വരുമാനം കൂടിയവരെ ഒഴിവാക്കും; അഞ്ച് ലക്ഷം പേര്‍ പുറത്താകും

സാമൂഹിക സുരക്ഷാ പെന്‍ഷനില്‍ കത്രിക വയ്ക്കാനൊരുങ്ങി സര്‍ക്കാര്‍: വരുമാനം കൂടിയവരെ ഒഴിവാക്കും; അഞ്ച് ലക്ഷം പേര്‍ പുറത്താകും

തിരുവനന്തപുരം: ചിലവ് ചുരുക്കലിന്റെ ഭാഗമായി പാവപ്പെട്ടവന്റെ ആശ്രയമായ സാമൂഹിക സുരക്ഷാ പെന്‍ഷനില്‍ നിന്ന് ഗുണഭോക്താക്കളെ ഒഴിവാക്കാൻ നീക്കം. വര്‍ഷം ഒരു ലക്ഷം രൂപയിലേറെ കുടുംബ വരുമാനമുള്ളവരെ സാമൂഹിക സുരക്ഷാ പെന്‍ഷനില്‍ നിന്ന് കര്‍ശനമായി ഒഴിവാക്കാന്‍ പഞ്ചായത്ത് ഡയറക്ടര്‍ക്കും നഗരകാര്യ ഡയറക്ടര്‍ക്കും ധനവകുപ്പ് നിര്‍ദേശം നല്‍കി. ഇതുവഴി അഞ്ച് ലക്ഷം പേരെങ്കിലും ഒഴിവാക്കപ്പെടുമെന്നാണ് ധനവകുപ്പ് കരുതുന്നത്.

പെന്‍ഷന്‍ വാങ്ങുന്നവരില്‍ നിന്ന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ശേഖരിക്കുന്നുണ്ട്. ഇത് ഫെബ്രുവരി 28 നകം നല്‍കണം. ഇതിന്റെ അടിസ്ഥാനത്തിൽ വരുമാനം വിലയിരുത്തി പരിധിക്ക് പുറത്തുള്ളവരെ ഒഴിവാക്കും. 

ഇപ്പോള്‍ 50.5 ലക്ഷം പേരാണ് മാസം 1600 രൂപവീതം പെന്‍ഷന്‍ വാങ്ങുന്നത്. ഇതിന് പുറമേ ഏഴ് ലക്ഷത്തില്പരം പേര്‍ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരാണ്. അവര്‍ക്ക് വരുമാന പരിധി ബാധകമല്ല. മാസം 800 കോടി രൂപയാണ് പെന്‍ഷന് വേണ്ടി വരുന്നത്.

വരുമാനം ഒരു ലക്ഷം കവിയരുത് എന്ന ചട്ടം 2010 മുതല്‍ നിലവിലുണ്ട്. 2014 ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വരുമാന പരിധി മൂന്ന് ലക്ഷമാക്കി ഉയര്‍ത്തി. പത്ത് മാസം കഴിഞ്ഞപ്പോള്‍ ആ സര്‍ക്കാര്‍ തന്നെ അത് പിന്‍വലിച്ച് വീണ്ടും ഒരു ലക്ഷമാക്കി. ഇതോടെ പെന്‍ഷന്‍ വാങ്ങുന്നവര്‍ വരുമാനത്തിന്റെ കാര്യത്തില്‍ രണ്ട് തട്ടിലായി.

അന്ന് വരുമാന പരിധി ഉയര്‍ത്തിയപ്പോള്‍ ഒമ്പത് ലക്ഷം പേരാണ് പുതുതായി പെന്‍ഷന് അര്‍ഹത നേടിയത്. നിലവിലെ വരുമാന പരിധി കര്‍ശനമാക്കുന്നതോടെ അവരില്‍ ഇനിയും പെന്‍ഷന്‍ വാങ്ങുന്ന ഭൂരിഭാഗം പേരും ഒഴിവാക്കപ്പെടും.

പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി താമസിക്കുന്ന വീട്ടിലെ എല്ലാവരുടെയും വാര്‍ഷിക വരുമാനം പരിഗണിക്കും. ഇതില്‍ വിവാഹിതരായ മക്കളുടെ വരുമാനം ഒഴിവാക്കി ശേഷിക്കുന്നത് ആ വ്യക്തിയുടെ കുടുംബ വരുമാനമായി കണക്കാക്കണമെന്നാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം.

അതേസമയം സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള ക്ഷേമ പെന്‍ഷനും വീണ്ടും കുടിശ്ശികയായി. ഡിസംബര്‍, ജനുവരി മാസങ്ങളിലെ പെന്‍ഷന്‍ നല്‍കാന്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഈയാഴ്ച തന്നെ ഇത് തീരുമാനിക്കുമെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.

രണ്ട് മാസത്തേക്ക് 1600 കോടി രൂപ വേണം. ഇതുകൂടി കണക്കിലെടുത്താണ് സംസ്ഥാനം 2000 കോടിയുടെ കടപ്പത്രം ഇറക്കിയത്. ഇതിന്റെ ലേലം ചൊവ്വാഴ്ച നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.