ന്യൂഡൽഹി: അഞ്ച് മാസം നീണ്ടു നിന്ന ഭാരത് ജോഡോ യാത്രക്ക് ഇന്ന് സമാപനം. പതിനൊന്ന് മണിക്കാണ് സമാപന സമ്മേളനം. അതിന് മുന്നോടിയായി ജമ്മു കശ്മീർ പി.സി.സി ഓഫീസിൽ രാവിലെ പത്ത് മണിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പതാക ഉയർത്തും. രണ്ട് മണി വരെ നീളുന്ന സമ്മേളനത്തിൽ 13 പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കും. കനത്ത സുരക്ഷയില്‍ വിപുലമായ ഒരുക്കങ്ങളാണ് സമാപന സമ്മേളനത്തിനായി ക്രമീകരിച്ചിട്ടുള്ളത്.
23 കക്ഷികളില്‍ 13 പാർട്ടികളും സമാപന സമ്മേളനത്തില്‍ പങ്കെടുക്കും എന്നതാണ് ശ്രദ്ധേയം. സി.പി.എം, ജെ.ഡി.യു, ജെ.ഡി.എസ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ പങ്കെടുക്കില്ല. പൊലീസ്, കരസേന, സി.ആര്‍.പി.എഫ് എന്നിവര്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയത്. 
136 ദിവസം പിന്നിട്ട് 4080 കിലോമീറ്ററോളം സഞ്ചരിച്ചാണ് രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര അവസാനിക്കുന്നത്. 2022 സെപ്റ്റംബർ ഏഴിന് ആണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡ യാത്ര കന്യാകുമാരിയില്‍ തുടങ്ങുന്നത്. നാല് ദിവസത്തെ തമിഴ്നാട് പര്യടത്തിന് ശേഷം സെപ്റ്റംബർ പത്തിന് യാത്ര കേരളത്തിൽ പ്രവേശിച്ചു. എംപിയായ സംസ്ഥാനത്ത് വലിയ വരവേല്‍പ്പ് രാഹുലിന് ലഭിച്ചു.
സെപ്റ്റംബർ 30ന് യാത്ര കർണാടകയിലേക്ക് കയറി. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിദ്ധരാമയയ്യേയും ഡി.കെ. ശിവകുമാറിനെയും ചേർത്ത് പിടിക്കാനുള്ള രാഹുലിന്‍റെ ശ്രമമായിരുന്നു യാത്രയിൽ കണ്ടത്. സോണിയ ഗാന്ധി യാത്രയുടെ ഭാഗമായത് രാഹുലിനും പാര്‍ട്ടിക്കും ഊർജ്ജമായി. ബെല്ലാരിയില്‍ വച്ച് യാത്ര ആയിരം കിലോമീറ്റർ പിന്നിട്ടു.
നവംബർ ഏഴിന് മഹാരാഷ്ട്രയില്‍ കടന്നു. സംസ്ഥാനത്തെ സഖ്യകക്ഷികളായ എൻസിപി, ശിവസേന പാര്‍ട്ടികള്‍ യാത്രയില്‍ ഭാഗമായത് കോണ്‍ഗ്രസിന് നേട്ടമായി. 14 ദിവസമാണ് സംസ്ഥാനത്ത് ഭാരത് ജോഡോ യാത്ര പദയാത്ര നടത്തിയത്. ബ്രിട്ടീഷുകാരെ സഹായിക്കുകയായിരുന്നു സവർക്കർ എന്ന രാഹുലിന്‍റെ വിമർശനം ഇവിടെ വച്ചാണ്.
നവംബർ 23 ന് ഭാരത് ജോഡോ മധ്യപ്രദേശില്‍ എത്തി. പ്രിയങ്കഗാന്ധി രാഹുലിനൊപ്പം ചേർന്നത് ഇവിടെ വച്ചാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതീക്ഷ വെക്കുന്ന സംസ്ഥാനത്ത് കമല്‍നാഥിന് ഒപ്പം ശക്തി പ്രകടനത്തിനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. 
ഡിസംബർ നാലിന് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ പ്രവേശിച്ച യാത്രക്കിടെ പരസ്പരം ഏറ്റുമുട്ടുന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും സച്ചിന്‍ പൈലറ്റിനെയും ഒരുമിച്ച് നിര്‍ത്തി പ്രശ്നങ്ങള്‍ ഇല്ലെന്ന് രാഹുല്‍ പ്രകടിപ്പിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെങ്കില്‍ യാത്ര നിര്‍ത്തിവെക്കണെന്ന് ആരോഗ്യമന്ത്രി വിമർശിച്ചതും ഇതിനിടെയാണ്. ഡിസംബർ 13 ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ യാത്രിലെത്തി. 16ന് ഭാരത് ജോഡോ നൂറ് ദിവസം തികച്ചു.
21 ഡിസംബറില്‍ ഹരിയാനയില്‍ കയറി. 24 ന് ഡൽഹിയിൽ പ്രവേശിച്ചു. ചെങ്കോട്ടയില്‍ കോണ്‍ഗ്രസ് വലിയ റാലി സംഘടിപ്പിച്ചു. സിനിമതാരം കമല്‍ ഹാസൻ യാത്രയിലെത്തി. ഇതിന് ശേഷം ഒൻപത് ദിവസത്തെ ഇടവേള. തുടർന്ന് ജനുവരി മൂന്നിന് ഉത്തർപ്രദേശില്‍ പ്രവേശിച്ചു. ജനുവരി പത്തിന് പഞ്ചാബിലെത്തിയ രാഹുല്‍ സുവർണ ക്ഷേത്രം സന്ദർശിച്ചു. യാത്രക്കിടെ എംപി സന്തോക് സിങ് ചൗധരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. 11 ദിവസമായിരുന്നു പഞ്ചാബ് പര്യടനം. 
കശ്മീരില്‍ വച്ചാണ് ഭാരത് ജോഡോയിലെ ഏറ്റവും വലിയ വിവാദം രാഹുലും കോണ്‍ഗ്രസും നേരിട്ടത്. സർജിക്കല്‍ സ്ട്രൈക്കിന് ദിഗ്‍വിജയ് സിങ് തെളിവ് ചോദിച്ചത് ബിജെപി ആയുധമാക്കി. ഒടുവില്‍ രാഹുലിന് ദിഗ്‍വിജയ് സിങിനെ തള്ളിപ്പറയേണ്ടി വന്നു. സമാപിക്കാനിരിക്കെ രാഹുലിന്‍റെ സുരക്ഷ പ്രശ്നം ലാല്‍ ചൗക്കിലെ പതാക ഉയർത്തലുമായിരുന്നു പ്രധാന സംഭവങ്ങള്‍. ഒടുവില്‍ 136 ദിവസം നാലായിരത്തിലധികം പിന്നിട്ട് ജനുവരി മുപ്പതിന് സമാപനം.
യാത്രക്കിടെ നടത്തിയ പൊതുസമ്മേളനങ്ങളിൽ രാഹുൽ കേന്ദ്രത്തെയും ബിജെപിയെയും കടന്നാക്രമിച്ചു. പല വിവാദ വിഷയങ്ങളിലും രാഹുൽ നിലപാട് അറിയിച്ചു. കശ്മീരി പണ്ഡിറ്റുകളെ കാട്ടി വോട്ട് വാങ്ങിയ ബിജെപി അവർക്കായി എന്ത് ചെയ്യതെന്ന ചോദ്യവും അവസാനം ഉയർത്തി. യാത്രക്കിടെ അടുത്ത് എത്തുന്നവരെ കെട്ടിപിടിച്ചും കൈ പിടിച്ചും നടന്നും താൻ അപ്രാപ്യൻ എന്ന പ്രതിഛായയും രാഹുൽ മാറ്റി.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.