അറബ് ഹെല്‍ത്ത് ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ പുരോഗമിക്കുന്നു

അറബ് ഹെല്‍ത്ത് ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ പുരോഗമിക്കുന്നു

ദുബായ്: മധ്യപൂർവ്വ ദേശത്തെ ഏറ്റവും വലിയ ആരോഗ്യ പ്രദർശനമായ അറബ് ഹെല്‍ത്തിന് ദുബായ് വേള്‍ഡ് ട്രേഡ് സെന്‍റർ വേദിയായി. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറബ് ഹെല്‍ത്ത് സന്ദർശിച്ചു. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനൊപ്പമായിരുന്നു ദുബായ് ഭരണാധികാരിയുടെ സന്ദർശനം. അറബ് ഹെല്‍ത്തിന്‍റെ 48 മത് പതിപ്പാണ് ഇത്തവണത്തേത്.

45 രാജ്യങ്ങളിലെ 51,000 ആരോഗ്യ വിദഗ്ധർ മേളയുടെ ഭാഗമാകുന്നുണ്ട്. ആരോഗ്യപരിചരണ മേഖലയിലെ പുതിയ സാങ്കേതിക വിദ്യകള്‍, ഗവേഷണം, പുതിയ ആശയങ്ങള്‍ തുടങ്ങിയവയെല്ലാം പ്രദർശിപ്പിക്കുന്നതിനുളള വേദിയാണ് അറബ് ഹെല്‍ത്തെന്ന് ദുബായ് ഭരണാധികാരി ട്വീറ്റ് ചെയ്തു. ഉദ്ഘാടനത്തിന് ശേഷം, ഷെയ്ഖ് മുഹമ്മദ് ജിഇ ഹെൽത്ത്‌കെയർ, ക്ലീവ്‌ലാൻഡ് ക്ലിനിക്, ഹെൽത്ത്‌കെയർ സ്പെയിൻ, സീമെൻസ്, ഫിലിപ്‌സ് തുടങ്ങി വിവിധ പ്രമുഖ കമ്പനികളുടെ സ്റ്റാളുകള്‍ സന്ദർശിക്കുകയും ചെയ്തു. ന്യൂ​സി​ല​ൻ​ഡ്, സിം​ഗ​പ്പൂ​ർ, തു​നീ​ഷ്യ, ഇ​ന്തോ​നേ​ഷ്യ, എ​സ്​​തോ​ണി​യ തുടങ്ങിയ രാജ്യങ്ങള്‍ ആദ്യമായി ഇത്തവണ അറബ് ഹെല്‍ത്തിന്‍റെ ഭാഗമാകുന്നുണ്ട്.

അത്യാധുനിക ഇമേജിംഗ് ഉപകരണങ്ങള്‍ മുതല്‍ ഏറ്റവും ചെലവ് കുറഞ്ഞ ഡിസ്പോസിബിള്‍ വരെ, ശസ്ത്രക്രിയയിലെ പുതു സങ്കേതങ്ങള്‍ മുതല്‍ പ്രോസ്‌തെറ്റിക്‌സിലെ ഏറ്റവും പുതിയ പുരോഗതി വരെ, പ്രദർശിപ്പിക്കുന്ന മെഗാമേളയാണ് അറബ് ഹെല്‍ത്തെന്ന് ആസ്റ്റർ ഡിഎം ഹെല്‍ത്ത് കെയറിന്‍റെ സ്ഥാപകനും ചെയർമാനുമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ ആസാദ് മൂപ്പന്‍ വിലയിരുത്തി. സാങ്കേതികവിദ്യയെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് ജനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന രീതിയില്‍ ആരോഗ്യപരിരക്ഷാ മേഖലയില്‍ നവീകരണം നടപ്പാക്കാന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ സംരക്ഷണ ദാതാക്കളെ ഉപഭോക്താക്കളിലേക്കും പൊതുജനങ്ങളിലേക്കും അടുപ്പിക്കാന്‍ അറബ് ഹെല്‍ത്ത് സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ പ്രതിരോധമന്ത്രാലയം, അബുദബി ആരോഗ്യവകുപ്പ്, ദുബായ് ഹെല്‍ത്ത് അതോറിറ്റി എന്നിവയെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കുന്ന എമിറേറ്റ്സ് ഹെല്‍ത്തും ഇത്തവണത്തെ പ്രത്യേകതയാണ്. യുഎഇ ശതാബ്ദി 2071 പദ്ധതിക്ക് അനുസൃതമായി സംയുക്തമായി വികസിപ്പിച്ച ദേശീയ ആരോഗ്യ പദ്ധതികൾ പ്രദർശിപ്പിക്കുന്നതിനുള്ള മികച്ച അവസരം അറബ് ഹെൽത്ത് നല്‍കുന്നുവെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൾറഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ് പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിലെ നവീകരണവും സുസ്ഥിരതയും എന്ന പ്രമേയത്തിലാണ് ഇത്തവണ അറബ് ഹെല്‍ത്ത് പുരോഗമിക്കുന്നത്. നാല് ദിവസം നീണ്ടുനില്‍ക്കുന്ന പ്രദർശനം വ്യാഴാഴ്ച സമാപിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.