ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. 2024 ലെ പൊതു തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബജറ്റില്‍ നിരവധി ജനപ്രിയ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഇടത്തരക്കാരുടെ ആദായ നികുതി പരിധിയില്‍ വരുത്തിയ ഇളവാണ് ബജറ്റിലെ മുഖ്യ ആകര്‍ഷണം. ഇതുപ്രകാരം നികുതി നല്‍കേണ്ട പരിധി അഞ്ച് ലക്ഷത്തില്‍ നിന്ന് ഏഴ് ലക്ഷമാക്കി ഉയര്‍ത്തി.
ഇനി മുതല്‍ ഏഴ് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ നികുതി നല്‍കേണ്ടതില്ല. എന്നാല്‍ പുതിയ നികുതി രീതി സ്വീകരിച്ചവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത് എന്നതാണ് പ്രധാന ന്യൂനത. പഴയ രീതി പിന്തുടര്‍ന്നവര്‍ക്ക് ഇളവില്ല.
പുതിയ രീതിയില്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഇല്ല. മൂന്ന് ലക്ഷം മുതല്‍ ആറുലക്ഷം വരെ അഞ്ച് ശതമാനം. ആറ് ലക്ഷം മുതല്‍ ഒന്‍പത് ലക്ഷം വരെ പത്തു ശതമാനം നികുതി. ഒന്‍പത് ലക്ഷം മുതല്‍ 12 ലക്ഷം വരെ 15 ശതമാനം. 12 ലക്ഷം മുതല്‍ 15 ശതമാനം വരെ 20 ശതമാനം. 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം എന്നിങ്ങനെ അഞ്ച് സ്ലാബുകളാക്കിയാണ് പുതിയ പ്രഖ്യാപനം.
ഈ ബജറ്റില്‍ ഏഴ് മുന്‍ഗണനാ ക്രമങ്ങളാണ് വരുത്തിയിട്ടുള്ളത്. എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള വികസനം, കാര്‍ഷിക വികസനം, യുവജന ക്ഷേമം, സാമ്പത്തിക സ്ഥിരത, ലക്ഷ്യം നേടിയെടുക്കല്‍, അടിസ്ഥാന സൗകര്യം, സാധ്യതകളുടെ ഉപയോഗം ഉറപ്പാക്കല്‍ തുടങ്ങിയവയാണ് മുന്‍ഗണനാ ലക്ഷ്യങ്ങള്‍.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പുതിയ നിക്ഷേപ പദ്ധതി
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പുതിയ നിക്ഷേപ പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് മഹിളാ സമ്മാന്‍ സേവിംഗ്സ് പത്ര പദ്ധതി പ്രഖ്യാപിച്ചത്. രണ്ടു വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. രണ്ടു ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 7.5 ശതമാനം വരെ പലിശ ലഭിക്കും.
മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍:
47 ലക്ഷം യുവാക്കള്‍ക്ക് മൂന്ന് വര്‍ഷം സ്‌റ്റൈഫന്‍ഡ് നല്‍കാന്‍ പദ്ധതി.
50 പുതിയ വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരും. ഇതിന്റെ രണ്ട് ലക്ഷം കോടി രൂപയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും.
63,000 പ്രാഥമിക സഹകരണ സംഘങ്ങള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ 2,516 കോടി.
157 നഴ്സിംഗ് കോളേജുകള്‍ സ്ഥാപിക്കും.
2200 കോടി രൂപയുടെ ഹോര്‍ട്ടികള്‍ച്ചര്‍ പാക്കേജ്.
കാര്‍ഷിക വായ്പ 20 ലക്ഷം കോടി.
ഭക്ഷ്യസുരക്ഷയ്ക്ക് 2 ലക്ഷം കോടി രൂപ.
2027ഓടെ അരിവാള്‍ രോഗം പൂര്‍ണമായും തുടച്ച് നീക്കും.
മത്സ്യബന്ധന രംഗത്തെ വികസനത്തിന് 6000 കോടി.
റെയില്‍വേയ്ക്ക് എക്കാലത്തെയും ഉയര്‍ന്ന വിഹിതം 2.40 ലക്ഷം കോടി.
ആദിവാസി ക്ഷേമത്തിന് പദ്ധതികള്‍.
കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി ഡിജിറ്റല്‍ ലൈബ്രറി.
മൂലധന നിക്ഷേപം പത്ത് ലക്ഷം കോടിയായി ഉയര്‍ത്തും.
ആദിവാസി മേഖലയില്‍ 748 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍.
നഗര വികസനത്തിന് 10000 കോടി.
സര്‍ക്കാരുമായുള്ള ഡിജിറ്റല്‍ ഇടപാടിന് പാന്‍ അടിസ്ഥാന രേഖ.
സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള 50 വര്‍ഷത്തെ പലിശ രഹിത വായ്പ ഒരു വര്‍ഷത്തേയ്ക്ക് കൂടി നീട്ടി.
നിര്‍മിത ബുദ്ധിക്ക് മെയ്ക്ക് എ.ഐ ഫോര്‍ ഇന്ത്യ പദ്ധതി. ഗവേഷണത്തിന് മൂന്ന് കേന്ദ്രങ്ങള്‍.
ആത്മനിര്‍ഭര്‍ ക്ലീന്‍ പ്ലാന്റ് പ്രോഗ്രാമിന് 2200 കോടി രൂപ.
5 ജി സേവനം ലഭ്യമാകാകന്‍ 100 ലാബുകള്‍.
ഗതാഗത മേഖലയ്ക്ക് 75000 കോടി.
2070 ഓടെ സീറോ കാര്‍ബണ്‍ വിസരണം.
സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത കൂട്ടാന്‍ മിഷന്‍ കര്‍മ്മ യോഗി.
2030 ഓടെ ഹരിത ഹൈഡ്രജന്‍ ഊര്‍ജ ഉപയോഗം. ഇതിനായി 35000 കോടി.
ഭൗമ സംരക്ഷണത്തിന് പിഎം പ്രണാം പദ്ധതി.
കണ്ടല്‍ക്കാട് സംരക്ഷണത്തിന് മിഷ്ടി പദ്ധതി.
എല്ലാ നഗരങ്ങളിലും അഴുക്കുചാല്‍ വൃത്തിയാക്കാന്‍ യാന്ത്രിക സംവിധാനം വരും.
ആഭ്യന്തര ടൂറിസത്തിന് 'നമ്മുടെ നാട് കാണൂ' പദ്ധതി.
തൊഴില്‍ പരിശീലനത്തിന് കൗശല്‍ വികാസ് യോജന.
ഇടത്തരം ചെറുകിട വ്യവസായങ്ങള്‍ക്കുള്ള ക്രെഡിറ്റ് ഗാരന്റി പദ്ധതിക്ക് 9000 കോടി.
കര്‍ണാടകയ്ക്ക് 5300 കോടിയുടെ വരള്‍ച്ചാ സഹായം.
നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കാന്‍ ബാങ്കിംഗ് നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കും.
2200 കോടി രൂപയുടെ ഹോര്‍ട്ടികള്‍ച്ചര്‍ പാക്കേജ്.
മത്സ്യമേഖലയ്ക്ക് 6,000 കോടി.
ഇ-കോടതികള്‍ തുടങ്ങാന്‍ 7,000 കോടി.
കോംപൗണ്ടഡ് റബര്‍ തീരുവ കൂട്ടി.
വൈദ്യശാസ്ത്ര മേഖലയില്‍ നൈപുണ്യ വികസന പദ്ധതി.
ആദിവാസി മേഖലയില്‍ അരിവാള്‍ രോഗ നിര്‍മാര്‍ജന പദ്ധതി.
10 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം.
വിദ്യാര്‍ഥികള്‍ക്ക് ദേശീയ ഡിജിറ്റല്‍ ലൈബ്രറി.
സംസ്ഥാന സര്‍ക്കാരുകളുടെ പഴയ വാഹനങ്ങള്‍ ഒഴിവാക്കും.
വെഹിക്കിള്‍ സ്‌ക്രാപ്പിങ് നയത്തിന്റെ അടിസ്ഥാനത്തില്‍ സഹായം നല്‍കും.
പാരമ്പര്യ കരകൗശലത്തൊഴിലാളികള്‍ക്ക് പിഎം വിശ്വകര്‍മ കുശല്‍ സമ്മാന്‍.
പ്രാഥമിക സഹകരണസംഘങ്ങളുടെ കംപ്യൂട്ടറൈസേഷന് 2,516 കോടി രൂപ.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസനത്തിനായി മൂന്നു കേന്ദ്രങ്ങള്‍.
5 ജി ആപ്പുകള്‍ വികസിപ്പിക്കാന്‍ എന്‍ജിനീയറിങ് കോളജുകളില്‍ 100 ലാബുകള്‍.
പിഎം ആവാസ് യോജനയ്ക്ക് 79,000 കോടി.
പിഎം ആവാസ് യോജന അടങ്കല്‍ 66 ശതമാനം വര്‍ധിപ്പിച്ചു.
എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും പാന്‍ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കും.
ബിസിനസ് തുടങ്ങാന്‍ ഇരുപതോളം വ്യത്യസ്ത ഐഡികള്‍.
ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക വികസനത്തിന് 15,000 കോടി.
ഗോബര്‍ധന്‍ പദ്ധതിക്ക് 10,000 കോടി രൂപ.
ഗോബര്‍ധന്‍ പദ്ധതിയില്‍ 200 ബയോഗ്യാസ് പ്ലാന്റുകള്‍. 75 എണ്ണം നഗരങ്ങളില്‍.
300 ക്ലസ്റ്റര്‍ അധിഷ്ഠിത പ്ലാന്റുകളും സ്ഥാപിക്കും.
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിക്ഷേപ പരിധി 15 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കി.
മാസ വരുമാനമുള്ളവര്‍ക്കുള്ള നിക്ഷേപ പരിധി 4.5 ലക്ഷത്തില്‍ നിന്ന് ഒമ്പത് ലക്ഷമാക്കി.
ജോയിന്റ് അക്കൗണ്ടുകള്‍ക്കുള്ള നിക്ഷേപ പരിധി ഒമ്പത് ലക്ഷത്തില്‍ നിന്ന് 15 ലക്ഷമാക്കി.
ബജറ്റില്‍ വില കൂടുന്നവ:
സ്വര്‍ണം
വെള്ളി
ഡയമണ്ട്
വസ്ത്രം
സിഗരറ്റ്
ഇലക്ട്രിക് അടുക്കള ചിമ്മിനി
വില കുറയുന്നവ:
ക്യാമറ ലെന്‍സ്
ലിതിയം സെല്‍
ടിവി ഘടകങ്ങള്‍
മൊബൈല്‍ ഫോണ്‍
ഹീറ്റിംഗ് കോയില്‍
ഇലക്ട്രിക് വാഹനങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.