തെരുവിൽ നൃത്തം ചെയ്തതിന് നവദമ്പതികള്‍ക്ക് 10 വര്‍ഷം തടവ് വിധിച്ച് ഇറാനിയന്‍ ഹൈക്കോടതി

തെരുവിൽ നൃത്തം ചെയ്തതിന് നവദമ്പതികള്‍ക്ക് 10 വര്‍ഷം തടവ് വിധിച്ച് ഇറാനിയന്‍ ഹൈക്കോടതി

ടെഹ്‌റാൻ: തെരുവില്‍ നൃത്തം ചെയ്തുവെന്ന കുറ്റത്തിന് നവദമ്പതികള്‍ക്ക് 10 വര്‍ഷവും 6 മാസവും തടവ് ശിക്ഷ വിധിച്ച് ഇറാനിയന്‍ ഹൈക്കോടതി. ഡാൻസിംഗ് കപ്പിൾസ് എന്ന പേരിൽ അറിയപ്പെടുന്ന ആസ്തിയാസ് ഹഖിഖി (21) യും പ്രതിശ്രുത വരന്‍ അമീര്‍ മുഹമ്മദ് അഹമ്മദി (22) യും നവംബര്‍ ആദ്യമാണ് അറസ്റ്റിലായത്.

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ ആസാദി (ഫ്രീഡം) ടവറിന് മുന്നില്‍ നൃത്തം ചെയ്യുന്ന ദമ്പതികളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അഴിമതിയും പൊതു വേശ്യാവൃത്തിയും പ്രോത്സാഹിപ്പിക്കുക, ദേശീയ സുരക്ഷയെ തടസപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഒത്തുകൂടുക, സമ്പ്രദായത്തിനെതിരായ പ്രചരണം എന്നീ കുറ്റങ്ങളാണ് ദമ്പതികള്‍ക്ക് മേൽ ചുമത്തിയിരിക്കുന്നത്.


 അമീര്‍ മുഹമ്മദ് അഹമ്മദി, ആസ്തിയാസ് ഹഖിഖി 

ഇറാന്‍ റിപബ്ലിക്കിന്റെ കര്‍ശനമായ നിയമം അനുസരിച്ച് എല്ലാ സ്ത്രീകളും നിര്‍ബന്ധമായും ശിരോവസ്ത്രം ധരിച്ചിരിക്കണം. എന്നാല്‍ വീഡിയോയില്‍ ആസ്തിയാസ് ശിരോവസ്ത്രം ധരിച്ചിരുന്നില്ല. കൂടാതെ, ഇറാനില്‍ സ്ത്രീകള്‍ക്ക് പുരുഷനോടൊപ്പം പരസ്യമായി നൃത്തം ചെയ്യുന്നതിനുള്ള അവകാശമില്ല.

ശിരോവസ്ത്ര നിയമങ്ങള്‍ ലംഘിച്ചു എന്നാരോപിച്ച് ഇറാന്‍ മത പോലീസ് അറസ്റ്റ് ചെയ്ത മഹ്‌സ അമിനി എന്ന യുവതി കസ്റ്റഡിയില്‍ വെച്ച് കൊലചെയ്യപ്പെട്ടതിനെ തുടർന്ന് രാജ്യത്തെങ്ങും നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന ആളുകൾക്ക് അധികാരികൾ കനത്ത ശിക്ഷയാണ് നൽകുന്നത്. എന്നാൽ തങ്ങളുടെ നൃത്തത്തെ ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങളുമായി ദമ്പതികൾ ബന്ധപ്പെടുത്തിയിരുന്നില്ല.

രണ്ട് ദശലക്ഷത്തോളം ഫോളോവേഴ്‌സുള്ള അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലേക്ക് വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷമാണ് ദമ്പതികളുടെ അറസ്റ്റ്. മാത്രമല്ല ദമ്പതികള്‍ക്ക് ഇറാൻ കോടതി ഇന്റർനെറ്റ് ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തി. ഇറാൻ വിട്ട് പോകുന്നതിനും ഇവർക്കാകില്ല. ഫാഷൻ ഡിസൈനറായി ജോലി ചെയ്യുന്ന ഹഖിഖിയുടെ കുടുംബവീട് അറസ്റ്റിന് മുമ്പ് റെയ്ഡ് ചെയ്തിരുന്നു. അമേരിക്ക ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജന്‍സിയായ ഹ്റാനയാണ് വിവരങ്ങൾ പുറത്ത് വിട്ടത്.

ഇരുവരുടെയും ജാമ്യാപേക്ഷ കോടതി നിരസിക്കുകയും കോടതി നടപടികളില്‍ നിന്ന് അഭിഭാഷകരെ ഒഴിവാക്കുകയും ചെയ്തതായി അവരുടെ കുടുംബത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഏജന്‍സി അറിയിച്ചു. ടെഹ്‌റാന് പുറത്തുള്ള സ്ത്രീകള്‍ക്കായുള്ള കര്‍ചക് ജയിലിലാണ് ആസ്തിയാസ് ഇപ്പോള്‍ ഉള്ളതെന്നും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 22 കാരിയായ മഹ്‌സ അമിനി പോലീസ് കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്ന് രാജ്യത്തെങ്ങും ഭരണകൂടത്തിന് എതിരായ പ്രക്ഷോഭങ്ങള്‍ പൊട്ടിപുറപ്പെട്ടിരുന്നു. സ്ത്രീകൾ ഹിജാബ് അല്ലെങ്കിൽ ശിരോവസ്ത്രം ഉപയോഗിച്ച് മുടി മറയ്ക്കണമെന്ന നിയമം ലംഘിച്ചുവെന്നാരോപിച്ചാണ് മത പോലീസ് ടെഹ്‌റാനിൽ അവരെ അറസ്റ്റ് ചെയ്തത്.

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച താരങ്ങളും പത്രപ്രവര്‍ത്തകരും അഭിഭാഷകരും അടക്കം 15,000 ൽ അധികം പേരെ പോലീസ് അറസ്റ്റ് ചെയ്തു. 26 ദിവസത്തിനുള്ളിൽ ഇറാനിൽ 55 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയെന്ന ഇറാൻ ഹ്യൂമൻ റൈറ്റ്സിൻ്റ ഞെട്ടിക്കുന്ന കണക്കും രണ്ട് ദിവസം മുമ്പ് പുറത്തുവന്നിരുന്നു.

മാത്രമല്ല 107 പേരുടെ വധശിക്ഷ അടുത്ത് തന്നെ വധശിക്ഷ നടപ്പിലാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പ്രക്ഷോഭകരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നത് ത‌ടയാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇത്തരം ഇടപെടൽ വധശിക്ഷാ നടപടികൾ കുറയ്ക്കുന്നതിന് സഹായകമാകുമെന്നും നിർദേശങ്ങൾ ഉയർന്നിട്ടുണ്ട്.

https://twitter.com/Javanmardi75/status/1620457254762975235


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.