അത്യപൂർവ്വ നക്ഷത്രക്കാഴ്ച്ച: 50,000 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന ആകാശവിസ്മയം

അത്യപൂർവ്വ നക്ഷത്രക്കാഴ്ച്ച: 50,000 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന ആകാശവിസ്മയം

മനുഷ്യായുസിൽ ഒരിക്കൽ മാത്രം കാണാനാകുന്ന ഒരു നക്ഷത്രക്കാഴ്ച്ചയാണ് കൊമെറ്റ് c/2022 E3 എന്ന ​പച്ച നിറത്തിലുള്ള വാല്‍നക്ഷത്രം ( ഗ്രീന്‍ കൊമറ്റ്). അത് ഭൂമിയ്ക്ക് ഏറ്റവും അടുത്ത സഞ്ചാരപഥത്തിലേക്ക് എത്തുകയാണ്. നഗ്നനേത്രങ്ങൾ കൊണ്ടു വീക്ഷിക്കാനാകുന്ന വിധം അരികിലേക്കാണ് ഗ്രീൻ കൊമെറ്റ് എത്തുക. അവസാനമായി ശിലായുഗത്തിലാണ് ഈ വാൽനക്ഷത്രം ദൃശ്യമായത്.

50,000 വർഷത്തിലൊരിക്കൽ മാത്രമാണ് ഈ ആകാശവിസ്മയം ദൃശ്യമാകുന്നത്. ജനുവരി 30 മുതൽ ഭൂമിയുമായി ചേർന്ന് പോകുന്ന ഈ പച്ച വാൽ നക്ഷത്രത്തെ ഏറ്റവും നന്നായി കാണാൻ സാധിക്കുക ഇന്ന് (ബുധനാഴ്ച) രാത്രി 7.30 മുതലാണ്. ഈ സമയത്ത് ഭൂമിയിൽ നിന്ന് വെറും 42 മില്യൺ കിലോമീറ്റർ അകലെ മാത്രമായിരിക്കും Comet C/2022 E3 (ZTF) യാത്ര ചെയ്യുക.


ആകാശത്ത് വടക്കു പടിഞ്ഞാറ് ബൂടെസ് നക്ഷത്രങ്ങളുടെ 16 ഡിഗ്രി മുകളിലായായിരിരിക്കും ഇതിന്റെ സ്ഥാനമെന്നാണ് വെതർ ഡോട്ട് കോം റിപ്പോർട്ട് വിശദമാക്കിയിരിക്കുന്നത്. ആകാശത്തിന്റെ വടക്ക് ധ്രുവനക്ഷത്രത്തിന് അല്പം മേലെയായി ഇത് ദൃശ്യമാകും. പച്ച വാൽ നക്ഷത്രമാണങ്കിലും മങ്ങിയ നിറത്തിലായിരിക്കും ഇതിന്റെ കാഴ്ച.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മങ്ങിയ രീതിയിൽ ലോകത്തിന്റെ പലഭാഗങ്ങളിലും ഇത് ദൃശ്യമായിരുന്നു. ഇരുണ്ട ആകാശമുള്ള, പ്രകാശമലിനീകരണം ഒട്ടുമില്ലാത്ത ഇടങ്ങളിൽ നഗ്നനേത്രങ്ങൾ കൊണ്ട് ഇതിനെ കാണാം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പിന്നീട് മാസത്തിന്റെ മധ്യത്തോടെ, ആ വാൽ നക്ഷത്രം ഊർട്ട് മേഘത്തിലേക്ക് തിരികെ പോകും.

കാലങ്ങൾക്കപ്പുറത്ത് നിന്നാണ് വാൽനക്ഷത്രത്തിന്റെ വരവ്. അവസാനമായി ഭൂമിയ്ക്കരികിൽ എത്തിയത് അപ്പർ പാലിയോലിഥിക് കാലഘട്ടത്തിലാണ്. ആ സമയത്ത് ആധുനിക മനുഷ്യൻമാരായ ഹോമോസാപിയൻസും നിയാൻഡർതാലുമാണ് ഭൂമിയിലുണ്ടായിരുന്നതെന്നാണ് ശാസ്ത്രലോകം പറയുന്നത്. അതായത് മനുഷ്യവംശം ആദ്യമായാണു ഗ്രീൻ കൊമറ്റിനെ വീക്ഷിക്കാനൊരുങ്ങുന്നതെന്ന് ചുരുക്കം. ഇനി ഈ വാൽ നക്ഷത്രം ഭൂമിയ്ക്ക് സമീപമെത്തുന്നത് 50,000 വർഷങ്ങൾക്ക് ശേഷമായിരിക്കും.


2022 മാർച്ചിൽ ജൂപ്പിറ്ററിൻറെ ഭ്രമണപഥത്തിലാണു ഗ്രീൻ കൊമെറ്റിനെ ആദ്യമായി കണ്ടെത്തിയത്. പിന്നീട് ഇത് സൂര്യനോട് അടുത്ത് വന്നതോടെ ഉരുകി പോവുകയും തുടർന്ന് ഒരു അസാധാരണമായ വാൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ക്യാമറയിൽ പതിയുമ്പോൾ അതൊരു ഛിന്നഗ്രഹമാണെന്നായിരുന്നു കണക്കുകൂട്ടൽ. ഇന്ത്യയുടെ ഹിമാലയൻ ചാന്ദ്ര ടെലസ്‌കോപ്പിലാണ് വാൽനക്ഷത്രത്തിന്റെ ആദ്യചിത്രങ്ങൾ പകർത്തിയത്.

ആകാശത്തിലൂടെ സഞ്ചരിക്കുമ്പോൾ വാൽനക്ഷത്രത്തിനു പിന്നിലായി മനോഹരമായ ഒരു വര അവശേഷിക്കുന്നുണ്ടെന്നു ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു. നക്ഷത്രത്തിൻറെ പുറംഭാഗം എപ്പോഴും ജ്വലിച്ചു കൊണ്ടിരിക്കുകയാണ്. അതിനാൽതന്നെ ഇതു വീക്ഷിക്കാൻ ടെലസ്‌കോപ്പിൻറെ ആവശ്യമില്ല. കൃത്രിമ വെളിച്ചങ്ങൾ, നിലാവ് തുടങ്ങിയവ ചിലപ്പോൾ ഇതിന്റെ കാഴ്ചയ്ക്ക് തടസ്സമാകുവാനും സാധ്യതയുണ്ട്. സ്പെയിൻ പോലെ വളരെ കുറച്ച് മലിനീകരണത്തോത് വളരെ കുറവുള്ള ഇടങ്ങളിൽ വളരെ എളുപ്പത്തിൽ ഇതിനെ കാണാനാകും.

ഇന്ത്യയിൽ ലഡാക്ക്, കിഴക്കൻ ഇന്ത്യൻ എന്നിവിടങ്ങളിൽ ദൃശ്യമായിരിക്കും. നൈറ്റ് സ്‌കൈ, സ്‌കൈവ്യൂ, സ്‌കൈ ഗൈഡ് പോലുള്ള നക്ഷത്രനിരീക്ഷണ ആപ്പുകളും ഉപയോഗിക്കാവുന്നതാണ്. ധൂമകേതുവിന്റെ ദൃശ്യങ്ങൾ ഇതിനകം ഇന്ത്യയിൽ പകർത്തിയിട്ടുണ്ട്. ഫോട്ടോ ജേണലിസ്റ്റുകളായ രാകേഷ് റൗൾ, മലയ എന്നിവർ ഒഡീഷയിലെ ഭുവനേശ്വറിലും കോരാപുട്ടിലും ധൂമകേതുക്കളുടെ ചിത്രങ്ങൾ പകർത്തിയതായി ഒഡീഷ ടിവി റിപ്പോർട്ട് ചെയ്തു. ടെലി ലെൻസിലൂടെയാണ് ചിത്രങ്ങൾ പകർത്തിയത്.

എന്തുകൊണ്ട് പച്ചനിറം

സൗരയൂഥത്തിന്റെ പ്രാരംഭഘട്ടത്തില്‍ മഞ്ഞുമൂടിയ, പാറക്കെട്ടുകള്‍ അല്ലെങ്കില്‍ വാതക വസ്തുക്കളാണ് ധൂമകേതുക്കള്‍. ചലിച്ചുകൊണ്ടിരിക്കുന്നതിനാല്‍ എപ്പോഴുമൊരു വെളിച്ചം പുറപ്പെടുവിക്കും. കൂടാതെ അവയുടെ വാലറ്റത്തായി ഡയറ്റോമിക് കാര്‍ബണിന്റെയും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ജോഡി കാര്‍ബണ്‍ ആറ്റങ്ങളും ഉണ്ട്. അതിനാല്‍ പിന്നിലായി മഞ്ഞകലര്‍ന്ന തിളക്കം ഉണ്ടാകുന്നു. ഇതിനെയാണ് വാല്‍നക്ഷത്രത്തിന്‍റെ വാലായി വിളിക്കപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.