ബൈബിള്‍ കത്തിച്ച സംഭവം; മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം: കെസിബിസി

ബൈബിള്‍ കത്തിച്ച സംഭവം; മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം: കെസിബിസി

കൊച്ചി: ക്രൈസ്തവ മതഗ്രന്ഥമായ വിശുദ്ധ ബൈബിള്‍ കത്തിച്ച സംഭവത്തില്‍ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് കെസിബിസി. ബൈബിള്‍ ഒരു വര്‍ഗീയവാദി കത്തിച്ച് അതിന്റെ വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദവും സമാധാനവും നശിപ്പിക്കാന്‍ ശ്രമിച്ചത് അത്യന്തം നിര്‍ഭാഗ്യകരവും അപലപനീയവു
മാണ്.

വളരെ സമാധാനപൂര്‍വം ജീവിക്കുന്ന ക്രൈസ്തവ സമൂഹം തങ്ങളുടെ നേരെ വരുന്ന ഇത്തരം പ്രകോപനപരമായ അവഹേളനങ്ങളെയും അധിക്ഷേപങ്ങളെയും ക്രൈസ്തവ ശൈലിയില്‍ അവഗണിച്ചു കളയുന്നതാണ് ഇത്തരക്കാരെ ഇങ്ങനെ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നത്.

ക്രൈസ്തവര്‍ സമാധാനപരമായി തന്നെ സഹവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്. സമൂഹത്തില്‍ മതസ്പര്‍ദ വളര്‍ത്തുന്ന തരത്തിലുള്ള ഒരു പ്രവര്‍ത്തിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. ലോകത്ത് ഒരിടത്തും മതഗ്രന്ഥങ്ങളും മതചിഹ്നങ്ങളും അവഹേളനത്തിന് വിധേയമാക്കപ്പെടരുത് എന്നതാണ് ക്രൈസ്തവ നിലപാട്.

ഇക്കാര്യം ഉറപ്പുവരുത്തേണ്ടത് അതാതു രാജ്യത്തെ പൗരന്മാരുടെ കടമയാണ്. ഭരണാധികാരികളുടെ ഉത്തരവാദിത്വവുമാണ്. ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുള്ളതുപോലെ തന്നെ മതസ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള കടമയും സര്‍ക്കാരിനുണ്ട്.

സമുദായ സ്പര്‍ദ വളര്‍ത്തുന്ന ഇത്തരം വ്യക്തികളെയും പ്രസ്ഥാനങ്ങളെയും രാജ്യത്തിന്റെ നിയമത്തിന്റെ പരിധിയില്‍ നിന്ന് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ബൈബിള്‍ കത്തിച്ചയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണ്.

എന്നാല്‍ അയാള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങി നല്‍കുന്നതിലും സര്‍ക്കാര്‍ മാതൃകാപരമായി പ്രവര്‍ത്തിക്കണം. ഇയാള്‍ക്കുവേണ്ടി വാദിക്കാനും ശിക്ഷയില്‍നിന്ന് അയാളെ രക്ഷിക്കാനും അയാളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശക്തമായി മുന്നോട്ടുവരും.

അതുകൊണ്ടുതന്നെ ജനാധിപത്യ മതേതര സര്‍ക്കാര്‍ മാതൃകാപരമായ നടപടി ക്രമങ്ങളിലൂടെ സമൂഹത്തില്‍ മതസൗഹാര്‍ദ്ദത്തിനും സമാധാനപരമായ സഹവര്‍ത്തിത്വത്തിനും കോട്ടം വരാതിരിക്കാന്‍ ശ്രദ്ധിക്കണം.

വിവിധ രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇത്രയും ഗൗരവമായ ഒരു സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടിട്ടും പരസ്യമായി പ്രതികരിച്ചതായി കണ്ടില്ല എന്നത് ഭയപ്പെടുത്തുന്ന കാര്യമാണെന്നും കെസിബിസി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫാ. ജേക്കബ് ജി പാലക്കാപ്പള്ളി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.