'രാഷ്ട്രീയ കേരളത്തിന്റെ മൗനം ഭയപ്പെടുത്തുന്നു'; വിശുദ്ധ ബൈബിള്‍ കത്തിച്ച സംഭവത്തില്‍ പ്രതികരണവുമായി സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍

'രാഷ്ട്രീയ കേരളത്തിന്റെ മൗനം ഭയപ്പെടുത്തുന്നു'; വിശുദ്ധ ബൈബിള്‍ കത്തിച്ച സംഭവത്തില്‍ പ്രതികരണവുമായി സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍

കൊച്ചി: വിശുദ്ധ ബൈബിള്‍ കത്തിച്ച സംഭവത്തില്‍ രാഷ്ട്രീയ കേരളത്തിന്റെ മൗനം ഭയപ്പെടുത്തുന്നുവെന്ന് സീറോമലബാര്‍ സഭ. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങള്‍ക്കും വിശുദ്ധ വസ്തുക്കള്‍ക്കും നേരെ തുടര്‍ച്ചയായി അവഹേളനങ്ങളും അതിക്രമങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ വ്യക്തമാക്കി.

ക്രിസ്തുമസ് കാലത്ത് ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ വേണ്ടത്ര ഗൗരവത്തോടെ അധികാരികളും പൊതുസമൂഹവും ഇടപെട്ടിരുന്നെങ്കില്‍ ഇപ്പോള്‍ ഉണ്ടായ വിശുദ്ധ ബൈബിള്‍ കത്തിക്കല്ലെന്ന അത്യന്തം ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യം സംഭവിക്കില്ലായിരുന്നുവെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

ക്രൈസ്തവ സമൂഹം പരിപാവനമായി കരുതുന്ന വിശുദ്ധ ബൈബിള്‍ കത്തിക്കുകയും അതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത വ്യക്തിയുടെ നടപടി അങ്ങേയറ്റം അപലപനീയമാണ്. ക്രൈസ്തവ വിശ്വാസികളെ വ്രണപ്പെടുത്തിയ ഈ സംഭവത്തില്‍ കമ്മീഷന്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്ന് പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ വ്യക്തമാക്കി.

കേരളത്തിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ അവഹേളിക്കപ്പെടുകയും അതിക്രമങ്ങള്‍ക്ക് ഇരയാകുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ മാധ്യമങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മൗനം ്അവലംബിക്കുന്നത് ക്രൈസ്തവരുടെ ഇടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും അവരെ ഭയപ്പെടുത്തുകയും ചെയ്യുന്നുവെന്നും കമ്മീഷന്‍ വിലയിരുത്തി.

ബൈബിള്‍ കത്തിച്ചതിനെ കക്ഷിരാഷ്ട്രീയ ഭേദമന്യേ അപലപിക്കുകയും തള്ളിപ്പറയുകയും വേണം. തീവ്രവാദത്തേക്കാള്‍ ഭയാനകമാണ് ജനാധിപത്യത്തിന്റെ തൂണുകള്‍ അതിനോട് സന്ധി ചെയ്യുന്ന തരത്തില്‍ പുലര്‍ത്തുന്ന നിശബ്ദതയും നിസംഗതയുമെന്ന് കമ്മീഷന്‍ വിലയിരുത്തി.

ഫെബ്രുവരി ഒന്നിന് ഓണ്‍ലൈന്‍ ആയി ചേര്‍ന്ന യോഗത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, ബിഷപ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍, കണ്‍വീനര്‍ ബിഷപ് മാര്‍ തോമസ് തറയില്‍, സെക്രട്ടറിമാരായ ഫാ. എബ്രാഹം കാവില്‍പുരയിടത്തില്‍, ജെയിംസ് കൊക്കവയലില്‍ എന്നിവര്‍ സംബന്ധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.