അഭയാർത്ഥി പ്രവാഹം തടയുവാൻ ഫ്രാൻസും യുകെയും കരാർ ഒപ്പിട്ടു

അഭയാർത്ഥി പ്രവാഹം തടയുവാൻ  ഫ്രാൻസും  യുകെയും  കരാർ ഒപ്പിട്ടു

ലണ്ടൻ: ചെറിയ ബോട്ടുകളിൽ യുകെ യിൽ എത്തുമെന്ന പ്രതീക്ഷയിൽ അഭയാർഥികളും കുടിയേറ്റക്കാരും ഉപയോഗിക്കുന്ന കടൽമാർഗ്ഗം അടയ്ക്കുന്നതിന് സാങ്കേതിക വിദ്യ ശക്തിപ്പെടുത്തികൊണ്ട് പട്രോളിംഗ് ഉയർത്തുവാൻ യുണൈറ്റഡ് കിംഗ്ഡവും ഫ്രാൻസും പുതിയ കരാർ ഒപ്പിട്ടു.

ശനിയാഴ്ച ഒപ്പുവച്ച കരാർ പ്രകാരം ഫ്രഞ്ച് ബീച്ചുകളിൽ പട്രോളിംഗ് നടത്തുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ഇരട്ടിയാകുമെന്നും ഡ്രോണുകളും റഡാറും ഉൾപ്പെടെയുള്ള പുതിയ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുമെന്നും യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. കൂടാതെ ഫ്രഞ്ച് സുരക്ഷാ ഏജൻസിയും ബ്രിട്ടീഷ് ഏജൻസികളും തമ്മിൽ രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കുവാനും സംവിധാനം ഉണ്ട്.

എന്നാൽ കരാറിനെ ആംനസ്റ്റി ഇന്റർനാഷണൽ നിരാശാജനകം എന്നാണ് വിശേഷിപ്പിച്ചത്. ഇങ്ങനെയുള്ള കടൽ യാത്രകൾ അവസാനിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം യുകെയിൽ ആളുകൾക്ക് അഭയം തേടുന്നതിന് സുരക്ഷിതമായ വഴികൾ നൽകുകയെന്നതാണ് എന്ന് വിവിധ, മനുഷ്യാവകാശ സംഘടനകൾ അഭിപ്രായപ്പെട്ടു.

ഈ വർഷം, വടക്കൻ ഫ്രാൻസിലെ താൽക്കാലിക ക്യാമ്പുകളിൽ നിന്ന് നൂറുകണക്കിന് ആളുകൾ തെക്കൻ ഇംഗ്ലണ്ടിലേക്ക് അനധികൃതമായി കപ്പൽപാതയിലൂടെ റബ്ബർ ബോട്ടുകളിൽ കടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട് . ഈ മനുഷ്യക്കടത്ത് ഇല്ലാതാക്കുവാൻ ആണ് ഫ്രാൻസും ബ്രിട്ടനും തമ്മിൽ കൈകോർക്കുന്നത്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതയിലൂടെയുള്ള യാത്രകൾ പലതും ദുരന്തത്തിലാണ് അവസാനിക്കുന്നത് . ഈ വർഷം ഇതുവരെ 5,000 അനധികൃത കുടിയേറ്റക്കാരെ ഫ്രഞ്ച് അധികൃതർ തടഞ്ഞതായി പട്ടേൽ ബ്രിട്ടീഷ് മാധ്യമങ്ങളോട് പറഞ്ഞു.കുടിയേറ്റ പ്രശ്നം പരിഹരിക്കുന്നതിനായി കഴിഞ്ഞ 10 വർഷത്തിനിടെ യുകെ ഫ്രാൻസിന് 150 ദശലക്ഷം പൗണ്ട് (177.9 മില്യൺ ഡോളർ) നൽകിയതായി പട്ടേൽ അറിയിച്ചു.

ചെറിയബോട്ടുകൾ കൂടാതെ ചരക്കു ഗതാഗത മാർഗ്ഗങ്ങളും അഭയാർത്ഥികളും കുടിയേറ്റക്കാരും അതിർത്തി  കടക്കാൻ    ഉപയോഗിക്കുന്നതിനാൽ ഫ്രാൻസ് അതിർത്തി സുരക്ഷയും കർശനമാക്കിയിട്ടുണ്ട് .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.