പെഷാവർ പള്ളി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 17 പേർ അറസ്റ്റിൽ: ചാവേർ വന്നത് പൊലീസ് യൂണിഫോമിൽ; ഉണ്ടായത് വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്

പെഷാവർ പള്ളി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 17 പേർ അറസ്റ്റിൽ: ചാവേർ വന്നത് പൊലീസ് യൂണിഫോമിൽ; ഉണ്ടായത് വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്

പെഷാവർ: പാകിസ്ഥാനിലെ പെഷവാറിലെ പള്ളിയിൽ 97 പൊലീസുകാരടക്കം 101 കൊല്ലപ്പെടുകയും 230 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 17 പേരെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്യലിന് പ്രത്യേക കേന്ദ്രങ്ങളിലേക്കു മാറ്റി.

ചാവേറാക്രമണത്തിന് സഹായം ചെയ്തവർ അടക്കമാണ് പിടിയിലായതെന്ന് സുരക്ഷ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം ആക്രമണം നടത്തുമ്പോൾ പ്രാഥമിക റിപ്പോർട്ട് പ്രകാരം ചാവേർ എന്ന് സംശയിക്കുന്ന മുഹമ്മദ് അയാസ് പൊലീസ് യൂണിഫോമും ഹെൽമറ്റും ധരിച്ചിരുന്നു. തിങ്കളാഴ്ച ആക്രമണം നടന്ന സമയത്ത് നാനൂറോളം പേരാണ് പള്ളിയിലുണ്ടായിരുന്നത്. സ്ഫോടനത്തില്‍ പള്ളിയുടെ ഒരു ഭാഗം പാടേ തകര്‍ന്നിരുന്നു.

ചാവേർ പൊലീസ് യൂണിഫോം ധരിച്ചിരുന്നെന്നും സ്‌ഫോടനത്തിന് പിന്നിലെ തീവ്രവാദ സ്രോതസിനെ പൊലീസ് തകർത്തുകൊണ്ടിരിക്കുകയാണെന്നും ഖൈബർ പഖ്തൂൺഖ്വ പൊലീസ് മേധാവി മൊഅസ്സം ജാ അൻസാരി പറഞ്ഞു. പള്ളിയിലെ പ്രാർത്ഥനാ ഹാളിന്റെ മതിൽ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായത്.


പെഷവാർ സ്‌ഫോടനത്തിൽ ചാവേറായി എത്തിയെന്ന് സംശയിക്കുന്ന മുഹമ്മദ് അയാസ്

മസ്ജിദിനുള്ളിൽ ഉണ്ടായിരുന്നവർ കൊല്ലപ്പെട്ടത് സുരക്ഷാ വീഴ്ചയാണ്. അക്രമി പൊലീസ് വേഷത്തിലായതിനാൽ ഉദ്യോഗസ്ഥർക്ക് പരിശോധിക്കാൻ കഴിഞ്ഞില്ലെന്നത് പൊലീസിന്റെ വീഴ്ചയായി കണക്കാക്കുന്നെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.

സ്‌ഫോടനം നടന്ന സ്ഥലത്തുനിന്നും കണ്ടെടുത്ത ശരീരം ഛേദിക്കപ്പെട്ട തല സ്‌ഫോടനം നടത്തിയയാളുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാൾ മാസ്‌കും ഹെൽമറ്റും ധരിച്ചിരുന്നു. സിസിടിവി ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്ന് അക്രമി ആരാണെന്ന് വ്യക്തമായിട്ടുണ്ട്. ചാവേർ ഒരു മോട്ടോർ സൈക്കിളിൽ പ്രധാന ഗേറ്റ് കടന്ന് അകത്തു വന്ന് ഒരു കോൺസ്റ്റബിളുമായി സംസാരിച്ചു.

പള്ളി എവിടെയാണെന്ന് ചോദിച്ചു. ഇതിനർത്ഥം ആ പ്രദേശത്തെക്കുറിച്ച് അക്രമിക്ക് അറിവുണ്ടായിരുന്നില്ല എന്നാണ്. അയാൾക്ക് പിന്നിൽ ഒരു വലിയ നെറ്റ് വർക്ക് ഉണ്ടെന്ന് വ്യക്തമാണെന്ന് പൊലീസ് മേധാവി അൻസാരി വ്യക്തമാക്കി.

പെഷവാർ നഗരത്തിലെ ഏറ്റവും കർശനമായ നിയന്ത്രണത്തിലുള്ള ഒരു പ്രദേശത്ത് എങ്ങനെയാണ് വലിയ സുരക്ഷാ വീഴ്ച സംഭവിച്ചതെന്ന് അധികൃതർ അന്വേഷിക്കുകയാണ്. ഇന്റലിജൻസ്, തീവ്രവാദ വിരുദ്ധ ബ്യൂറോകൾ, റീജിയണൽ സെക്രട്ടേറിയറ്റ് എന്നിവയെല്ലാം ഉള്ളതിനടുത്താണ് ഇത്രയും വലിയ സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്.

2021 ൽ അഫ്ഗാൻ താലിബാൻ കാബൂൾ പിടിച്ചടക്കിയതിന് ശേഷം പ്രദേശത്ത് വീണ്ടും അക്രമങ്ങൾ വർധിച്ചിരിക്കുകയാണ്. നിരവധി വർഷത്തിനിടയിൽ പാകിസ്ഥാനിൽ ഉണ്ടാവുന്ന ഏറ്റവും മാരകമായ ആക്രമണമാണ് പെഷവാറിൽ ഉണ്ടായത്.

അതേസമയം, രാജ്യത്തെ ഭീകരപ്രവർത്തകർക്കെതിരെ കർക്കശ നടപടി സ്വീകരിക്കുമെന്ന് സൈനിക മേധാവി ജനറൽ അസീം മുനീർ പറഞ്ഞു. ഭീകരസംഘടനകളോടും ഭീകരപ്രവർത്തകരോടും ഒരു സഹിഷ്‍ണുതയും കാണിക്കില്ല. പാകിസ്താൻ താലിബാൻ അടക്കം ഭീകരസംഘടനകളെ തകർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

താലിബാന്റെ പാക് മുഖമായ തെഹ്‌രീകെ താലിബാന്‍ പാകിസ്താനാണ് (ടി.ടി.പി.) ആക്രമത്തിനു പിന്നിലെന്ന് സ്ഥിരീകരിച്ചു. ഓഗസ്റ്റില്‍ അഫ്ഗാനിസ്താനില്‍ തന്റെ സഹോദരന്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണിതെന്ന് ടി.ടി.പി. കമാന്‍ഡര്‍ ഉമര്‍ ഖാലിദ് ഖുറസാനി പ്രതികരിച്ചു. അഫ്ഗാന്‍ അതിര്‍ത്തിപ്രദേശത്തെ അതിസുരക്ഷാ മേഖലയിലാണ് പള്ളി. ത്രിതല സുരക്ഷാ വലയം മറികടന്നാണ് ചാവേര്‍ പള്ളിക്കകത്ത് പ്രവേശിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.