തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് തുരങ്കം വെയ്ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ്.എം പിമാര്‍ക്ക് പ്രതിരോധം തീര്‍ക്കാനായില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. വികസനം തടയാന്‍ ബിജെപിയും കോണ്‍ഗ്രസും കേന്ദ്രത്തോട് ആവശ്യപ്പെടുന്നതായും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേരളം കടക്കെണിയില്‍ ആണെന്ന് കുപ്രചരണം നടക്കുന്നുണ്ട്. കേന്ദ്ര അനുമതിയോട് കൂടെയാണ് കോവിഡ് കാലത്ത് വായ്പ എടുത്തത്. എന്നാലത് ധൂര്‍ത്തായി ചിത്രീകരിക്കപ്പെട്ടു. മരുമക്കത്തായ കാലത്തെ ഹൃദയശൂന്യരായ അമ്മാവന്മാരെ പോലെയാണ് കേന്ദ്രത്തിന്റെ പെരുമാറ്റം. പ്രതിപക്ഷ കുപ്രചരണങ്ങള്‍ ജനം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന വികസനത്തിന് തടയിടാനായി കേന്ദ്രം കിഫ്ബിയെ പൂട്ടിക്കാനായുള്ള ശ്രമം നടത്തുമ്പോള്‍ അതിനെതിരെ പ്രവര്‍ത്തിക്കാന്‍ ഒരു പ്രതിപക്ഷം ഇല്ല എന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിനെ പ്രതിനിധീകരിക്കുന്ന യു.ഡി.എഫ്.എംപിമാരുടെ നിലപാടിനെ ദൗര്‍ഭാഗ്യകരം എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി ഇവിടെ നിന്ന് പോയ 18 എംപിമാര്‍ എന്താണ് ചെയ്തതെന്നും ചോദിച്ചു. ഇതിന്റെ കുറ്റവിചാരണയെന്നോണം വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം കരിയില പോലെ പറന്ന് പോകുമെന്നും അദ്ദേഹം പറഞ്ഞു.
മുടക്കു നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസും അതിന് അനുകൂല നിലപാട് സ്വീകരിക്കുന്ന ബിജെപിയും തമ്മില്‍ അവിശുദ്ധ ബന്ധമുളളതായും പിണറായി വിജയന്‍ വിമര്‍ശനം ഉന്നയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v