ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പും ഫെലോഷിപ്പും പുനസ്ഥാപിക്കില്ല: സ്മൃതി ഇറാനി

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പും ഫെലോഷിപ്പും പുനസ്ഥാപിക്കില്ല: സ്മൃതി ഇറാനി

ന്യൂഡല്‍ഹി: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പും മൗലാനാ ആസാദ് ഫെല്ലോഷിപ്പും പുനസ്ഥാപിക്കുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനി. സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കിയത് സംബന്ധിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാരായ കെ.മുരളീധരനും ടി.എന്‍. പ്രതാപനും പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് സ്‌കോളര്‍ഷിപ്പുകള്‍ പുനസ്ഥാപിക്കാന്‍ ആലോചനയില്ലെന്ന് സ്മൃതി ഇറാനി രേഖാമൂലം മറുപടി നല്‍കിയത്. മറ്റ് മന്ത്രാലയങ്ങള്‍ നടപ്പിലാക്കുന്ന സമാനമായ സ്‌കോളര്‍ഷിപ്പ് പദ്ധതികളുമായി സമന്വയിപ്പിക്കുന്നതിനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. 

എട്ടാം ക്ലാസ് വരെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയതും ഉന്നത വിദ്യാഭ്യാസത്തിനുള്ള മൗലാനാ ആസാദ് ഫെല്ലോഷിപ്പ് അവസാനിപ്പിച്ചതും പുനസ്ഥാപിക്കുമോ എന്ന ചോദ്യത്തിനായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി എട്ടാം ക്ലാസുവരെ വിദ്യാഭ്യാസം സൗജന്യമാണ്. അതുകൊണ്ട് തന്നെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലേക്ക് നല്‍കിയിരുന്ന പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് എട്ടാം ക്ലാസുവരെ നല്‍കേണ്ട ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

യുജിസിയുടെ ജെആര്‍എഫ് പദ്ധതി, സാമൂഹിക നീതി മന്ത്രാലയത്തിന്റെയും ഗോത്രകാര്യ മന്ത്രാലയത്തിന്റെയും ദേശീയ ഫെല്ലോഷിപ്പുകള്‍ എന്നിവ ഉന്നത വിദ്യാഭ്യസത്തിനായുണ്ട്. ഇവയുടെ ആനുകൂല്യം ന്യൂനപക്ഷങ്ങള്‍ ലഭിക്കുന്നതിനാല്‍ മൗലാന ആസാദ് ഫെല്ലോഷിപ്പിന്റെ ആവശ്യമില്ലെന്നും എംപിമാര്‍ക്കുള്ള മറുപടി രേഖയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. 

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളത്തിലും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച ചോദ്യങ്ങളോട് ഇതേ നിലപാടായിരുന്നു കേന്ദ്രം അറിയിച്ചത്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റിലും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് കുത്തനെ വെട്ടിക്കുറച്ചിരുന്നു. ഒബിസി, ഇബിസി, ഡിഎന്‍ടി എന്നിവയ്ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് വിഹിതം 41 ശതമാനമാണ് വെട്ടിക്കുറച്ചത്. 

പട്ടിക ജാതിക്കാര്‍ക്കുള്ള ദേശീയ ഫെലോഷിപ്പ് 173 കോടിയില്‍ നിന്ന് 163 കോടിയായി കുറച്ചു. ഒബിസി ഫെലോഷിപ്പുകള്‍ക്ക് ലഭിച്ചത് 57 കോടി രൂപ മാത്രമാണ്. പട്ടിക വര്‍ഗക്കാര്‍ക്കുള്ള ദേശീയ ഫെലോഷിപ്പിന് 145 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് വിഹിതം 992 കോടിയായി കുറച്ചു. കഴിഞ്ഞ തവണ ഇത് 1425 കോടിയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.