നിലവിളി കേട്ട് നിസഹായരായി നാട്ടുകാര്‍; എന്തെങ്കിലും ചെയ്യാനാകും മുമ്പ് റീഷയും പ്രജിത്തും മരണത്തിന് കീഴടങ്ങി

നിലവിളി കേട്ട് നിസഹായരായി നാട്ടുകാര്‍; എന്തെങ്കിലും ചെയ്യാനാകും മുമ്പ് റീഷയും പ്രജിത്തും മരണത്തിന് കീഴടങ്ങി

കണ്ണൂര്‍: ഓടികൊണ്ടിരുന്ന കാര്‍ കത്തി ഗര്‍ഭിണിയടക്കം രണ്ട് പേര്‍ മരിച്ചു. നാല് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഗര്‍ഭിണിയായ യുവതിയും കാറോടിച്ച ഭര്‍ത്താവുമാണ് മരിച്ചത്. കുറ്റിയാട്ടൂര്‍ സ്വദേശികളായ റീഷ(26), ഭര്‍ത്താവ് പ്രീജിത്ത്(32) എന്നിവരാണ് മരിച്ചത്. യുവതിയെ പ്രസവത്തിന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരന്നു അപകടം.

കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കാര്‍ ജില്ലാ ആശുപത്രിയിലേക്ക് എത്താന്‍ 300 മീറ്റര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് അഗ്നിഗോളമായത്. അതേദിശയില്‍ വരികയായിരുന്ന ബൈക്ക് യാത്രക്കാരന്‍ സജീറത്തും വാനില്‍ യാത്ര ചെയ്ത അഞ്ച് യാത്രക്കാരും കാറില്‍ നിന്ന് തീ ഉയരുന്നത് കണ്ട് വാഹനങ്ങള്‍ നിര്‍ത്തി കാറിനടുത്തേക്ക് ഓടിയെത്തി മുന്‍ ഭാഗത്തെ ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

സീറ്റിനടിയില്‍ നിന്ന് ഉയരുന്ന തീയുടെ മുകളില്‍ ഇരിക്കുന്ന പ്രജിത്തിനെയും റീഷയെയും നോക്കി പിന്‍സീറ്റിലിരുന്ന് നിലവിളിക്കുന്ന മകള്‍ ശ്രീപാര്‍വതി, റിഷയുടെ മാതാപിതാക്കളായ വിശ്വനാഥന്‍, ശോഭന, ഇളയമ്മ സജിന എന്നിവരെ ഇതിനിടെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. എന്നാല്‍ മുന്‍വശത്തെ ഡോര്‍ തുറക്കാന്‍ കഴിയാതിരുന്നതോടെ പ്രജിത്തും റീഷയും മരണത്തിന് കീഴടങ്ങുകയായിരുന്നു.

കാറിനുള്ളിലുണ്ടായിരുന്നവര്‍ പ്രാണവേദന കൊണ്ട് കരഞ്ഞ് വിളിച്ചെങ്കിലും രക്ഷിക്കാന്‍ കഴിയാതെ നിസഹായരായി കണ്ടു നില്‍ക്കേണ്ടിവന്നുവെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസും ഫയര്‍ ഫോഴ്‌സും സംഭവസ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.

ഒഴിവാക്കപ്പെടാമായിരുന്ന പിഴവ്

ചിലപ്പോള്‍ നാം നിസ്സാരം എന്നു കരുതി അവഗണിക്കുന്ന കാര്യങ്ങളായിരിക്കും വലിയ അപകടത്തിലേക്ക് വഴിതെളിക്കുക.  വാഹനത്തിലെ യാത്രക്കാരന്റെയോ ഡ്രൈവറുടെയോ അശ്രദ്ധ, കൈപ്പിഴവ്, സാങ്കേതിക തകരാര്‍ എന്നിവ തീപിടിത്തത്തിനു കാരണമായേക്കാം. ഇലക്ട്രിക്കല്‍ തകരാര്‍ ആണ് മറ്റൊരു പ്രധാന കാരണം. വാഹനങ്ങളുടെ ഇലക്ട്രിക്കല്‍ പാര്‍ട്ടുകളില്‍ വരുത്തുന്ന മാറ്റവും ഇതിന് വഴിയൊരുക്കും. പലപ്പോഴും വാഹനങ്ങള്‍ തീപിടിക്കാനുള്ള പ്രധാന കാരണം 'ഷോര്‍ട്ട് സര്‍ക്യൂട്ട്' ആണ്. ഇതു തന്നെയാണ് കണ്ണൂരിലും സംഭവിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടിന് മുമ്പ് 'ഫ്യൂസ്' എരിഞ്ഞമരും.

സ്വാഭാവികമായും ഫ്യൂസ് എരിഞ്ഞമര്‍ന്നതിന്റെ കാരണം മനസ്സിലാക്കി, അവിടെയാണ് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത്. പക്ഷേ ഇതിന് ശ്രമിച്ചില്ല. ഇതാണ് വന്‍ തീയായി മാറിയത്. ചിലപ്പോഴൊക്കെ വാഹനത്തില്‍നിന്നു പ്ലാസ്റ്റിക്കോ റബറോ കത്തിയ മണം വരും. ഇത് അവഗണിക്കാതെ, വാഹനം എന്‍ജിന്‍ ഓഫാക്കി നിര്‍ത്തി ഇറങ്ങി ദൂരെമാറിനിന്ന് സര്‍വീസ് സെന്ററുമായി ബന്ധപ്പെടുക. ഇത് ചെയ്യാതെ വാഹനവുമായി പോയതാണ് ദുരന്തമായത്.

സീല്‍ പൊട്ടിയതോ കൃത്യമല്ലാത്തതോ ആയ വയറിങ്ങും ഷോര്‍ട്ട് സര്‍ക്യൂട്ടിനു കാരണമാകാം. എന്‍ജില്‍ ഓയില്‍, ഇന്ധനം എന്നിവ പോലെ തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കളുടെ ചോര്‍ച്ചയും അപകടം ക്ഷണിച്ചു വരുത്തിയേക്കാം. ഫ്യൂവല്‍ ഇന്‍ജക്ടര്‍, ഫ്യൂവല്‍ പ്രെഷര്‍ റെഗുലേറ്റര്‍ എന്നിവയിലുണ്ടാകുന്ന തകരാര്‍ മൂലം ഇന്ധനം ലീക്കാകാം. ഇത്തരത്തില്‍ ചോരുന്ന ഇന്ധനം ഇഗ്നീഷ്യന്‍ സോഴ്സുമായി ചേര്‍ന്നാല്‍ പെട്ടെന്നു തീപിടിക്കും. ശരിയായി കണക്ട് ചെയ്യാത്ത ബാറ്ററി, സ്റ്റാര്‍ട്ടര്‍, തുടങ്ങി സ്റ്റീരിയോ പോലും ചിലപ്പോള്‍ തീപിടുത്തത്തിനു കാരണമായേക്കാം. എളുപ്പം തീപിടിക്കാവുന്ന വസ്തുക്കള്‍ വാഹനങ്ങളില്‍ കൊണ്ടുപോകരുത്. വാഹനങ്ങളില്‍ ഇരുന്ന് പുകവലിക്കരുത്. കൃത്യമായ മെയിന്റനന്‍സ് വാഹനങ്ങള്‍ക്കു നല്‍കണം.

വാഹനത്തില്‍ തീ പിടിക്കുന്നുവെന്ന് കണ്ടാല്‍ ആദ്യം വാഹനം ഓഫാക്കുക. വാഹനത്തില്‍നിന്നു സുരക്ഷിത അകലം പാലിക്കുക. ഒരിക്കലും സ്വയം തീ അണയ്ക്കാന്‍ ശ്രമിക്കരുത്. കാരണം വാഹനത്തിന്റെ ഘടകങ്ങളില്‍ തീ പിടിക്കുന്നതുമൂലം വിഷമയമായ വായു പ്രവഹിക്കാം, അത് നിങ്ങളുടെ ജീവനു തന്നെ അപകടം വരുത്താം. ബോണറ്റിനകത്താണു തീപിടിക്കുന്നതെങ്കില്‍ ബോണറ്റ് ഉയര്‍ത്താന്‍ ശ്രമിക്കരുത്. അതു തീ കൂടുതല്‍ പടരാന്‍ കാരണമാകും. ഓക്‌സിജനുമായി കൂടുതല്‍ സമ്പര്‍ക്കത്തിലെത്തുന്നതാണ് ഇതിനു കാരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.