ചൈനയുടെ അധിനിവേശ ഭീഷണി; 30 വര്‍ഷങ്ങള്‍ക്കു ശേഷം സോളമന്‍ ദ്വീപുകളില്‍ എംബസി തുറന്ന് അമേരിക്ക

ചൈനയുടെ അധിനിവേശ ഭീഷണി; 30 വര്‍ഷങ്ങള്‍ക്കു ശേഷം സോളമന്‍ ദ്വീപുകളില്‍ എംബസി തുറന്ന് അമേരിക്ക

സിഡ്‌നി: പസഫിക് മേഖലയില്‍ അധിനിവേശ ഭീഷണി ഉയര്‍ത്തുന്ന ചൈനയെ പ്രതിരോധിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി അമേരിക്ക സോളമന്‍ ദ്വീപുകളില്‍ എംബസി തുറന്നു. തലസ്ഥാനമായ ഹൊനിയാരയിലാണ് എംബസി പ്രവര്‍ത്തിക്കുന്നത്. 30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അമേരിക്ക ഈ ദ്വീപ് രാജ്യത്ത് എംബസി തുറക്കുന്നത്.

1993 ല്‍ അടച്ചുപൂട്ടുന്നതിന് മുമ്പ് അഞ്ച് വര്‍ഷം സോളമന്‍ ദ്വീപുകളില്‍ യുഎസ് എംബസി പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സോളമന്‍ ദ്വീപുകളുമായി ചൈന സുരക്ഷാ സഹകരണ ഉടമ്പടിയില്‍ ഒപ്പുവച്ചിരുന്നു. പൊലീസ്, സൈനിക സഹകരണത്തിനാണു കരാറെങ്കിലും ചൈന അവിടെ സൈനിക താവളം തുറന്നേക്കുമോ എന്ന് ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും യുഎസും ആശങ്കപ്പെടുന്നു. പസഫിക് ലക്ഷ്യം വെച്ചുള്ള ചൈനയുടെ നീക്കങ്ങള്‍ പ്രതിരോധിക്കാനുള്ള നടപടിയുടെ ഭാഗമാണ് വീണ്ടും എംബസി തുറന്നത്.

കഴിഞ്ഞ വര്‍ഷം യുഎസ് നയതന്ത്രജ്ഞര്‍ ഈ പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ തന്നെ പസഫിക് ദ്വീപ് രാഷ്ട്രത്തില്‍ ഒരു നയതന്ത്ര ദൗത്യം ആരംഭിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. ശീത യുദ്ധാനന്തരമുള്ള ബജറ്റ് വെട്ടിച്ചുരുക്കലുകളുടെ ഭാഗമായി 1993 ലാണ് സോളമന്‍ ദ്വീപുകളിലെ എംബസി അമേരിക്ക അടച്ചുപൂട്ടിയത്. പാപ്പുവാ ന്യൂ ഗിനിയ ആസ്ഥാനമാക്കിയുള്ള അംബാസിഡര്‍ ആണ് പിന്നീട് അമേരിക്കയെ പ്രതിനിധീകരിച്ചത്.

ജനുവരി 27 മുതല്‍ പുതിയ എംബസി ഔദ്യോഗികമായി ആരംഭിച്ചതായി യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ അറിയിച്ചു. എംബസി തുറക്കുന്നതിലൂടെ മേഖലയിലുടനീളം കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്ഥരെ നിയമിക്കുക മാത്രമല്ല, തങ്ങളുടെ അയല്‍ക്കാരായ പസഫിക് ദ്വീപുമായി ബന്ധം ദൃഢമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മൊത്തം 990 ദ്വീപുകളുടെ സമൂഹമാണ് സോളമന്‍ ദ്വീപുകള്‍. 28,400 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട് ഈ രാജ്യത്തിന്. ഓസ്‌ട്രേലിയ്ക്കും ന്യൂസീലന്‍ഡിനും സമീപമുള്ള രാജ്യമായതിനാല്‍ ഇവിടുത്തെ രാഷ്ട്രീയ ചലനങ്ങള്‍ ഇരു രാജ്യങ്ങളെയും ബാധിക്കാറുണ്ട്.

സെപ്റ്റംബറില്‍ നടന്ന വാഷിങ്ടണ്‍ ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പസഫിക് ദ്വീപ് നേതാക്കളെയും പങ്കെടുപ്പിച്ചിരുന്നു. ദ്വീപ് നിവാസികളുടെ ആവശ്യങ്ങള്‍ പരിഹരിക്കുമെന്നും ചൈനയുടെ സാമ്പത്തിക ആധിപത്യം ഇല്ലാതാക്കാനായി കഠിനമായി പരിശ്രമിക്കുമെുന്നും അമേരിക്ക ഉറപ്പ് നല്‍കിയിട്ടുണ്ട്. വാഷിങ്ടണും 14 പസഫിക് ദ്വീപ് രാഷ്ട്രങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനായി സംയുക്ത പ്രഖ്യാപനം നടത്തിയിരുന്നു.

പ്രധാനമന്ത്രി മനാസെ സൊഗവാരെയുടെ കീഴിലുള്ള സോളമന്‍ സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട രേഖകളിലൊന്നും ഒപ്പിടില്ലെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇത് ചൈനയുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ പിന്നീടദ്ദേഹം നിലപാടില്‍ മാറ്റം വരുത്തി.

മൂന്ന് പ്രധാന പസഫിക് ദ്വീപ് രാഷ്ട്രങ്ങളായ മാര്‍ഷല്‍ ദ്വീപുകള്‍, ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ, പലാവു എന്നിവയുമായുള്ള സഹകരണ കരാറുകള്‍ പുതുക്കുന്നത് സംബന്ധിച്ച് വാഷിങ്ടണ്‍ ചര്‍ച്ചകള്‍ നടത്തിവരുന്നതിനിടെയാണ് ദ്വീപില്‍ എംബസി വീണ്ടും തുറക്കുന്നത്. മാര്‍ഷല്‍ ദ്വീപുകളുമായും പലാവുമായും കഴിഞ്ഞ മാസം അമേരിക്കന്‍ ഭരണകൂടം ധാരണാപത്രങ്ങളില്‍ ഒപ്പുവയ്ക്കുകയും യു.എസിന്റെ ഭാവി സാമ്പത്തിക സഹായങ്ങളില്‍ അവരുമായി സമവായത്തിലെത്തുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.