ന്യൂഡല്‍ഹി: കേരളത്തിന് സില്‍വര്‍ ലൈന്‍ പദ്ധതി ഉണ്ടാകില്ലെന്ന് സൂചന നല്‍കി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സില്‍വര്‍ ലൈന്‍ സംബന്ധിച്ച് കെ റെയില്‍ സമര്‍പ്പിച്ച കണക്ക് യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാത്തതാണെന്ന് വ്യക്തമാക്കിയ മന്ത്രി കേരളത്തിന് വന്ദേ ഭാരത് ട്രെയിന്‍ അനുവദിക്കുമെന്നും ഉറപ്പ് നല്‍കി.
കേന്ദ്ര ബജറ്റില്‍ കേരള, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ച പദ്ധതികളെക്കുറിച്ച് വിഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചത്. സില്‍വര്‍ ലൈന്‍ ഉള്‍പ്പെടെ കേരളത്തിലെ റെയില്‍ വികസനം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും. കേരളത്തില്‍ റെയില്‍വെ വികസനത്തിന് 2033 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ശബരി റെയില്‍ പാതയ്ക്കായി 100 കോടി രൂപയും മാറ്റിവച്ചതായി അദ്ദേഹം അറിയിച്ചു.
നിര്‍മാണ ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കുന്ന ശബരി റെയിലിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് കേരളാ റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡാണ് (കെ റെയില്‍) തയാറാക്കിയത്. 3,745 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റും കെ റെയില്‍ സമര്‍പ്പിച്ചു. ശബരിമല സീസണില്‍ തീര്‍ത്ഥാടകരെ കൊണ്ടുപോകുന്നതിന് പുറമെ, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളുടെ വാണിജ്യ, വ്യവസായ സാധ്യതകള്‍ കൂടി ഉള്‍പ്പെടുന്നതാണ് കെ റെയില്‍ സമര്‍പ്പിച്ച ഡിപിആര്‍.
1997-98 വര്‍ഷത്തെ റെയില്‍വേ ബജറ്റിലാണ് അങ്കമാലി ശബരി റെയില്‍ പദ്ധതി ആദ്യമായി നിര്‍ദേശിക്കപ്പെടുന്നത്. അങ്കമാലിയെയും എരുമേലിയെയും ബന്ധിപ്പിക്കുന്ന പദ്ധതി ഇടുക്കി ജില്ലയിലൂടെ കടന്നുപോകുന്ന ആദ്യ റെയില്‍ പദ്ധതിയാണ്. അങ്കമാലി മുതല്‍ എരുമേലി വരെ 110 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍പ്പാത പൂര്‍ത്തിയാകുന്നതോടെ പാലാ, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍, അങ്കമാലി മുനിസിപ്പാലിറ്റികള്‍ക്കും കേരളത്തിലെ 11 ചെറുപട്ടണങ്ങള്‍ക്കും പുതിയ റെയില്‍വേ സ്‌റ്റേഷനുകള്‍ ലഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.