വാഷിങ്ടണ്‍: വിമാന മാര്‍ഗം അമേരിക്കയില്‍ എത്തുന്ന വിദേശ യാത്രക്കാര്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമല്ലാതാക്കുന്ന ബില്‍ യു.എസ് ജനപ്രതിനിധി സഭയില്‍ അടുത്തയാഴ്ച്ച ചര്‍ച്ച ചെയ്‌തേക്കും. റിപ്പബ്ലിക്കന്‍ പ്രതിനിധി തോമസ് മാസ്സിയാണ് വാക്‌സിന്‍ നിബന്ധന റദ്ദാക്കാനുള്ള ബില്‍ അവതരിപ്പിച്ചത്.
നിലവില്‍, അമേരിക്കയിലെത്തുന്ന പൗരന്മാരോ സ്ഥിര താമസക്കാരോ അല്ലാത്ത മുതിര്‍ന്ന യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് വാക്‌സിന്‍ എടുത്തതിന്റെ തെളിവ് കാണിക്കണം. ചില പരിമിതമായ സാഹചര്യങ്ങളില്‍ ഈ നിബന്ധന ഒഴിവാക്കിയിട്ടുണ്ട്.
അമേരിക്കയിലേക്കുള്ള വിമാന യാത്രയ്ക്ക് മുന്‍പ് കോവിഡ് ടെസ്റ്റ് ചെയ്യണമെന്ന നിബന്ധന
ജോ ബൈഡന്‍ ഭരണകൂടം കഴിഞ്ഞ വര്‍ഷം ജൂണില്‍ ഉപേക്ഷിച്ചിരുന്നു. എയര്‍ലൈനുകളില്‍ നിന്നും ട്രാവല്‍ ഇന്‍ഡസ്ട്രിയില്‍ നിന്നുമുള്ള കനത്ത സമ്മര്‍ദ്ദത്തിന് പിന്നാലെയായിരുന്നു തീരുമാനം. എന്നാല്‍ യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) വാക്‌സിന്‍ നിബന്ധന നീക്കിയിട്ടില്ല.
സി.ഡി.സിയുടെ അശാസ്ത്രീയ ഉത്തരവ് നിരവധി ആളുകളെ അവരുടെ കുടുംബങ്ങളില്‍ നിന്ന് വേര്‍പെടുത്തുകയാണെന്നും ഇത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും തോമസ് മാസ്സി ട്വിറ്ററില്‍ പറഞ്ഞു.
കോവിഡിനെതിരെ പോരാടുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗമാണ് വാക്‌സിനുകള്‍ എന്നും എല്ലാ യാത്രക്കാരും വാക്‌സിന്‍ എടുക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും സിഡിസി അഭിപ്രായപ്പെട്ടു.
ഈ നിബന്ധന നീക്കം ചെയ്യുന്നതിനെ ദീര്‍ഘകാലമായി തങ്ങള്‍ പിന്തുണയ്ക്കുകയാണെന്ന്
യുഎസ് ട്രാവല്‍ അസോസിയേഷന്‍ പറഞ്ഞു. പ്രത്യേകിച്ചും സന്ദര്‍ശകര്‍ വസന്തകാല വേനല്‍ക്കാല യാത്രകള്‍ ആസൂത്രണം ചെയ്യുന്ന സമയത്ത് ഇത്തരം നിബന്ധനകള്‍ അശാസ്ത്രീയമാണ്.
അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്ക് ഇപ്പോഴും വാക്‌സിന്‍ നിബന്ധനയുള്ള ഒരേയൊരു രാജ്യം അമേരിക്കയാണെന്ന് അസോസിയേഷന്‍ പറഞ്ഞു.
വിമാനങ്ങളിലെ മാസ്‌ക് നിബന്ധന നിയമവിരുദ്ധമെന്ന് ഒരു ജഡ്ജി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇളവ് വരുത്തിയിരുന്നു. എന്നാല്‍ ഡിസംബറില്‍ ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ അവിടെ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം നിര്‍ബന്ധമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.