കൂടത്തായി കേസില്‍ വഴിത്തിരിവ്; നാല് മൃതദേഹങ്ങളില്‍ സയനൈഡോ വിഷാംശമോ കണ്ടെത്താനായില്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്

കൂടത്തായി കേസില്‍ വഴിത്തിരിവ്; നാല് മൃതദേഹങ്ങളില്‍ സയനൈഡോ വിഷാംശമോ കണ്ടെത്താനായില്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്

കോഴിക്കോട്: കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരയില്‍ വഴിത്തിരിവ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളില്‍സയനൈഡിന്റെയോ വിഷാംശമോ കണ്ടെത്തനായില്ലെന്ന് ദേശീയ ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ട്. അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയില്‍ മാത്യു, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്.

വിവാദമായ കേസില്‍ 2019 ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് പരിശോധനക്കയച്ചത്. 2002 മുതല്‍ 2014 വരെയുള്ള കാലത്താണ് ഇവര്‍ മരിച്ചത്. അന്നമ്മ തോമസിനെ ഡോഗ് കില്‍ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്നു പേരെ സയനൈഡ് നല്‍കിയും ഒന്നാം പ്രതി ജോളി കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

മൃതദേഹാവശിഷ്ടങ്ങളുടെ കാലപ്പഴക്കം കാരണമാകാം സയനൈഡിന്റെ അംശമോ വിഷാംശമോ കണ്ടുപിടിക്കാന്‍ കഴിയാതിരുന്നതെന്നാണ് നിഗമനം. ആദ്യം റീജണല്‍ ഫൊറന്‍സിക് ലാബിലും പിന്നീട് ദേശീയ ഫൊറന്‍സിക് ലാബിലുമായിരുന്നു പരിശോധന.

പതിനാല് വര്‍ഷത്തിനിടെ ഒരു കുടുംബത്തിലെ ആറ് പേരുടെ കൊലപാതകം നടത്തിയെന്നാണ് കൂടാത്തായി കൊലപാതക പരമ്പര കേസ്. 2019 ഒക്ടോബര്‍ അഞ്ചിനായിരുന്നു മുഖ്യപ്രതി ജോളി പൊന്നാമറ്റം വീട്ടില്‍ നിന്ന് അറസ്റ്റിലായത്. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരേ കുടുംബത്തിലെ ആറു പേര്‍ സമാന സാഹചര്യത്തില്‍ മരിച്ചത്.

റിട്ടയേഡ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ടയേഡ് അധ്യാപിക അന്നമ്മ തോമസ് (58) മകന്‍ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം.എം മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകള്‍ ആല്‍ഫൈന്‍ (2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44) എന്നിവരാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട സിലിയുടെ ശരീരത്തില്‍ സയനൈഡിന്റെ അംശമുണ്ടെന്ന് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തി. സയനൈഡ് ഉള്ളില്‍ ചെന്നാണ് റോയ് തോമസിന്റെ മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ബാക്കി നാലു പേരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധനയ്ക്കായി അയച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.