ജൂബ: ദക്ഷിണ സുഡാനിലെ തന്റെ അപ്പസ്തോലിക സന്ദർശനത്തിൽ ഒത്തുകൂടിയ വിശ്വാസികളോട് പ്രാർത്ഥിക്കുക, പ്രവർത്തിക്കുക, മുന്നോട്ട് സഞ്ചരിക്കുക എന്നീ ആഹ്വാനങ്ങളുമായി ഫ്രാൻസിസ് മാർപ്പാപ്പ. ജൂബയിലെ ജോൺ ഗരാംഗ് ശവകുടീരത്തിൽ എല്ലാ ക്രിസ്‌തീയ സഭകള്‍ക്കും പൊതുവായ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ പാപ്പ, അക്രമത്താൽ തകർന്ന ഈ ഭൂമിയിൽ നിന്ന് അനേകം പ്രാർത്ഥനകൾ ഇപ്പോൾ സ്വർഗ്ഗത്തിലേക്ക് ഉയർത്തപ്പെട്ടിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി.
മാത്രമല്ല ക്രൈസ്തവർ എന്ന നിലയിൽ പ്രാർത്ഥിക്കുക എന്നതാണ് നമുക്ക് ആദ്യം ചെയ്യുവാനുള്ളതെന്നും പ്രാർത്ഥിക്കുക, പ്രവർത്തിക്കുക, സഞ്ചരിക്കുക എന്നീ മൂന്ന് ക്രിയകളെക്കുറിച്ച് നാം വിചിന്തനം ചെയ്യണമെന്നും മാർപ്പാപ്പ സന്നിഹിതരോട് ആവശ്യപ്പെട്ടു.
പ്രാർത്ഥിക്കുക
ദൈവം ഇപ്പോൾ ഒരുക്കികൊണ്ടിരിക്കുന്ന രക്ഷയെ ഇരുട്ടിൽപ്പോലും കാണാനും നമ്മുടെ ഭയങ്ങളെ അതിജീവിക്കാനും മുന്നോട്ട് പോകാനുമുള്ള കരുത്ത് പ്രാർത്ഥന നമുക്ക് ശക്തി നൽകുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടു. പ്രാർത്ഥനയില്ലെങ്കിൽ ഐക്യത്തിലും സമാധാനത്തിലുമുള്ള മാനവികപ്രോത്സാഹനങ്ങൾ വൃഥാവിലാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു.

പ്രാർത്ഥന ജനങ്ങളുടെ മേൽ ദൈവത്തിന്റെ രക്ഷ കൊണ്ടുവരുന്നു. സമാധാനത്തിന്റെ ദൈവം ഇടപെടുവാനായി, ഇടയന്മാരും ദൈവജനവുമെന്ന നിലയിൽ നാം ചെയ്യേണ്ടതും പ്രാർത്ഥിക്കുകയാണ്. ദൈവത്തിന്റെ വിശുദ്ധ ജനത്തിന്റെ ഇടയൻമാരായി നാം പ്രത്യേകം പരിശീലിക്കേണ്ട പ്രാർത്ഥനയാണ് മധ്യസ്ഥ പ്രാർത്ഥന. ഈ ശ്രമത്തിൽ പരസ്‌പരം പിന്തുണ നൽകണമെന്ന് മാർപ്പാപ്പ സന്നിഹിതരായ എല്ലാവരോടും അഭ്യർത്ഥിച്ചു.
വിവിധ വിശ്വാസസമൂഹങ്ങളിലാണെങ്കിലും, നമുക്ക് ഒരു കുടുംബം പോലെ ഒരുമിച്ച്, പ്രാർത്ഥനയ്‌ക്കായുള്ള നമ്മുടെ കടമ തിരിച്ചറിയാമെന്നും ഫ്രാൻസിസ് മാർപ്പാപ്പ കൂട്ടിച്ചേർത്തു.
പ്രവർത്തിക്കുക
"പ്രവർത്തി" എന്ന ക്രിയയെക്കുറിച്ച് സംസാരിച്ച പാപ്പ നാം എല്ലാവരും സമാധാനത്തിനായി പ്രവർത്തിക്കാനാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാക്കി. സമാധാനം എന്നാൽ പ്രശ്നങ്ങളുടെ അവസാനമുള്ള ഒരു സന്ധി മാത്രമല്ല ക്ഷമയിലൂടെയും അനുരഞ്ജനത്തിലൂടെയും കൈവരുന്ന സാഹോദര്യം കൂടിയാണതെന്ന് മാർപ്പാപ്പ വിശദീകരിച്ചു.
നമുക്ക് സമാധാനത്തിനായി അക്ഷീണം പ്രവർത്തിക്കാം. സ്വർഗ്ഗം യേശുവിന്റെ ജന്മത്തിൽ ആഗ്രഹിക്കുന്നതും സമാധാനമാണ്. വൈവിധ്യങ്ങളെ ചേർത്തുനിറുത്തുന്ന ഒരു സമാധാനത്തിനായി നമുക്ക് പ്രാർത്ഥിക്കാമെന്ന് പാപ്പാ പറഞ്ഞു. ഇതാണ് പരിശുദ്ധാത്മാവ് നൽകുന്ന സമാധാനം. ദൈവത്തിനും മനുഷ്യർക്കും എതിരായുള്ള ശത്രുതയുടെ ആത്മാവാണ് വിഭജനത്തിലേക്ക് നയിക്കുന്നത്.

“ക്രിസ്തുവിനെ തിരഞ്ഞെടുക്കുന്നവർ എപ്പോഴും സമാധാനത്തെ തിരഞ്ഞെടുക്കുന്നു; യുദ്ധവും അക്രമവും അഴിച്ചുവിടുന്നവർ കർത്താവിനെ ഒറ്റിക്കൊടുക്കുകയും അവന്റെ സുവിശേഷം തള്ളിപ്പറയുകയുമാണ് ചെയ്യുന്നത്. യേശു നമ്മെ പഠിപ്പിക്കുന്നത് നല്ല വ്യക്തമാണ്” പാപ്പാ വിശദീകരിച്ചു.
ശത്രുക്കളെ പോലും സ്നേഹിക്കുന്നതാണ് ക്രൈസ്തവസ്നേഹം. സ്വർഗത്തിലുള്ള നമ്മുടെ പിതാവിന്റെ മക്കളെന്ന നിലയിൽ എല്ലാവരും സ്നേഹിക്കപ്പെടുന്നതിനാൽ നമ്മളും എല്ലാവരെയും സ്നേഹിക്കണം. സുവിശേഷം യാഥാർഥ്യമായി മാറുന്നതിനുവേണ്ടി നമുക്ക് പരിശ്രമിക്കാമെന്ന് പാപ്പാ ആഹ്വാനം ചെയ്തു.
മുന്നോട്ട് സഞ്ചരിക്കുക
മൂന്നാമത്തേതും അവസാനത്തേതുമായ ക്രിയ "ഒന്നിച്ച് സഞ്ചരിക്കുക" ആണ്. ഈ രാജ്യത്ത് ക്രൈസ്തവ സമൂഹങ്ങൾ അനുരഞ്ജന പ്രക്രിയകൾ പ്രോത്സാഹിപ്പിക്കുന്നതിൽ അഗാധമായ പ്രതിജ്ഞാബദ്ധത പുലർത്തുന്നുവെന്ന് മാർപ്പാപ്പ സൂചിപ്പിച്ചു.
ക്രൈസ്തവർ എന്ന നിലയിൽ, നിങ്ങൾ നൽകുന്ന വിശ്വാസത്തിന്റെ സാക്ഷ്യത്തിന് നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. വിശ്വാസം ഇന്നും ഐക്യത്തിന്റെ ഘടകമായി സഭയിൽ നിലനിൽക്കുന്നു എന്നത് മനോഹരമായ ഒരു വസ്‌തുതയാണ്. ലോകമെങ്ങുമുള്ള ആളുകൾക്ക് സുഡാനിലെ സഭയുടെ എക്യൂമെനിക്കൽ യാത്ര ഒരു ഉദാഹരണമാണ്.

ദക്ഷിണ സുഡാനിലെ എക്യുമെനിസത്തെക്കുറിച്ച് സംസാരിച്ച ഫ്രാൻസിസ് മാർപാപ്പ ഈ യാഥാർത്ഥ്യത്തെ "അമൂല്യമായ ഒരു നിധി" എന്നും യേശുവിന്റെ നാമത്തെ സ്തുതിക്കുന്ന പ്രവൃത്തിയെന്നുമാണ് വിശേഷിപ്പിച്ചത്. "വിശ്വാസികൾക്കിടയിലെ ഐക്യത്തിന്റെ സാക്ഷ്യം രാജ്യത്തെ മുഴുവൻ ജനങ്ങളിലേയ്ക്കും ഒഴുകട്ടെ" മാർപ്പാപ്പ കൂട്ടിച്ചേർത്തു.
ഓർമ്മയും പ്രതിബദ്ധതയും
തന്റെ പ്രഭാഷണം ഉപസംഹരിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ ദക്ഷിണ സുഡാനിലെ വിശ്വാസികൾക്ക് അവരുടെ മുന്നോട്ടുള്ള യാത്രയിൽ തളര്‍ന്നുപോകാതെ പ്രവർത്തിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനായി ഓർമയും പ്രതിബദ്ധതയും എന്നീ രണ്ട് വാക്കുകളെ കൂടി അവതരിപ്പിച്ചു.
ഓർമ എന്നാൽ നമുക്ക് മുൻപേ കടന്നു പോയവരെക്കുറിച്ചുള്ള ഓർമ്മകൾ നമ്മിലുണ്ടാകണം. നാം സ്വീകരിക്കുന്ന ചുവടുകൾ നമുക്ക് മുമ്പ് പോയവരുടെ കാൽപ്പാടുകൾ പിന്തുടരുന്നുവെന്ന് ഉറപ്പാക്കണം. നമുക്കായി വഴികൾ ഒരുക്കിയവർ നമുക്ക് പ്രേരണയാകട്ടെ.
പ്രതിബദ്ധത എന്നാൽ സ്നേഹം മൂർത്തമായിരിക്കണമെന്നും സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിലുള്ളവരെയും മുറിവേറ്റവരെയും അവഗണിക്കപ്പെട്ടവരെയും സഹായിക്കുകയും ചെയ്തുകൊണ്ടാണ് ഐക്യത്തിലേക്ക് നടക്കേണ്ടത് എന്നുമാണ് അർത്ഥമാക്കുന്നത്.

അതോടൊപ്പം കാന്റർബറി ആർച്ച് ബിഷപ്പും ചർച്ച് ഓഫ് സ്കോട്ട്ലൻഡിന്റെ മോഡറേറ്ററും ചേർന്ന് നിങ്ങളുടെയിടയിൽ തീർത്ഥാടകരായാണ് ഞങ്ങൾ എത്തിയിരിക്കുന്നതെന്ന് മാർപ്പാപ്പ പറഞ്ഞു. "അകലെയായിരിക്കുമ്പോഴും ഞങ്ങൾ നിങ്ങൾക്ക് സമീപസ്ഥരാണ്. പരസ്പരം പ്രാർഥിച്ചുകൊണ്ടും, യേശുവിന്റെ സമാധാനത്തിന്റെ സാക്ഷികളും മധ്യസ്ഥരുമായിരിക്കാൻ നമുക്ക് പരിശ്രമിക്കാം" പാപ്പ വ്യക്തമാക്കി.
തുടർന്ന് "നമുക്ക് പരസ്പരം സ്നേഹിക്കാം; പൂർണ്ണമായ ഹൃദയത്തോടെ നമുക്ക് പരസ്പരം സ്നേഹിക്കാം" എന്ന വാക്കുകളോടെയാണ് ഫ്രാൻസിസ് മാർപ്പാപ്പ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.