എലിസബത്ത് രാജ്ഞിയെ വധിക്കാൻ ശ്രമിച്ച സംഭവം: പ്രതി കുറ്റക്കാരാനെന്ന് കോടതി; അക്രമം ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരമായി

എലിസബത്ത് രാജ്ഞിയെ വധിക്കാൻ ശ്രമിച്ച സംഭവം: പ്രതി കുറ്റക്കാരാനെന്ന് കോടതി; അക്രമം ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരമായി

ലണ്ടൻ: എലിസബത്ത് രാജ്ഞിയെ കൊലപ്പെടുത്താനായി 2021 ൽ രാജ്ഞിയുടെ കോട്ടയിൽ അതിക്രമിച്ച് കടന്ന കേസില്‍ ബ്രിട്ടീഷ് സിഖ് വംശജനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി. സംഭവത്തിൽ 21 കാരനായ ജസ്വന്ത് സിങ് ചെയില്‍ കുറ്റം സമ്മതിച്ചതായി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു.

1919 ല്‍ അമൃത്‌സറിലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരമായാണ് എലിസബത്ത് രാജ്ഞിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് കുറ്റസമ്മതത്തില്‍ പറയുന്നത്. രണ്ട് വർഷം മുമ്പ് ക്രിസ്മസ് ദിവസമാണ് മാരകമായ ആയുധവുമായി ജസ്വന്ത് സിംഗ് ചെയിൽ വിൻഡ്‌സർ കാസിൽ അതിക്രമിച്ചു കടന്നത്.


ജസ്വന്ത് സിങ് ചെയില്‍

കുറ്റം സമ്മതിച്ച പ്രതിക്ക് മാര്‍ച്ച് 31ന് ലണ്ടന്‍ ഓള്‍ഡ് ബെയ്‌ലി കോടതി ശിക്ഷ വിധിക്കും. ഇതോടെ 1981ന് ശേഷം ബ്രിട്ടനില്‍ രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെടുന്ന ആദ്യ വ്യക്തിയാകും ജസ്വന്ത് സിങ് ചെയില്‍. 1842 ലെ രാജ്യദ്രോഹ നിയമത്തിലെ സെക്ഷന്‍ രണ്ട്‍ പ്രകാരമുള്ള കുറ്റത്തിനാണ് ചൈല്‍ കുറ്റസമ്മതം നടത്തിയത്.

വിന്‍ഡ്‌സര്‍ കാസിലില്‍ നിന്ന് അറസ്റ്റിലാകുമ്പോള്‍ ജസ്വന്ത് സിങ് മുഖംമൂടിയും കറുത്ത വസ്ത്രവും ധരിച്ചിരുന്നു. കൂടാതെ ഇയാളുടെ കൂടെ അമ്പും വില്ലും ഇയാളിൽ നിന്നും പിടിച്ചെടുക്കുകയും ചെയ്തു. രാജ്ഞിയെ കൊലപ്പെടുത്താന്‍ എത്തിയതാണെന്ന് ഇയാള്‍ ആക്രോശിക്കുകയും ചെയ്തിരുന്നു. കൊട്ടാരത്തിൽ എത്തും മുൻപ് ഫോണിൽ നിന്ന് ഇരുപതിലധിക ആളുകൾക്ക് താൻ എലിസബത്ത് രാജ്ഞിയെ കൊല്ലാൻ പോകുകയാണെന്നു വിവരിക്കുന്ന 10 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയും അയച്ചിരുന്നു.


ജസ്വന്ത് സിങ് അറസ്റ്റിലായപ്പോൾ

'ഞാന്‍ ചെയ്തതിനും ചെയ്യാന്‍ പോകുന്ന കാര്യത്തിനും എന്നോട് ക്ഷമിക്കുക. രാജകുടുംബത്തിലെ എലിസബത്ത് രാജ്ഞിയെ വധിക്കാനുള്ള ശ്രമത്തിനായി ഇറങ്ങുകയാണ്. 1919 ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ മരിച്ചവര്‍ക്കായുള്ള പകരം വീട്ടലാണിത്' ഇങ്ങനെ ആയിരുന്നു വിഡിയോയിലെ ജസ്വന്ത് സിങ് ചെയിലിന്റെ വീഡിയോയിലെ സംഭാഷണം.

ഇന്ത്യയിലെ അമൃത്സറില്‍ 1919 ഏപ്രിൽ 13 ന് ഏകദേശം 379 സിഖുകാരെ ബ്രിട്ടീഷ് കോളനി സൈന്യം കൂട്ടക്കൊല ചെയ്ത സംഭവമാണ് ജാലിയന്‍ വാലാബാഗ് ദുരന്തം. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല സംബന്ധിച്ച് ബ്രിട്ടന്‍ ഔദ്യോഗികമായി മാപ്പ് പറയണമെന്ന് ഇന്ത്യ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്.

ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യക്കാരോട് ചെയ്ത ക്രൂരതകൾ ഇയാളിൽ വൻ അമർഷമുണ്ടാക്കിയെന്ന് പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ പോലീസ് കണ്ടെത്തി. ജസ്വന്ത് സിങ് ചെയിൽ അമ്പും വില്ലുമായി എത്തുമ്പോള്‍ എലിസബത്ത് രാജ്ഞി കൊട്ടാരത്തിലുണ്ടായിരുന്നു. മകനും ഇപ്പോള്‍ രാജാവുമായ ചാള്‍സും മറ്റ് അടുത്ത കുടുംബാംഗങ്ങളും രാജ്ഞിയോടൊപ്പം ഉണ്ടായിരുന്നു. 'സൂപ്പര്‍സോണിക് എക്സ്-വില്ലാണ്' ചെയിലിന്റെ പക്കല്‍ നിന്നും അപ്പോൾ പിടിച്ചെടുത്തത്.

തുറന്നുപറച്ചിൽ ഏറെ ഗൗരവമുള്ളതാണെന്നും പെട്രോളിങ്ങിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധേയമായ ഇടപെടൽ ഒന്നുകൊണ്ടുമാത്രമാണ് അപകടം ഒഴിവായതും പ്രതിയെ പിടികൂടാൻ സാധിച്ചതെന്നും മെട്രോപൊളിറ്റൻ പോലീസ് തീവ്രവാദവിരുദ്ധവിഭാഗം മേധാവി റിച്ചാർഡ് സ്മിത്ത് പറഞ്ഞു. നൈലോൺ കയറുപയോഗിച്ച് അതിസാഹസികമായി വിൻസ്റ്റർ കൊട്ടാരത്തിൽ ആയുധവുമായി പ്രവേശിച്ച സിങ് രണ്ടുമണിക്കൂറിനടുത്ത് അവിടെ ചെലവഴിച്ചിരുന്നു.

വധശ്രമ കേസില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ചെയ്‌ലിനെതിരെ മെറ്റ് പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. പിടിക്കപ്പെടുന്ന സമയത്ത് ജോലി ഇല്ലായിരുന്നെങ്കിലും മുൻപ് ബ്രിട്ടനിലെ ഇന്ത്യൻ വംശജർ നടത്തുന്ന ഒരു സ്വകാര്യ സൂപ്പർ മാർക്കറ്റിലെ സെയിൽസ് മാനായിരുന്നു ജസ്വന്ത് സിങ്. ഇപ്പോൾ മാനസിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സയിലാണ്. വിഡിയോ ലിങ്ക് വഴിയാണ് കോടതിയിൽ ഹാജരായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.