പെർത്ത്: പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ തലസ്ഥാനമായ പെർത്തിലെ ഫ്രേമെന്റിൽ തുറമുഖ മേഖലയ്ക്കു സമീപം സ്വാൻ നദിയിൽ ഉണ്ടായ സ്രാവിന്റെ ആക്രമണത്തിൽ പതിനാറുകാരിയ്ക്ക് ദാരുണാന്ത്യം. ഡോൾഫിനുകൾക്കൊപ്പം നീന്താൻ നദിയിലേക്ക് ചാടിയ പെർത്ത് സ്വദേശിയായ സ്റ്റെല്ല ബെറിയാണ് സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബുൾ സ്രാവാണ് അക്രമിച്ചതെന്നാണ് നിഗമനം.
സ്രാവിന്റെ ആക്രമണത്തിന് പിന്നാലെ ഗുരുതര പരിക്കുകളോടെ നദിയിൽ നിന്ന് പുറത്തെടുത്ത പെൺകുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നുവെന്ന് പോലീസ് പ്രസ്താവനയിൽ അറിയിച്ചു. സ്റ്റെല്ല ബെറിയുടെ കാലുകൾക്കായിരുന്നു പ്രധാനമായും പരിക്കേറ്റിരുന്നത്. ഡോൾഫിൻ കൂട്ടത്തിനൊപ്പം നീന്താൻ ജെറ്റ് സ്കീയിൽ നിന്ന് പെൺകുട്ടി നദിയിലേക്ക് ചാടുകയായിരുന്നു.
അപ്പോഴാണ് സ്രാവിന്റെ ആക്രമണമുണ്ടായതെന്ന് ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റ് കോർപറേഷൻ അറിയിച്ചു. സ്വാൻ നദിയിൽ സ്രാവുകൾ സാധാരണയായി എത്താത്ത പ്രദേശത്താണ് സംഭവം നടന്നത്. 1923 ൽ സ്വാൻ നദിയിൽ 13 കാരൻ സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനുശേഷമുള്ള സംഭവമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.
സ്രാവിന്റെ ആക്രമണമുണ്ടായ സ്വാൻ നദി
സംഭവത്തെ തുടർന്ന് എല്ലാ വർഷവും ഈ സമയത്ത് കൂടുതൽ സ്രാവുകൾ പ്രാദേശിക അഴിമുഖങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നീന്തൽക്കാർ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ അഭ്യർത്ഥിച്ചു.
പെർത്തിലെ സ്കോച്ച് കോളേജിലെ വിദ്യാർത്ഥിയായിരുന്ന സ്റ്റെല്ല ബെറി സുഹൃത്തുക്കൾക്കൊപ്പമാണ് സ്വാൻ നദിയിൽ നീന്താനായി എത്തിയത്. ദുരന്തമുണ്ടായ സന്ദർഭത്തിൽ ആദ്യം പ്രതികരിച്ചത് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായിരുന്നുവെന്ന് കോളജിന്റെ ഹെഡ്മാസ്റ്റർ അലക് ഒ കോണൽ അറിയിച്ചു.
ആക്രമണത്തിന് പിന്നിൽ ബുൾ സ്രാവായിരിക്കാമെന്ന് ഫിഷറീസ് മന്ത്രി ഡോൺ പഞ്ച് പറഞ്ഞു. ബുൾ സ്രാവുകൾ പ്രത്യേകിച്ച് അഴിമുഖങ്ങളിലും ശുദ്ധജല നദീതടങ്ങളിലും പ്രവേശിക്കാറുണ്ട്. ഇതും അത്തരത്തിൽ സംഭവിച്ചതാകാമെന്ന് അദ്ദേഹം പറഞ്ഞു.
സ്റ്റെല്ല ബെറി
100 വർഷത്തിനിടെ സ്വാൻ നദിയിലെ ആദ്യത്തെ മാരകമായ സ്രാവ് ആക്രമണമാണിത്. നദിയിൽ ആറ് ചരിത്രപരമായ ആക്രമണങ്ങൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ഇത് ഏഴാമത്തേതാണെന്നും പഞ്ച് പറഞ്ഞു. 2021 നവംബറിലാണ് ഇതിനു മുമ്പ് പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ അവസാനമായി സ്രാവിന്റെ കടിയേറ്റ് ഒരാൾ മരിക്കുന്നത്. 2021 നവംബറിൽ പെർത്തിലെ പോർട്ട് ബീച്ചിൽ 57 കാരനാണ് ഗ്രേറ്റ് വൈറ്റ് ഷാർക്കിന്റെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്.
ബുൾ സ്രാവുകൾ പ്രജനനത്തിനായി വർഷത്തിൽ ഈ സമയത്ത് അഴിമുഖങ്ങളിലേക്ക് എത്താറുണ്ടെന്ന് മക്വാറി സർവകലാശാലയിലെ ഹയർ ഡിഗ്രി റിസർച്ച് ബയോളജി ഡയറക്ടർ പ്രൊഫ.കുലം ബ്രൗൺ പറഞ്ഞു. പെൺ സ്രാവുകൾ നദികളിലേക്ക് നീങ്ങുകയും ആൺ സ്രാവുകൾ അവരെ പിന്തുടരുകയും ചെയ്യുകയാണ് പതിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ബുൾ സ്രാവുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാൽ അവയെ നശിപ്പിക്കണമെന്ന് സോഷ്യൽ മീഡിയയിലൂടെ ആവശ്യമുയർന്നുണ്ട്. എന്നാൽ ഇത് തെറ്റായ വിവരങ്ങളാണെന്നാണ് ബ്രൗൺ വ്യക്തമാക്കുന്നത്.
സ്റ്റെല്ല ബെറിയുടെ സുഹൃത്തുക്കൾ
യഥാർത്ഥത്തിൽ അവയുടെ വംശനാശത്തിന് സാധ്യത നിലനിൽക്കുന്നുണ്ട്. സ്രാവുകളെ കൊല്ലാനും അവയുടെ ആക്രമണത്തിന്റെ സാധ്യത തടുക്കാനും എപ്പോഴും സമൂഹമാധ്യമങ്ങളിൽ ഇത്തരം ആവശ്യങ്ങൾ ഉയരാറുണ്ട്. എന്നാൽ ഡ്രോൺ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ വളർന്നതിൽ മനുഷ്യർ സ്രാവുകളെ കാണുന്ന അവസരങ്ങൾ വർധിക്കുന്നതാണെന്നും ബ്രൗൺ വിശദീകരിക്കുന്നു.
ആക്രമണത്തിന് പിന്നിൽ ഏത് തരം സ്രാവാണെന്ന് കണ്ടെത്താൻ അധികൃതർ ശ്രമിക്കുമെന്ന് മക്വാരി സർവകലാശാലയിലെ വന്യജീവി ശാസ്ത്രജ്ഞയായ ഡോ വനേസ പിറോട്ട പറഞ്ഞു. മാത്രമല്ല ഈ സംഭവങ്ങൾ വളരെ അപൂർവമാണ്. ജലപാതയുമായി ബന്ധപ്പെട്ട സ്ഥങ്ങളിൽ വിവിധ കടൽ ജീവികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നാം ഇപ്പോഴും സ്വയം സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തെണ്ടതുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അവർ ഊന്നിപ്പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.