കൊച്ചി : സീറോ മലബാർ സഭയിൽ നവീകരിച്ച യാമപ്രാർത്ഥനകൾ 2023 ഫെബ്രുവരി 19 മുതൽ നിലവിൽ വരുന്നതായി സീറോ മലബാർ സഭാ തലവൻ മാർ ജോർജ് ആലഞ്ചേരി സർക്കുലറിലൂടെ അറിയിച്ചു. പൗര്യസ്ത്യ സഭകളുടെ പൊതു പാരമ്പര്യമായ യാമപ്രാർത്ഥനകളുടെ ചരിത്രത്തെക്കുറിച്ചും സീറോ മലബാർ സഭയിൽ ഇതിന്റെ നാൾ വഴികളെക്കുറിച്ചും പ്രതിപാദിക്കുന്ന സർക്കുലറിൽ ആഘോഷമായ യാമപ്രാർത്ഥനയും അതിന്റെ ഹൃസ്വമായ രൂപവും നിലവിൽ വരുന്നതായി പറയുന്നു .
വിശുദ്ധ ഗ്രന്ഥം അടിസ്ഥാനമാക്കിയുള്ള പ്രാർത്ഥനകളോടൊപ്പം സഭാപിതാക്കന്മാരുടെ വചന വ്യാഖ്യാനങ്ങളും ധ്യാനചിന്തകളുമാണ് യാമപ്രാർത്ഥനകളിലുള്ളത്. ആരാധനവല്സരത്തിലെ പ്രധാനപ്പെട്ട തിരുന്നാളുകൾ ഉൾപ്പടെ ഓരോ ദിനത്തിന്റെയും പ്രത്യേകം പ്രത്യേകം പ്രാർത്ഥനകൾ നവീകരിച്ച പുസ്തകത്തിലുണ്ട്.
പൗര്യസ്ത്യസഭകളിൽ ഏഴു നേരത്തെ പ്രാർത്ഥനകൾ നിലവിലുണ്ട് എങ്കിലും ഇപ്പോൾ ഇറക്കിയ പുസ്തകത്തിൽ പ്രധാനമായും മൂന്ന് നേരത്തെ പ്രാർത്ഥനകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. റംശാ, ലെലിയ, സപ്ര എന്നിവയാണവ.
എല്ലാ വിശ്വാസികളും കത്തീഡ്രൽ ഉൾപ്പടെയുള്ള പള്ളികളിൽ എല്ലാ ദിവസവും പ്രത്യേകിച്ച് ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും യാമ പ്രാർത്ഥനകൾ നടത്തണമെന്ന് പൗര്യസ്ത്യ കാനൻ നിയമം അനുശാസിക്കുന്നു. നവീകരിച്ച യാമപ്രാർത്ഥനാപുസ്തകം ഉപയോഗിച്ച് പ്രാർത്ഥനകൾ ചൊല്ലുവാൻ എല്ലാ വൈദീകരും സമർപ്പിതരും അല്മായരും തയ്യാറാകണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് മാർ ആലഞ്ചേരി സർക്കുലർ അവസാനിപ്പിക്കുന്നത്. ഫെബ്രുവരി 12 ഞായറാഴ്ച എല്ലാ സീറോ മലബാർ പള്ളികളിലും ഈ സർക്കുലർ വായിക്കപ്പെടുന്നതാണ് .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26