രോഗസൗഖ്യത്തിന്റെ ആത്മീയ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന 'ലൂര്‍ദ്ദ്‌സ്' ഡോക്യുമെന്ററി അമേരിക്കന്‍ തീയറ്ററുകളിലേക്ക്

രോഗസൗഖ്യത്തിന്റെ ആത്മീയ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന 'ലൂര്‍ദ്ദ്‌സ്' ഡോക്യുമെന്ററി അമേരിക്കന്‍ തീയറ്ററുകളിലേക്ക്

വാഷിങ്ടണ്‍: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദ്ദിനെക്കുറിച്ചുള്ള ഡോക്യുമെന്ററി അമേരിക്കയിലെ എഴുന്നൂറോളം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഫെബ്രുവരി 8,9 തീയതികളിലാണ് പ്രദര്‍ശനം. 'ലൂര്‍ദ്ദ്‌സ്' എന്ന പേരിലുള്ള ഡോക്യുമെന്ററി ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലാണ് തയാറാക്കിയിരിക്കുന്നത്. ഫ്രാന്‍സില്‍ പ്രദര്‍ശിപ്പിച്ച ഡോക്യുമെന്ററിക്കു നിരൂപകരുടെയും പ്രേക്ഷകരുടെയും വലിയ പിന്തുണയാണ് ലഭിച്ചത്.

മാതാവിന്റെ ദര്‍ശനം കൊണ്ട് ശ്രദ്ധ നേടിയ ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ വിശ്വാസികള്‍ക്ക് ലഭിക്കുന്ന സൗഖ്യങ്ങളെയും ആത്മീയ അനുഭവങ്ങളെയും ആസ്പദമാക്കിയാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്. ഫെബ്രുവരി പതിനൊന്നാം തീയതിയാണ് ആഗോള സഭ ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ദിനമായി ആചരിക്കുന്നത്. 1858 ലാണ് പരിശുദ്ധ കന്യകാമറിയം ലൂര്‍ദ്ദില്‍ പ്രത്യക്ഷപ്പെടുന്നത്. ഇവിടേക്ക് ആശ്വാസം തേടിയെത്തുന്ന തീര്‍ത്ഥാടകരുടെ ജീവിതകഥയാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്. ഇതില്‍ അപകടത്തിന് ഇരയായവരും രോഗികളും ഭിന്നശേഷിയുള്ളവരുമൊക്കെ ഉള്‍പ്പെടും.



ദൈവിക ഇടപെടലുകള്‍ മനുഷ്യരുടെ ജീവിതത്തില്‍ എങ്ങനെ സംഭവിക്കുന്നുവെന്ന് ഡോക്യുമെന്ററി വ്യക്തമാക്കുന്നതായി സംവിധായകരായ തിയറി ഡെമൈസിയര്‍, അല്‍ബാന്‍ ടെര്‍ലൈ എന്നിവര്‍ പറഞ്ഞു. ഇത് ലോകത്തോടു പറയേണ്ട ഒരു കഥയാണെന്ന് തങ്ങള്‍ക്ക് തോന്നിയെന്നും അങ്ങനെയാണ് ഡോക്യുമെന്ററി യാഥാര്‍ത്ഥ്യമായതെന്നും അവര്‍ വിശദീകരിച്ചു.

2009 മുതല്‍ ലൂര്‍ദ്‌സ് മെഡിക്കല്‍ ഒബ്‌സര്‍വേഷന്‍ ഓഫീസിന്റെ ചുമതല വഹിക്കുന്ന ഡോ. അലക്‌സാഡ്രോ ഡി ഫ്രാന്‍സിസ് തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന മറ്റൊരു ചെറിയ ഡോക്യുമെന്ററിയും ലൂര്‍ദ്ദ്‌സ് ഡോക്യുമെന്ററിയോടൊപ്പം കാണിക്കുന്നുണ്ട്.

അവിടുത്തെ തീര്‍ത്ഥജലം പാനം ചെയ്ത് സൗഖ്യം ലഭിച്ചുവെന്ന് പറയുന്നവരുടെ കേസുകള്‍ പഠിക്കുന്നത് ഡോക്ടര്‍ അലക്‌സാഡ്രോയുടെ നേതൃത്വത്തിലാണ്. ഇതുപോലുള്ള 7000 കേസുകളില്‍ അന്വേഷണം നടന്നിട്ടുണ്ടെന്നും, എന്നാല്‍ 70 കേസുകള്‍ മാത്രമേ വിശ്വാസ യോഗ്യമായി സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളൂവെന്നും 40 വര്‍ഷം ഡോക്ടറായി സേവനം ചെയ്യുന്ന അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് ഫിലിം അക്കാദമിയുടെ സീസര്‍ അവാര്‍ഡ്‌സിലേക്ക് ലൂര്‍ദ്‌സ് ഡോക്യുമെന്ററി നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഡിസ്ട്രിപ്പ് ഫിലിംസാണ് ഡോക്യുമെന്ററിയുടെ വിതരണം നിര്‍വഹിക്കുന്നത്.

കന്യകമറിയത്തിന്റെ ദര്‍ശനം ആദ്യമായി നടന്ന ഗ്രോട്ടോയ്ക്ക് താഴെ ഒഴുകുന്ന നീരുറവയില്‍ നിന്ന് പ്രാര്‍ത്ഥിക്കാനും കുളിക്കാനും കുടിക്കാനും ഓരോ വര്‍ഷവും ആറു ദശലക്ഷം ആളുകള്‍ ലൂര്‍ദ് സന്ദര്‍ശിക്കുന്നു.

രോഗബാധിതരായ നിരവധി തീര്‍ഥാടകരുടെയും അവരെ പരിചരിക്കുന്നവരുടെയും അനുഭവങ്ങളിലൂടെ പുരോഗമിക്കുന്ന ഡോക്യുമെന്ററി തീര്‍ഥാടന കേന്ദ്രത്തിന്റെ സവിശേഷമായ അനുഭവം പ്രേക്ഷകനു സമ്മാനിക്കുന്നു.

ഫ്രാന്‍സിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തായി പിരനീസ് പര്‍വ്വതനിരകളുടെ അടിവാരത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ ചെറിയൊരു പട്ടണമാണ് ലൂര്‍ദ്ദ്. മാതാവ് പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് അധികം വിഖ്യാതമല്ലാതിരുന്ന ഈ നഗരം ഇന്ന് ലോകത്തിലെ ഏറ്റവും പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. പതിനയ്യായിരത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ഈ കൊച്ചുനഗരത്തില്‍ ഏകദേശം അറുപതു ലക്ഷത്തിനടുത്തു തീര്‍ത്ഥാടകരാണ് ഇപ്പോള്‍ ഓരോ വര്‍ഷവും സന്ദര്‍ശിക്കുന്നത്.

എ.ഡി. 1858 ഫെബ്രുവരി 11 മുതല്‍ ജൂലൈ 16 വരെയുള്ള ദിവസങ്ങളില്‍ കേവലം പതിനാല് വയസുള്ള ബെര്‍ണദീത്ത സുബിരൂസ് എന്ന കര്‍ഷക ബാലികയ്ക്ക് പതിനെട്ടു പ്രാവശ്യം പരിശുദ്ധ കന്യകയുടെ ദര്‍ശനമുണ്ടായി. അധികം താമസിയാതെ ലോകമാസകലം പ്രസിദ്ധമായിത്തീര്‍ന്ന ലൂര്‍ദ്ദ് മാതാവിന്റെ ഗ്രോട്ടോയും അനുബന്ധ സ്ഥലങ്ങളും അനേകായിരങ്ങളുടെ ആശ്വാസ കേന്ദ്രമായി മാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.