മണിക്കൂറുകള്‍ക്കുള്ളില്‍ തുര്‍ക്കിയില്‍ വീണ്ടും ശക്തമായ ഭൂചലനങ്ങള്‍: മരണം 2300 ലേറെ; സഹായവുമായി ലോക രാജ്യങ്ങള്‍

മണിക്കൂറുകള്‍ക്കുള്ളില്‍ തുര്‍ക്കിയില്‍ വീണ്ടും ശക്തമായ ഭൂചലനങ്ങള്‍: മരണം 2300 ലേറെ; സഹായവുമായി ലോക രാജ്യങ്ങള്‍

അങ്കാറ (തുര്‍ക്കി): 2300-ലധികം പേരുടെ ജീവനെടുത്ത ഭൂചലനത്തിന് പിന്നാലെ തുര്‍ക്കിയില്‍ വീണ്ടും ശക്തമായ ഭൂചലനങ്ങള്‍. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി ആദ്യ ഭൂചലനത്തിനു ശേഷം യഥാക്രമം 7.5, 6 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ മറ്റ് രണ്ടു ഭൂചലനങ്ങള്‍ കൂടി ഉണ്ടായി. തുര്‍ക്കിയുടെ തെക്ക് കിഴക്കന്‍ ഭാഗത്തും സിറിയയിലെ ദമാസ്‌കസിലുമാണ് ശക്തമായ തുടര്‍ ഭൂചലനം ഉണ്ടായത്. പ്രാദേശിക സമയം ഉച്ചക്ക് 1.24 നാണ് ശക്തിയേറിയ രണ്ടാം ഭൂചലനമുണ്ടായത്.

ആദ്യ ഭൂചലനം നടന്ന് 12 മണിക്കൂറിനിടെയാണ് ശക്തമായ രണ്ടാം ഭൂചലനം അനുഭവപ്പെട്ടത്. രക്ഷപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇവിടെ വീണ്ടും ഭൂചലനമുണ്ടായത്. തുടര്‍ ചലനങ്ങള്‍ ഇനിയും ഉണ്ടാകാമെന്ന് തുര്‍ക്കിഷ് ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലുമായുണ്ടായ ആദ്യ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 2300 കടന്നു. തുര്‍ക്കിയില്‍ മാത്രം 1498 പേര്‍ മരിച്ചതായും 5,383 പേര്‍ക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നും മരണ സംഖ്യ എത്രത്തോളം ഉയരുമെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയയില്‍ 810 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ 739 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നൂറുകണക്കിന് ആളുകളാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത്.

പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ 4.17നാണ് ഭൂചലനമുണ്ടായത്. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അതിശക്തമായ ഭൂചലനം ഉണ്ടായത്. ഞെട്ടിയുണര്‍ന്ന ആളുകള്‍ പരിഭ്രാന്തരായി പരക്കം പായുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തകര്‍ന്നുവീണ കെട്ടിടങ്ങളില്‍നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്

ഇരു രാജ്യങ്ങള്‍ക്കും ഐക്യരാഷ്ട്ര സഭയും വിവിധ രാജ്യങ്ങളും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂചലനത്തില്‍ തകര്‍ന്ന തുര്‍ക്കിയിലെ ജനങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയെന്നും ഈ ദുരന്തത്തെ നേരിടാന്‍ എല്ലാ സഹായവും നല്‍കാന്‍ തയാറാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു.

തുര്‍ക്കിയിലേക്ക് എന്‍ഡിആര്‍എഫ് അടക്കമുള്ള രക്ഷാ സംഘത്തെ അയക്കുമെന്ന് ഇന്ത്യ അറിയിച്ചു. നൂറുപേര്‍ അടങ്ങുന്ന എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘത്തെയാണ് അയക്കുന്നത്. ദുരന്ത മുഖത്ത് അടിയന്തര സേവനം നടത്താനായി പരിശീലനം ലഭിച്ച ഡോക്ടര്‍മാരും ഡോഗ്സ്‌ക്വാഡും സംഘത്തിനൊപ്പമുണ്ടാകും. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് രക്ഷാ സംഘത്തെ അയക്കാന്‍ തീരുമാനമെടുത്തത്.

എമര്‍ജന്‍സി മെഡിക്കല്‍ ടീം നെറ്റ്വര്‍ക്കുകള്‍ പ്രവര്‍ത്തനനിരതമാണെന്നും ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിവരുന്നതായും ലോകാരോഗ്യ സംഘടന അറിയിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോര്‍ഡിനേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചതായും എമര്‍ജന്‍സി സാറ്റലൈറ്റ് മാപ്പിങ് അടക്കമുള്ള സേവനങ്ങള്‍ ആരംഭിച്ചതായും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു.

തുര്‍ക്കിയിലെ ജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ സന്നദ്ധമാണെന്ന് ഉക്രെയ്ന്‍ അറിയിച്ചു. നൂറു രക്ഷാ പ്രവര്‍ത്തകരുമായി തങ്ങളുടെ ഐ.എല്‍ 76 എയര്‍ക്രാഫ്റ്റ് ഉടന്‍ സിറിയയില്‍ എത്തുമെന്ന് റഷ്യ അറിയിച്ചു. തുര്‍ക്കിയിലേക്കും ആവശ്യമെങ്കില്‍ രക്ഷാ പ്രവര്‍ത്തകരെ വിടാന്‍ സന്നദ്ധമാണെന്നും റഷ്യ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.