അപ്പോസ്തോലിക തീർത്ഥാടനത്തിന് ശേഷം മാർപ്പാപ്പ റോമിലെത്തി: വിജയകരമായ യാത്രയ്ക്ക് മാതാവിന് നന്ദിയർപ്പിച്ച് ഫ്രാൻസിസ് പാപ്പ

അപ്പോസ്തോലിക തീർത്ഥാടനത്തിന് ശേഷം മാർപ്പാപ്പ റോമിലെത്തി: വിജയകരമായ യാത്രയ്ക്ക് മാതാവിന് നന്ദിയർപ്പിച്ച് ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: ഒരാഴ്ചയോളം നീണ്ട അപ്പോസ്തോലിക തീർത്ഥാടനം പൂർത്തിയാക്കി ഫ്രാൻസിസ് മാർപ്പാപ്പ റോമിലേക്ക് മടങ്ങിയെത്തി. ദക്ഷിണ സുഡാനിലേക്കും കോംഗോയിലേക്കുമുള്ള തന്റെ യാത്രയ്‌ക്ക് ശേഷം തിരിക്കെത്തിയതിന് പിന്നാലെ പാപ്പ സെന്റ് മേരി മജോറിന്റെ ബസിലിക്ക സന്ദർശിക്കുകയും മാതാവിന് നന്ദി അർപ്പിക്കുകയും ചെയ്തു.

ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെയായിരുന്നു മാർപ്പാപ്പയുടെ യാത്ര. ദക്ഷിണ സുഡാനിൽ നിന്ന് റോമിലെത്തിയ മാർപ്പാപ്പ പാരമ്പര്യമനുസരിച്ച് ഞായറാഴ്ച മേരി മജോർ ബസിലിക്കയിൽ അൽപ്പസമയം പ്രാർത്ഥിച്ച് കൃതജ്ഞത അർപ്പിക്കുകയും ചെയ്തു. 104 മത്തെ തവണയാണ് ഫ്രാൻസിസ് പാപ്പ ഈ ബസലിക്കയിൽ പരിശുദ്ധ അമ്മയുടെ മുന്നിലേക്ക് എത്തുന്നത്.

മരിയ സാലൂസ് പോപ്പൊളി റൊമാനി ('റോമൻ ജനതയുടെ രക്ഷ') എന്ന പുരാതന മാതാവിന്റെ രൂപത്തിന് മുന്നിൽ പാപ്പ അൽപനേരം പ്രാർത്ഥിച്ചു എന്ന് വത്തിക്കാൻ വാർത്താ കാര്യാലയം അറിയിച്ചു. ഡിആർ കോംഗോയിലേക്കും, ദക്ഷിണ സുഡാനിലേക്കുമുള്ള തന്റെ അപ്പസ്തോലിക യാത്രയ്ക്കിടെ അനുഭവിച്ചു മാതാവിന്റെ സംരക്ഷണത്തിന് പാപ്പ നന്ദി പറഞ്ഞു.

തന്റെ അപ്പോസ്തോലിക തീർത്ഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായി തിങ്കളാഴ്ച പേപ്പൽ ബസിലിക്കയിലെ ബോർഗീസ് ചാപ്പൽ മാർപ്പാപ്പ സന്ദർശിച്ചിരുന്നു.

മരിയ സാലൂസ് പോപ്പൊളി റൊമാനിയുടെ രൂപം മഹാനായ വിശുദ്ധ ഗ്രിഗറി മാർപ്പാപ്പയുടെ ഭരണകാലത്ത്, ഏതാണ്ട് എഡി 590 ൽ റോമിൽ എത്തിയെന്നാണ് കരുതപ്പെടുന്നത്.

1838 ൽ, ഗ്രിഗറി പതിനാറാമൻ പാപ്പ മാതാവിന്റെ ഈ രൂപത്തെ കിരീടമണിയിച്ചു. പിന്നീട് ഒരു നൂറ്റാണ്ടിനുശേഷം 1954 ലെ മരിയൻ വർഷത്തിൽ പിയൂസ് പന്ത്രണ്ടാമൻ പാപ്പ ഈ പാരമ്പര്യം ആവർത്തിച്ചു. തുടർന്ന് 2018 ൽ വത്തിക്കാൻ മ്യൂസിയം ഈ പുരാതന രൂപത്തെ മോടിപിടിപ്പിക്കുകയും വൃത്തിയാക്കുകയും ചെയ്ത ശേഷം പുനസ്ഥാപിക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.