ഏഷ്യയിൽ ഏറ്റവും സ്വാധീനമുള്ള രാജ്യം അമേരിക്ക: ഇന്ത്യ നാലാം സ്ഥാനത്ത്; ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ റിപ്പോർട്ട്

ഏഷ്യയിൽ ഏറ്റവും സ്വാധീനമുള്ള രാജ്യം അമേരിക്ക: ഇന്ത്യ നാലാം സ്ഥാനത്ത്; ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ റിപ്പോർട്ട്

സിഡ്‌നി: ഏഷ്യൻ മേഖലയിൽ ഏറ്റവുമധികം സ്വാധീനമുള്ള രാജ്യമായി അമേരിക്ക തുടരുകയാണെന്നും ഇന്ത്യ നാലാം സ്ഥാനത്തുണ്ടെന്നും ലോവി ഇൻസ്റ്റിറ്റ്യൂട്ട് ഫോറിൻ പോളിസിയുടെ വാർഷിക ഏഷ്യ പവർ ഇൻഡക്‌സ് റിപ്പോർട്ട്. സാമ്പത്തിക രംഗത്ത് ചൈനയെ മറികടന്നാണ് അമേരിക്ക ഭൂരിഭാഗം മേഖലകളിലും ഏറ്റവും വലിയ സ്വാധീന ശക്തിയായത്.

133 ഘടകങ്ങളുടെ അടിസ്ഥാനത്തിൽ 26 രാജ്യങ്ങളുടെ ഏഷ്യയിലെ സ്വാധീനമാണ് ലോവി ഇൻസ്റ്റിറ്റ്യൂട്ട് വിലയിരുത്തുന്നത്. സൈനിക ശക്തിയും, സാമ്പത്തിക ശക്തിയും, നയതന്ത്രമേഖലയിലെ സ്വാധീനവുമെല്ലാം ഇതിൽ കണക്കിലെടുക്കുന്നുണ്ട്.

സൈനിക ശേഷി, പ്രതിരോധ ശൃംഖലകൾ, സാംസ്കാരിക സ്വാധീനം എന്നിവയുൾപ്പെടെ മറ്റ് നിരവധി മേഖലകളിൽ ചൈനയേക്കാൾ ശക്തമായി തുടരുന്നതിനാലാണ് 2022 ലെ പവർ സൂചികയിൽ അമേരിക്ക ഒന്നാം സ്ഥാനം നിലനിർത്തുന്നത്. അമേരിക്കയുടെ ശക്തി മൊത്തത്തിൽ "പ്രതിരോധശേഷിയുള്ളത്" എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വാർദ്ധക്യം ബാധിച്ചവരെ തള്ളുകയും ജനനനിരക്ക് കുറയുകയും ചെയ്യുന്ന ചൈനയേക്കാൾ കൂടുതൽ അനുകൂലമായ സ്ഥിതിവിശേഷമാണ് അമേരിക്കയിൽ ഉള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


2022 ലെ റിപ്പോർട്ട് അനുസരിച്ച് അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം ഏഷ്യയിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ രാജ്യമായി ജപ്പാനെ കണക്കാക്കുന്നു. ഇന്ത്യ നാലാം സ്ഥാനത്തും റഷ്യ അഞ്ചാം സ്ഥാനത്തും ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവ യഥാക്രമം ആറ്, ഏഴ്, എട്ട്, ഒൻപത് സ്ഥാനങ്ങളിലുമാണ്.

2021 ൽ ഏഷ്യയിൽ നയതന്ത്ര സ്വാധീനം ചെലുത്തുന്ന രാജ്യങ്ങളിൽ നാലാം സ്ഥാനത്തുണ്ടായിരുന്ന റഷ്യ പുതിയ റിപ്പോർട്ടിൽ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോഴാണ് ഇന്ത്യ ഒരു പടി മുന്നിലേക്ക് കയറി നാലിലെത്തിയത്. നയതന്ത്രതലത്തിൽ ഇന്ത്യയുടെ സ്വാധീനശക്തി കൂടിയെങ്കിലും, 2018 മുതൽ രാജ്യത്തിന്റെ ആകെ സ്വാധീനം കുറഞ്ഞുവരികയാണെന്ന് ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പറയുന്നു.

ഏഷ്യയിൽ സാംസ്കാരികമായ സ്വാധീനം ചെലുത്തുന്നതിലും ഇന്ത്യ നേട്ടമുണ്ടാക്കി. എന്നാൽ, സാമ്പത്തിക സ്വാധീനവും, സൈനിക ശേഷിയും ഉൾപ്പെടെയുള്ള മേഖലകളിലും ഇന്ത്യ പിന്നോട്ടു പോയി എന്നാണ് കണ്ടെത്തൽ. സ്വന്തം വിഭവങ്ങൾക്കും ശക്തിക്കും അനുസൃതമായ സ്വാധീനം മേഖലയിൽ ചെലുത്താൻ ഇന്ത്യയ്ക്ക് കഴിയുന്നില്ല എന്ന് റിപ്പോർട്ടിൽ പറയുന്നു.

നിരവധി വ്യാപാര കരാറുകളോട് ഇന്ത്യ മുഖം തിരിഞ്ഞുനിൽക്കുന്നതിനാൽ സാമ്പത്തിക സ്വാധീനവും കുറഞ്ഞു എന്നും പരാമർശമുണ്ട്. ആഗോളതലത്തിൽ ചൈനയുമായാണ് ഇന്ത്യയ്ക്ക് ഏറ്റവുമധികം വ്യാപാരബന്ധമുള്ളത് എന്നതാണ് ഈ സ്വാധീനത്തിന് കാരണം. ഇന്ത്യയ്ക്ക് മേൽ സ്വാധീനം ചെലുത്തുന്ന രാജ്യങ്ങളിൽ അമേരിക്ക രണ്ടാം സ്ഥാനത്തും, യൂറോപ്യൻ യൂണിയൻ മൂന്നാം സ്ഥാനത്തും, യുഎഇ, സൗദി അറേബ്യ എന്നിവ നാല്, അഞ്ച് സ്ഥാനങ്ങളിലുമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇന്ത്യക്ക് ഏറ്റവുമധികം സ്വാധീനമുള്ള രാജ്യങ്ങൾ നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മ്യാൻമർ എന്നിവയാണ്. എന്നാൽ ഭാവിയിലേക്കുള്ള വിഭവങ്ങൾ കണക്കിലെടുത്താൽ അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം ഇന്ത്യയാണെന്നും ലോവി ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

അതേസമയം ലോവി ഇൻസ്റ്റിറ്റ്യൂട്ട് ആദ്യമായി വിശകലനം നടത്തി തുടങ്ങിയ 2018 മുതൽ ചൈന അമേരിക്കയിൽ സ്ഥിരമായി നേട്ടമുണ്ടാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി കോവിഡ് മഹാമാരിയുടെ ഉത്ഭവത്തോടെ ചൈനയുടെ ഉയർച്ച മന്ദഗതിയിലായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

കോവിഡ് കാലത്തുള്ള നയങ്ങളും അതിർത്തി നിയന്ത്രണങ്ങളും കാരണം ചൈനയ്ക്ക് ഏഷ്യൻ മേഖലയിലെ സ്വാധീനം കുറഞ്ഞു. മേഖലയിലുടനീളമുള്ള മിക്ക രാജ്യങ്ങളുടെയും ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന തുടരുകയാണെങ്കിലും ചൈനയുടെ മൊത്തത്തിലുള്ള സാമ്പത്തിക സ്വാധീനം കർശനമായ കോവിഡ് സീറോ നടപടികളാൽ നഷ്‌ടപ്പെട്ടു.

അതേസമയം, 2022 ൽ ജപ്പാന്റെ സൈനിക ശക്തി വർദ്ധിച്ചുവെങ്കിലും, മന്ദഗതിയിലായ ജിഡിപി വളർച്ചയോടും അതിവേഗം ക്ഷയിക്കുന്ന തൊഴിൽ ശക്തിയോടും പോരാടുന്നതിനാൽ രാജ്യത്തിന്റെ മൊത്തത്തിലുള്ള ശക്തി ഗണ്യമായി കുറഞ്ഞുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

പട്ടികയിൽ ആറാമതായാണ് ഓസ്ട്രേലിയയുടെ സ്ഥാനം. നയതന്ത്രതലത്തിലെ സ്വാധീനമാണ് ഓസ്ട്രേലിയയും പ്രധാനമായും വർദ്ധിപ്പിച്ചിരിക്കുന്നത്. ഓസ്ട്രേലിയയ്ക്ക് ഉള്ള വിഭവങ്ങളെക്കാൾ കൂടുതൽ സ്വാധീനം മേഖലയിൽ ചെലുത്താൻ കഴിയുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കി. ഓസ്ട്രേലിയയെയും ഏറ്റവുമധികം സ്വാധീനിക്കുന്ന രാജ്യം ചൈനയാണ്.

മാത്രമല്ല കോവിഡ് മഹാമാരിക്ക് മുമ്പും ശേഷവും സൂചികയിൽ സ്ഥിരത നിലനിർത്താൻ കഴിഞ്ഞ ഒരേയൊരു പ്രധാന രാജ്യമാണ് ഓസ്‌ട്രേലിയയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയയ്ക്ക് താരതമ്യേന ശക്തമായ സമ്പദ്‌വ്യവസ്ഥ, അനുകൂലമായ ഭൂമിശാസ്ത്രം എന്നിവ ഉൾപ്പെടെ നിരവധി സ്വാഭാവിക ഗുണങ്ങളുണ്ടെന്നും അവ ഈ സ്ഥിരത നിലനിർത്താൻ സഹായിക്കുന്നുവെന്നും ഏഷ്യാ പവർ ഇൻഡക്‌സിന്റെ പ്രോജക്റ്റ് ലീഡ് സൂസന്ന പാറ്റൺ പറയുന്നു.

കൂടാതെ ഓസ്‌ട്രേലിയയ്ക്ക് അതിന്റെ അയൽക്കാരുമായും നല്ല ബന്ധമുണ്ട്. നിലവിലെ ഓസ്‌ട്രേലിയൻ ഭരണകൂടം ഏഷ്യയോട് കാണിക്കുന്ന സമീപനം മികച്ചതാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.