യുപിഎ ഭരണകാലം 'നഷ്ടപ്പെട്ട ദശകം': അഴിമതികള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

യുപിഎ ഭരണകാലം  'നഷ്ടപ്പെട്ട ദശകം': അഴിമതികള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി; അദാനി വിഷയത്തില്‍ പ്രതിപക്ഷ ആക്രമണം നേരിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന്റെ മറുപടിയില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാരിന്റെ അഴിമതികള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിനെതിരെ തിരിച്ചടിച്ചു.

ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തിനിടെ ഒരിക്കല്‍ പോലും അദാനിയുടെ പേരോ, അദാനിയുമായി ബന്ധപ്പെട്ട വിവാദമോ പ്രധാനമന്ത്രി പരാമര്‍ശിച്ചില്ല. 2ജി, കോള്‍ഗേറ്റ്, വോട്ടിന് കാശ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നീ അഴിമതികള്‍ പരാമര്‍ശിച്ചുകൊണ്ടാണ് മോഡി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയെ കടന്നാക്രമിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകളുടെ കീഴിലുള്ള പ്രതിരോധ അഴിമതികളെക്കുറിച്ചും അദേഹം സംസാരിച്ചു.

2004 നും 2014 നും ഇടയിലുള്ള പതിറ്റാണ്ടിനെ 'നഷ്ടപ്പെട്ട ദശകം' എന്നാണ് വിശേഷിപ്പിച്ചത്. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ അദ്ദേഹത്തിന്റെ തടസപ്പെടുത്താന്‍ ശ്രമിക്കുകയുമുണ്ടായി.

2004 മുതല്‍ 2014 വരെയുള്ള യുപിഎ ഭരിച്ച 10 വര്‍ഷ കാലയളവിലാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി കേസുകള്‍ നടന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആ ദശകത്തില്‍ തീവ്രവാദ ശക്തികള്‍ തലയുയര്‍ത്തി നില്‍ക്കുന്നതും കണ്ടു. ആ സമയം ഇന്ത്യക്ക് ആഗോള നിലവാരം നഷ്ടപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ആ ദശകം നഷ്ടപ്പെട്ട ദശാബ്ധമായി അറിയപ്പെടുമെന്നും മോഡി പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന ഖാര്‍ഗെ, ടിഎംസിയുടെ മഹുവ മൊയ്ത്ര, ആര്‍ജെഡിയുടെ മനോജ് ഝാ എന്നിവരുള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാര്‍ നേരത്തെ അദാനി വിഷയത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ചിരുന്നു. അദാനിക്ക് നേട്ടമുണ്ടാക്കാന്‍ മോഡി സര്‍ക്കാര്‍ ചട്ടങ്ങള്‍ മെനയുകയാണെന്ന് രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച ആരോപിച്ചിരുന്നു. വ്യവസായിയുമായി പ്രധാനമന്ത്രി മോദിയുടെ ബന്ധം എന്താണെന്ന് അറിയാനും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.