വത്തിക്കാൻ സിറ്റി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്ക പിടികൂടിയതിനെത്തുടർന്ന് രാജ്യത്തുണ്ടായ അസാധാരണ സാഹചര്യങ്ങളിൽ ലിയോ പതിനാലാമൻ മാർപാപ്പ ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തി. വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കപ്പെടണമെന്നും ബാഹ്യ ഇടപെടലുകൾക്ക് ഉപരിയായി രാജ്യത്തിന്റെ അന്തസ് ഉയർത്തിപ്പിടിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.
നിലവിലെ സങ്കീർണാവസ്ഥയിൽ ജനങ്ങളുടെ സുരക്ഷയ്ക്കും നന്മയ്ക്കുമായിരിക്കണം മറ്റെന്തിനേക്കാളും മുൻഗണന നൽകേണ്ടത്. രാജ്യത്ത് സമാധാനവും നീതിയും പുനസ്ഥാപിക്കുന്നതിനായി ഭരണഘടന അനുശാസിക്കുന്ന നിയമവാഴ്ച നടപ്പിലാക്കണമെന്ന് മാർപാപ്പ ഊന്നിപ്പറഞ്ഞു.
സംഘർഷത്തിന്റെ പാത വെടിഞ്ഞ് ജനാധിപത്യപരമായ മൂല്യങ്ങൾ മുറുകെ പിടിക്കണം. വെനസ്വേലയിൽ നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കാൻ സമാധാനപരമായ ചർച്ചകൾക്കും നീതിപൂർവ്വമായ ഇടപെടലുകൾക്കും വഴിതുറക്കണമെന്നും പാപ്പ ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു.
വെനസ്വേലൻ ജനതയ്ക്കുവേണ്ടി എല്ലാവരും പ്രാർഥിക്കണമെന്ന് പറഞ്ഞ മാർപാപ്പ എല്ലാ വെനസ്വേലക്കാരെയും രാജ്യത്തിന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിനും രാജ്യത്തു നിന്നുള്ള വിശുദ്ധരായ ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസ്, കാർമെൻ റെൻഡൈൻസ് എന്നിവർക്കും മുൻപാകെ സമർപ്പിക്കുന്നുവെന്നും പറഞ്ഞു. "സമാധാനത്തിന്റെ ദൈവത്തിൽ നമുക്ക് തുടർന്നും വിശ്വസിക്കാം. യുദ്ധങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കുവേണ്ടി പ്രാർഥിച്ചും ഐക്യദാർഢ്യം പ്രകടിപ്പിച്ചും നമുക്ക് അവർക്കൊപ്പമാകാം" - മാർപാപ്പ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.