മിഠായിയില്‍ ക്യാന്‍സറിന് കാരണമാകുന്ന റോഡമിന്‍; കൊല്ലത്തെ സ്ഥാപനം അടച്ചു പൂട്ടി

മിഠായിയില്‍ ക്യാന്‍സറിന് കാരണമാകുന്ന റോഡമിന്‍; കൊല്ലത്തെ സ്ഥാപനം അടച്ചു പൂട്ടി

കൊല്ലം: ക്യാന്‍സറിന് കാരണമാകുന്ന രാസപദാര്‍ഥം കലര്‍ത്തി മിഠായി നിര്‍മിച്ച കൊല്ലത്തെ സ്ഥാപനം ഭക്ഷ്യ സുരക്ഷാ വിഭാഗം അടച്ചുപൂട്ടി. വസ്ത്ര നിര്‍മാണത്തിന് ഉപയോഗിക്കുന്ന റോഡമിന്‍ ആണ് മിഠായിയില്‍ കലര്‍ത്തിയിരുന്നത്.

കൊല്ലം കരുനാഗപ്പള്ളിയിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിട ഉടമയ്ക്കും 25 ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും എതിരേ കേസെടുത്തു. വൃത്തിയില്ലത്ത സാഹചര്യത്തിലാണ് മിഠായികള്‍ ഉണ്ടാക്കിയിരുന്നത്.

മിഠായി ഉണ്ടാക്കുന്ന മുറിക്ക് സമീപത്തെ സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകിയ നിലയിലായിരുന്നു. വില്‍പനയ്ക്കായി തയാറാക്കിയിരുന്ന 1000 കവര്‍ മിഠായികള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നശിപ്പിച്ചു. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഡപ്യൂട്ടി കമ്മീഷണര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തിലാണ് പരിശോധന.

മിഠായി നിര്‍മാണ കേന്ദ്രത്തിന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. അനധികൃത ഭക്ഷ്യ ഉല്‍പ്പാദനത്തിനും നിരോധിത നിറം ഉപയോഗിച്ചതിനും തൊഴിലാളികള്‍ക്കെതിരെ കേസെടുത്തു. ഭക്ഷ്യസുരക്ഷ വിഭാഗം കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ അജി, കൊല്ലം കരുനാഗപ്പള്ളി, ചവറ എന്നിവിടങ്ങളിലെ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരും പരിശോധനയില്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.