തുര്‍ക്കി-സിറിയ ഭൂകമ്പം: മരണ സംഖ്യ 20,000 ത്തിലേക്ക്; പത്ത് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

തുര്‍ക്കി-സിറിയ ഭൂകമ്പം: മരണ സംഖ്യ 20,000 ത്തിലേക്ക്; പത്ത് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

ഇസ്താംബൂൾ: തുർക്കിയുടെ തെക്ക്‌ കിഴക്കൻ മേഖലയിലും സിറിയയുടെ വടക്ക്‌ പടിഞ്ഞാറൻ മേഖലയിലും ഉണ്ടായ വൻ ഭൂകമ്പത്തിൽ മരണ സംഖ്യ 20,000 ത്തിലേക്ക്. 18,500 പേർ മരണപ്പെട്ടതയാണ് ഇതുവരെയുള്ള ഔദ്യോഗിക കണക്ക്. എന്നാൽ മരണസംഖ്യ ഇതിനോടകം ഇരുപതിനായിരവും കടന്നിട്ടുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ. 

അതേസമയം ഭൂകമ്പ മേഖലകളിൽ 10 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായി ഔദ്യോഗിക റിപ്പോർട്ട്‌ പുറത്ത് വന്നു. ഇവർ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തുർക്കിയിൽ ബിസിനസ് സന്ദർശനത്തിനെത്തിയ ഒരു ഇന്ത്യക്കാരനെ കാണാതായതായും റിപ്പോർട്ടുണ്ട്. തുർക്കിയിൽ ആകെ 3,000 ഇന്ത്യക്കാരാണുള്ളത്. 

'തുര്‍ക്കിയിലെ അദാനയില്‍ ഞങ്ങള്‍ ഒരു കണ്‍ട്രോള്‍ റൂം സ്ഥാപിച്ചു. 10 ഇന്ത്യക്കാര്‍ ദുരിതബാധിത പ്രദേശങ്ങളിലെ വിദൂര ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിലും അവര്‍ സുരക്ഷിതരാണ്. ബിസിനസ് സന്ദര്‍ശനത്തിനെത്തിയ ഒരു ഇന്ത്യന്‍ പൗരനെ കാണാതായി. ഞങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബവുമായും അദ്ദേഹം ജോലി ചെയ്യുന്ന ബെംഗളൂരുവിലെ കമ്പനിയുമായും ബന്ധപ്പെട്ടുവരികയാണ്'- വിദേശകാര്യ സെക്രട്ടറി സഞ്ജയ് വര്‍മ്മ അറിയിച്ചു.

23 ദശലക്ഷം ആളുകളെ ഭൂചലനം ബാധിച്ചതയാണ് കണക്ക്. കൂടുതൽ ദുരന്തം വിതച്ച തുര്‍ക്കിയിലേക്ക് ലോക രാജ്യങ്ങളുടെ സഹായ പ്രവാഹമാണ്. അമേരിക്കയും ഇന്ത്യയും അടക്കം 45 രാജ്യങ്ങൾ തിരച്ചിലിനും രക്ഷാ പ്രവർത്തനത്തിനും സഹായം വാഗ്ദാനം ചെയ്തതായി തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ അറിയിച്ചു.

തുർക്കി-സിറിയൻ അതിർത്തി മേഖലയിലുണ്ടായ തുടർച്ചയായ മൂന്ന് ഭൂചലനങ്ങളാണ് കനത്ത നാശം വിതച്ചത്. രക്ഷാ പ്രവർത്തകർക്ക് ഇപ്പോഴും പല ഇടങ്ങളിലും എത്താനായിട്ടില്ല. കനത്ത മഴയും മഞ്ഞും റോഡും വൈദ്യുതി ബന്ധങ്ങളും തകർന്നതുമാണ് രക്ഷാ പ്രവർത്തനത്തിന് പ്രധാന തടസം. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.