സുല്‍ത്താന്‍ ബത്തേരി: അമ്പലവയല്‍ അമ്പുകുത്തി മേഖലയില്‍ കടുവയെ ചത്ത നിലയില്‍ ആദ്യം കണ്ട ആള്‍ തൂങ്ങി മരിച്ച നിലയില്‍. പാടിപറമ്പ് നാലുസെന്റ് കോളനിയിലെ ഹരിയാണ് മരിച്ചത്. ഹരിയെ കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.
തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പറയുന്നു. കഴിഞ്ഞ ഒന്നാം തിയതിയാണ് പാടിപറമ്പിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കുട്ടിക്കടുവയെ കഴുത്തില്‍ കുരുക്ക് മുറുകി ചത്ത നിലയില്‍ കണ്ടെത്തിയത്.
വൈകുന്നേരം അഞ്ചിന് ഹരിയടക്കമുള്ളവര്‍ കടുവ ചത്ത് കിടക്കുന്നത് കണ്ടെന്നാണ് വനംവകുപ്പിന് ലഭിച്ചിരുന്ന വിവരം. ഒന്നരവയസുള്ള ആണ്‍കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലം ഉടമക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു.
എന്നാല്‍ സ്ഥലം ഉടമ മുഹമ്മദ് വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നുവെന്നും കേസെടുത്ത് മുന്നോട്ട് പോയാല്‍ പ്രതിഷേധം കനക്കുമെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വനംവകുപ്പിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
തന്റെ പറമ്പില്‍ അതിക്രമിച്ച് കടന്ന് കുരുക്ക് സ്ഥാപിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് അമ്പലവയല്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതോടെയാണ് കടുവയുടെ ജഡം ആദ്യം കണ്ടവരിലേക്ക് വനംവകുപ്പ് അന്വേഷണം നീങ്ങിയതെന്നാണ് നിഗമനം. അതേ സമയം ഹരിയുടെ മരണത്തെ തുടര്‍ന്ന് പ്രദേശത്ത് പ്രതിഷേധം അലയടിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.