കര്‍ണാടകയിലും ഗുജറാത്ത് മോഡലിന് ബിജെപി; യെദ്യൂരപ്പയടക്കമുള്ള പഴയ 'സിംഹങ്ങളെ' ഒഴിവാക്കും

കര്‍ണാടകയിലും ഗുജറാത്ത് മോഡലിന് ബിജെപി; യെദ്യൂരപ്പയടക്കമുള്ള പഴയ 'സിംഹങ്ങളെ' ഒഴിവാക്കും

ബെംഗളൂരു: അടുത്ത കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുതിര്‍ന്ന നേതാക്കളെയും കൂടുതല്‍ സിറ്റിംഗ് എംഎല്‍എമാരെ ഒഴിവാക്കിയേക്കുമെന്നാണ് സൂചന.

മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയടക്കം ഏകദേശം 20 ശതമാനത്തോളം പേരെയാണ് ഒഴിവാക്കുക. ഭരണവിരുദ്ധ വികാരം മറികടക്കുകയാണ് ലക്ഷ്യം. ഗുജറാത്തില്‍ നടപ്പാക്കി വിജയിച്ച അതേ തന്ത്രം തന്നെ കര്‍ണാടകയിലും പയറ്റാനാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.

പ്രായം ചൂണ്ടിക്കാട്ടി മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്താനാണ് നീക്കം. മണ്ഡലങ്ങളില്‍ ജനാഭിപ്രായം എതിരായ നേതാക്കളെയും ഒഴിവാക്കും. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നേരത്തേ തന്നെ യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു.

മകന്‍ വിജേന്ദ്രയ്ക്ക് തന്റെ മണ്ഡലം നല്‍കണമെന്നതാണ് യെദ്യൂരപ്പയുടെ താല്‍പര്യം. മണ്ഡലത്തില്‍ മകന്റെ സ്ഥാനാര്‍ത്ഥിത്വം ഇതിനോടകം തന്നെ യെദ്യൂരപ്പ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ നേതൃത്വം ഇതിനോട് പ്രതികരിച്ചിട്ടില്ല.

അതേസമയം യെദ്യൂരപ്പയെ കൂടാതെ കെ.എസ് ഈശ്വരപ്പ, ജി.എച്ച് തിപ്പാറെഡ്ഡി എന്നിവര്‍ക്ക് സീറ്റ് നല്‍കിയേക്കില്ല. പാര്‍ട്ടി നടത്തുന്ന സര്‍വ്വേയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയം. കൂടുതല്‍ യുവാക്കള്‍ക്ക് സീറ്റ് ലഭിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം നേതാക്കളെ ഒഴിവാക്കാനുള്ള തീരുമാനം പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കും. ആഭ്യന്തര തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെ ഇത്തരമൊരു തീരുമാനം ബിജെപിയില്‍ പ്രശ്‌നങ്ങള്‍ വഷളാക്കുമെന്നും ഇത് മറികടക്കാനായില്ലെങ്കില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ബിജെപിയെ സംബന്ധിച്ച് കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് ജീവന്‍മരണ പോരാട്ടമാണ്. ബിജെപിക്ക് ഭരണമുള്ള ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനം കൈവിട്ടാല്‍ അത് പാര്‍ട്ടിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും. അതിനാല്‍ എന്ത് വിലകൊടുത്തും കന്നഡ മണ്ണ് കാക്കാനുള്ള തന്ത്രം മെനയുകയാണ് പാര്‍ട്ടി. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ പയറ്റിയ തന്ത്രം ബിജെപി കര്‍ണാടകത്തിലും ആവര്‍ത്തിക്കും.

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖം നോക്കാതെയായിരുന്നു ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. മുന്‍ മുഖ്യമന്ത്രിക്കടക്കം മുതിര്‍ന്ന നേതാക്കള്‍, മോശം പ്രകടനം കാഴ്ച വച്ചവര്‍ തുടങ്ങിയ നേതാക്കള്‍ക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കിയിരുന്നില്ല.

പുറത്ത് വരുന്ന സര്‍വേകളില്‍ ഇത്തവണ സംസ്ഥാനത്ത് തൂക്ക് മന്ത്രിസഭയ്ക്കാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. കോണ്‍ഗ്രസിന് 100 വരെ സീറ്റുകളും ബി ജെ പിക്ക് 75 വരെ സീറ്റുകളുമാണ് പ്രവചിക്കപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ജെഡിഎസിന് നിര്‍ണായക റോള്‍ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.