വരുന്നു ഗബ്രിയേല്‍ ചുഴലിക്കാറ്റ്; ന്യൂസീലന്‍ഡില്‍ ചൊവ്വാഴ്ച്ച മുതല്‍ കനത്ത മഴ; ഓക് ലന്‍ഡില്‍ അടിയന്തരാവസ്ഥ നീട്ടി

വരുന്നു ഗബ്രിയേല്‍ ചുഴലിക്കാറ്റ്; ന്യൂസീലന്‍ഡില്‍ ചൊവ്വാഴ്ച്ച മുതല്‍ കനത്ത മഴ; ഓക് ലന്‍ഡില്‍ അടിയന്തരാവസ്ഥ നീട്ടി

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡില്‍ ഗബ്രിയേല്‍ ചുഴലിക്കാറ്റ് ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ ഓക് ലന്‍ഡിലും കോറോമാണ്ടല്‍ പെനിന്‍സുലയിലും കനത്ത ജാഗ്രതാ നിര്‍ദേശം. ചുഴലിക്കാറ്റ് വീശിയടിക്കുന്നതിന് മുന്നോടിയായി ഓക് ലന്‍ഡില്‍ മേയര്‍ വെയ്ന്‍ ബ്രൗണ്‍ അടിയന്തരാവസ്ഥ നീട്ടി. വെള്ളപ്പൊക്കത്തെ നേരിടാന്‍ ജനങ്ങള്‍ തയാറെടുപ്പുകള്‍ നടത്തണമെന്ന് ഭരണകൂടം
മുന്നറിയിപ്പ് നല്‍കി

ഞായറാഴ്ച വൈകുന്നേരത്തോടെ ഗബ്രിയേല്‍ ചുഴലിക്കാറ്റ് ഓക് ലന്‍ഡ് നഗരത്തില്‍ വീശിയടിക്കുമെന്നാണ് ഓക് ലന്‍ഡ് എമര്‍ജന്‍സി മാനേജ്മെന്റിന്റെ അനുമാനം. ഓക് ലന്‍ഡിലും കോറോമാണ്ടല്‍ പെനിന്‍സുലയിലും കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മെറ്റ്‌സര്‍വീസിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച അര്‍ദ്ധരാത്രി വരെ കനത്ത മഴയും ശക്തമായ കാറ്റും തുടരും.

ചുഴലിക്കാറ്റ് ഞായറാഴ്ച നോര്‍ത്ത്ലാന്‍ഡില്‍ ആഞ്ഞടിക്കുന്നതിന് മുന്നോടിയായി സമീപ കാലത്തുണ്ടായ വെള്ളപ്പൊക്കത്തിലെ മാലിന്യങ്ങള്‍ തെരുവുകളില്‍ നിന്ന് നീക്കം ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഓക് ലന്‍ഡ് കൗണ്‍സില്‍ അറിയിച്ചു.

ഓക് ലന്‍ഡില്‍ സമീപകാലത്തുണ്ടായ വെള്ളപ്പൊക്കം കൈകാര്യം ചെയ്യുന്നതില്‍ വിമര്‍ശനങ്ങള്‍ നേരിട്ട മേയര്‍, വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്തു.

തിങ്കള്‍ മുതല്‍ ചൊവ്വ വരെ ഏറ്റവും മോശം കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നതെന്ന് മേയര്‍ അറിയിച്ചു. നേരത്തെയുണ്ടായ കൊടുങ്കാറ്റിനേക്കാള്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

'കഴിഞ്ഞ ആഴ്ചയിലെ പ്രതികൂലമായ കാലാവസ്ഥയെത്തുടര്‍ന്ന് ഇതിനകം ദുര്‍ബലമായ തീരപ്രദേശങ്ങളില്‍ കൂടുതല്‍ മഴയും ശക്തമായ കാറ്റും കനത്ത തിരമാലകളും വെള്ളപ്പൊക്കവും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കും. കാറ്റില്‍ മരങ്ങള്‍ മറിഞ്ഞുവീഴാനുള്ള സാധ്യത കൂടുതലായതിനാല്‍ വൈദ്യുതി വിതരണം തടസപ്പെടാനും സാധ്യതയുണ്ട്' - മേയര്‍ വെയ്ന്‍ ബ്രൗണ്‍ പറഞ്ഞു.

ജനുവരി അവസാനം ഓക്‌ലന്‍ഡില്‍ റെക്കോര്‍ഡ് മഴ പെയ്തതിനെതുടര്‍ന്ന് മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അതിതീവ്ര മഴയും വെള്ളപ്പൊക്കവും ജനജീവിതം ദുസഹമാക്കി. മിക്കയിടങ്ങളിലും വീടുകളും കെട്ടിടങ്ങളും വെള്ളത്തില്‍ മുങ്ങിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.