അദാനി വിഷയത്തില്‍ പ്രധാനമന്ത്രിയുടേത് തന്ത്രപരമായ മൗനം: രാഷ്ട്രീയ വിഷയമാക്കാന്‍ പ്രതിപക്ഷം

അദാനി വിഷയത്തില്‍ പ്രധാനമന്ത്രിയുടേത് തന്ത്രപരമായ മൗനം: രാഷ്ട്രീയ വിഷയമാക്കാന്‍ പ്രതിപക്ഷം

ന്യൂഡല്‍ഹി: അദാനി വിഷയത്തില്‍ പ്രധാന മന്ത്രി മൗനം തുടരുന്നതിനെ രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷം. നാലുദിവസം പാര്‍ലമെന്റ് തടസപ്പെടുത്തി പ്രതിപക്ഷമുയര്‍ത്തിയ അദാനി വിഷയം, ഇരുസഭകളിലുമായി മൂന്ന് മണിക്കൂര്‍ നീണ്ട തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിക്കാത്തതിനെതിരേയാണ് പ്രതിഷേധം.

വ്യാജ ആരോപണങ്ങളുയര്‍ത്തി തന്നെ വേട്ടയാടാന്‍ ശ്രമിക്കുന്നെന്ന വൈകാരിക സമീപനം മുന്നോട്ടുവെച്ച് പ്രധാനമന്ത്രി അദാനി വിഷയത്തില്‍ തന്ത്രപരമായ പ്രതിരോധം തീര്‍ക്കുകയായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടിനെക്കുറിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പാര്‍ലമെന്റില്‍ കഴിഞ്ഞ നാല് ദിവസമായി ബഹളമുയര്‍ത്തിയത്.

വിഷയത്തില്‍ ജെ.പി.സി.യോ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ ഉന്നത സമിതിയോ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക്സഭയിലും പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭയിലും വിഷയം നന്ദിപ്രമേയചര്‍ച്ചയില്‍ ഉന്നയിച്ചു.

മറുപടിപറയാനായി പ്രധാനമന്ത്രിയോട് ചില ചോദ്യങ്ങളും രാഹുല്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍, ചര്‍ച്ചയ്ക്ക് മറുപടിപറഞ്ഞ പ്രധാനമന്ത്രി പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ വ്യാജ ആരോപണങ്ങളെന്നും ക്രൂരമായ ആക്ഷേപങ്ങളെന്നും വിളിച്ചു. അദാനി വിഷയത്തെക്കുറിച്ച് പ്രതികരിച്ചില്ല.

രാഹുലിന്റെ ആരോപണങ്ങളെ അവഗണിക്കുക എന്ന തന്ത്രപരമായ സമീപനത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ പ്രതിപക്ഷത്തിന് ആയുധങ്ങള്‍ നല്‍കരുതെന്ന രാഷ്ട്രീയ സാമര്‍ഥ്യവും ഈ നീക്കത്തിന് പിന്നിലുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

അതെസമയം, സഭയില്‍ ഹാജരാകാത്ത വ്യക്തികളെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയെന്നും തെളിവില്ലാതെ ആരോപണങ്ങള്‍ ഉന്നയിച്ചെന്നും ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയുടെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും അദാനിപരാമര്‍ശങ്ങള്‍ ഇരുസഭകളുടെയും രേഖകളില്‍നിന്ന് സഭാധ്യക്ഷന്‍മാര്‍ നീക്കി.

രാഹുല്‍ ഗാന്ധിക്കെതിരേ അവകാശ ലംഘനത്തിന് ബി.ജെ.പി. അംഗങ്ങള്‍ നോട്ടീസും നല്‍കി. ലോക്സഭയുടെ 353, 369 ചട്ടങ്ങള്‍ ഉദ്ധരിച്ച് രാഹുലിനെതിരേ നടപടിവേണമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയും ശഠിച്ചു. പ്രധാനമന്ത്രി ഞെട്ടലിലാണെന്നും അതാണ് മറുപടിയില്ലാത്തതെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.