ന്യൂമോണിയ മാറി; ഉമ്മന്‍ചാണ്ടിയെ തുടര്‍ ചികിത്സയ്ക്കായി ഉടന്‍ കൊണ്ടുപോകും

ന്യൂമോണിയ മാറി; ഉമ്മന്‍ചാണ്ടിയെ തുടര്‍ ചികിത്സയ്ക്കായി ഉടന്‍ കൊണ്ടുപോകും

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ന്യൂമോണിയ പൂര്‍ണമായും ഭേദമായി. കഴിഞ്ഞ 48 മണിക്കൂറില്‍ ഓക്‌സിജന്‍ സഹായം വേണ്ടിവന്നില്ലെന്നും പനിയും ശ്വാസ തടസവും മാറിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

പത്രം വായിക്കുകയും ഡോക്ടര്‍മാരോടും വീട്ടുകാരോടും സംസാരിക്കുകയും ചെയ്യുന്നുണ്ട്. ന്യുമോണിയ ബാധ പൂര്‍ണമായും മാറിയ സാഹചര്യത്തില്‍ തുടര്‍ ചികിത്സക്കായി അദ്ദേഹത്തെ കൊണ്ടുപോകാവുന്നതാണെന്നും നിംസ് ആശുപത്രി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

നിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘവും സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡും അദ്ദേഹത്തിന്റെ ആരോഗ്യ നില വിലയിരുത്തി.

തുടര്‍ ചികില്‍സക്കായി കൊണ്ടുപോകുന്നതിലും എങ്ങനെ കൊണ്ടുപോകണമെന്നതും കുടുംബം തീരുമാനിച്ച് അറിയിക്കും. തുടര്‍ ചികിത്സക്ക് പോകണമെന്ന് ഉമ്മന്‍ചാണ്ടിയും പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം ആയാലുടന്‍ ഡിസ്ചാര്‍ജ് ഉള്‍പ്പെടെ നടപടികളിലേക്ക് നീങ്ങും.

തുടര്‍ ചികില്‍സക്കായി കൊണ്ടുപോകുന്നതില്‍ ആശുപത്രിയുടെ സഹായം ചോദിച്ചാല്‍ അത് നല്‍കാന്‍ തയാറാണ്. ഉമ്മന്‍ചാണ്ടിക്ക് ഒപ്പം പോകാന്‍ രണ്ട് ഡോക്ടര്‍മാരേയും രണ്ട് പാരാമെഡിക്കല്‍ ജീവനക്കാരേയും സജ്ജമാക്കിയിട്ടുണ്ടെന്നും കുടുംബം ആവശ്യപ്പെടുന്നത് അനുസരിച്ച് ബാക്കി കാര്യങ്ങള്‍ ചെയ്യുമെന്നും ഡോ. മഞ്ജു തമ്പി അറിയിച്ചു.

കഴിഞ്ഞ ആറിനാണ് മോശം ആരോഗ്യാവസ്ഥയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ തിരുവനന്തപുരത്തെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യുമോണിയ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയ അദ്ദേഹത്തിന് ഓക്‌സിജന്‍ സപ്പോര്‍ട്ട് നല്‍കേണ്ടി വന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.