ബജറ്റ് അവതരണത്തിനിടെ അബദ്ധം പിണഞ്ഞ് അശോക് ഗെഹ്‌ലോട്ട്; വായിച്ചത് പഴയ ബജറ്റ്

ബജറ്റ് അവതരണത്തിനിടെ അബദ്ധം പിണഞ്ഞ് അശോക് ഗെഹ്‌ലോട്ട്; വായിച്ചത് പഴയ ബജറ്റ്

ജയ്പൂര്‍: ബജറ്റ് അവതരണത്തിനിടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് പറ്റിയത് വന്‍ അബദ്ധം. ഈ വര്‍ഷത്തെ ബജറ്റ് അവതരണത്തിനിടെ വായിച്ചത് കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ബജറ്റ്. എട്ടുമിനിറ്റ് നേരമാണ് മുഖ്യമന്ത്രി പഴയ ബജറ്റ് വായിച്ചത്. ചീഫ് വിപ്പ് ഇടപെട്ടതോടെ മുഖ്യമന്ത്രി ബജറ്റ് അവതരണം നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.

സംഭവത്തില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു. മനുഷ്യസഹജമായ പിശകാണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

ബജറ്റ് ചോര്‍ന്നെന്നും അവതരണം മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചത്. പ്രതിഷേധം ശക്തമായതോടെ സ്പീക്കര്‍ സി.പി ജോഷി രണ്ടുതവണ സഭ നിര്‍ത്തിവച്ചു. സഭ വീണ്ടും ചേര്‍ന്നപ്പോള്‍ സംഭവിച്ചതെല്ലാം നിര്‍ഭാഗ്യകരമാണെന്നും മാനുഷികമായ തെറ്റുകള്‍ തിരുത്തപ്പെടുമെന്നും സ്പീക്കര്‍ പറഞ്ഞു.

അതേസമയം ബജറ്റ് ചോര്‍ന്നിട്ടില്ലെന്നും കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലുള്ള ഒരു പേജ് റഫറന്‍സിന് വേണ്ടി പുതിയ ബജറ്റിനൊപ്പം വെച്ചിരുന്നതാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. മുന്‍ മുഖ്യമന്ത്രി വസുന്ധരരാജെയും തെറ്റായ കണക്കുകള്‍ അവതരിപ്പിക്കുകയും പിന്നീട് തിരുത്തകയു ചെയ്തിട്ടുണ്ടെന്ന് ഗെഹ്‌ലോട്ട് പറഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് തികഞ്ഞ അശ്രദ്ധയാണെന്ന് സഭയിലുണ്ടായിരുന്ന വസുന്ധര രാജെ പറഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഗെഹ്ലോട്ട് സര്‍ക്കാരിന്റെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ബജറ്റാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.