മോഡിക്കെതിരായ ഡോക്യുമെന്ററി: ബിബിസിയെ നിരോധിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

മോഡിക്കെതിരായ ഡോക്യുമെന്ററി:  ബിബിസിയെ നിരോധിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് 'ഇന്ത്യ: ദി മോഡി ക്വസ്റ്റ്യന്‍' എന്ന വിവാദ ഡോക്യുമെന്റി സംപ്രേഷണം ചെയ്തതിന് ബിബിസിയെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി.

ഹിന്ദു സേനയുടെ പ്രസിഡന്റ് വിഷ്ണു ഗുപ്തയാണ് ഹര്‍ജി നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകയായ പിങ്കി ആനന്ദാണ് ഹര്‍ജിക്കാരനുവേണ്ടി ഹാജരായത്. ഹര്‍ജി തികച്ചും തെറ്റിദ്ധാരണാജനകമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇതെങ്ങനെ വാദിക്കുമെന്ന് അഭിഭാഷകയോട് ചോദിച്ചു.

രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നിരന്തരമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞ പിങ്കി ആനന്ദ് സംഭവം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബഞ്ച് ഹര്‍ജി പൂര്‍ണമായും തള്ളുകയായിരുന്നു.

2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയുടെ ആദ്യഭാഗം ജനുവരി രണ്ടാം വാരവും രണ്ടാം ഭാഗം ജനുവരി 24 നുമാണ് റിലീസ് ചെയ്തത്. ആദ്യഭാഗം പുറത്തിറങ്ങിയതിനുശേഷം ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ പങ്കുവയ്ക്കുന്നത് തടയാന്‍ കേന്ദ്രം ട്വിറ്ററിനും യൂട്യുബിനും നിര്‍ദേശം നല്‍കിയിരുന്നു.

വസ്തുനിഷ്ഠമല്ലാത്തതും കൊളോണിയല്‍ ചിന്താഗതികളെ പ്രതിഫലിപ്പിക്കുന്നതുമായ പ്രചാരണം എന്നാണ് വിദേശകാര്യ മന്ത്രാലയം ഡോക്യുമെന്ററിയെ വിശേഷിപ്പിച്ചത്. രാജ്യത്തൊട്ടാകെ ഡോക്യുമെന്ററി വിവാദം ഉയര്‍ന്നതോടെ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ പല ഭാഗങ്ങളിലായി പ്രദര്‍ശനം നടത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.