ഇസ്താംബൂള്‍: ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ ഇന്ത്യന്‍ ആര്‍മിയിലെ സൈനിക ഉദ്യോഗസ്ഥയെ ചേര്‍ത്തുപിടിച്ച് തുര്‍ക്കി വനിത ചുംബിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറി.
ഇന്ത്യന്‍ ആര്‍മിയുടെ അഡിഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 'വി കെയര്‍' എന്ന അടിക്കുറിപ്പിനൊപ്പമാണ് ചിത്രം.
ഭൂകമ്പത്തെ തുടര്‍ന്ന് തുര്‍ക്കിയെയും സിറിയയെയും സഹായിക്കാന്‍ ഇന്ത്യ ആരംഭിച്ച 'ഓപ്പറേഷന്‍ ദോസ്തി'നു കീഴില്‍ രണ്ട് രാജ്യങ്ങളിലേക്കും രക്ഷാപ്രവര്‍ത്തന സംഘങ്ങളെയും മെഡിക്കല്‍ ടീമുകളെയും അയച്ചിട്ടുണ്ട്.
ഇന്ത്യന്‍ സൈന്യം ദുരിത മേഖലയില്‍ ആശുപത്രി നിര്‍മിക്കുന്നതിന്റെയും ഭൂകമ്പ ബാധിത മേഖലയിലെ താമസക്കാരെ ചികിത്സിക്കുന്നതിന്റെയും ചിത്രങ്ങള്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.
ഓപ്പറേഷന്‍ ദോസ്തിന്റെ ഭാഗമായി രക്ഷാ പ്രവര്‍ത്തനത്തിനുള്ള സാമഗ്രികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ കിറ്റുകളടക്കം വഹിച്ച ആറ് വിമാനങ്ങളാണ് തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലേക്ക് അയച്ചിരിക്കുന്നത്. ദുരിതാശ്വാസ സാമഗ്രികള്‍, മരുന്ന്, സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകള്‍, മൊബൈല്‍ ഹോസ്പിറ്റല്‍ എന്നിവ ഉള്‍പ്പെടെ ഓപ്പറേഷന്‍ ദോസ്തിന്റെ ഭാഗമാണ്.
തുര്‍ക്കിയുടെ തെക്കു കിഴക്കന്‍ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലും തിങ്കളാഴ്ചയാണ് ഭൂകമ്പമുണ്ടായത്. 7.8 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂകമ്പത്തില്‍ മരണം 21,000 കടന്നു. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു. നിരവധി പേര്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെയോ അല്ലാതെയോ ഇപ്പോഴുമുണ്ട്.
തകര്‍ന്ന തുര്‍ക്കിക്ക് സഹായവുമായി ലോക രാജ്യങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ശക്തമായ ഭൂചലനം ഉണ്ടായത്. സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോ മീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.