കംബോഡിയയുടെ ഏകാധിപതി ഹുൻ സെന്നിനെ ആക്ഷേപിച്ചുവെന്നാരോപണം: വിഒഡി ബ്രോഡ്കാസ്റ്റർ അടച്ചുപൂട്ടി ഭരണകൂടം

കംബോഡിയയുടെ ഏകാധിപതി ഹുൻ സെന്നിനെ ആക്ഷേപിച്ചുവെന്നാരോപണം: വിഒഡി ബ്രോഡ്കാസ്റ്റർ അടച്ചുപൂട്ടി ഭരണകൂടം

കംബോഡിയ: കംബോഡിയയുടെ ഏകാധിപതി ഹുൻ സെന്നിനെയും മകനെയും ആക്ഷേപിച്ചുവെന്നാരോപിച്ച് രാജ്യത്ത് സ്വതന്ത്രമായി അവശേഷിക്കുന്ന ചുരുക്കം ചില മാധ്യമങ്ങളിൽ ഒന്നായ വിഒഡി ബ്രോഡ്കാസ്റ്റർ എന്നറിയപ്പെടുന്ന വോയ്‌സ് ഓഫ് ഡെമോക്രസി അടച്ചുപൂട്ടാൻ ഭരണകൂടം ഉത്തരവിട്ടു.

സ്വതന്ത്ര പ്രാദേശിക വാർത്താ സ്ഥാപനങ്ങളിലൊന്നായ വിഒഡി ബ്രോഡ്കാസ്റ്റർ തന്നെയും മകനെയും ആക്രമിക്കുകയും രാജ്യത്തെ ദ്രോഹിക്കുകയും ചെയ്തുവെന്നാണ് ആരോപണം. അതിനാൽ വോയ്‌സ് ഓഫ് ഡെമോക്രസി തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 10 മണി മുതൽ പ്രസിദ്ധീകരിക്കാനോ സംപ്രേക്ഷണം ചെയ്യാനോ ലൈസൻസ് ഉണ്ടായിരിക്കില്ലെന്ന് കംബോഡിയൻ പ്രധാനമന്ത്രി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.

ഉത്തരവിട്ട "നടപടി ക്രമം പാലിക്കാൻ" പ്രധാനമന്ത്രി നോം പെൻ പോലീസിനോട് നിർദേശിച്ചിട്ടുണ്ട്. എന്നാൽ സ്ഥാപനത്തിന്റെ സ്വത്ത് പിടിച്ചെടുക്കാൻ നിർദേശമില്ല. വിഒഡിയിൽ വിദേശ ദാതാക്കൾ നിക്ഷേപിച്ച പണം അവർ തിരികെ എടുക്കണമെന്നും സ്ഥാപനത്തിലെ ജീവനക്കാർ പുതിയ ജോലി കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.


ഹുൻ സെൻ, മകൻ ഹുൻ മാനെറ്റ്

മാധ്യമം തന്നെയും തന്റെ മകൻ ഹുൻ മാനെറ്റിനെയും ആക്രമിക്കാൻ ശ്രമിച്ചുവെന്നും ഈ ആഴ്ച ആദ്യം വിഒഡി പ്രസിദ്ധീകരിച്ച ഒരു വിവരണം കംബോഡിയൻ ഭരണകൂടത്തിന്റെ "അന്തസ്സിനെയും പ്രശസ്തിയെയും" വ്രണപ്പെടുത്തിയെന്നും വിഒഡിയുടെ ലൈസൻസ് റദ്ദാക്കാൻ നിർദേശിച്ചുകൊണ്ട് വാർത്ത വിതരണ മന്ത്രാലയത്തിന് നൽകിയ ഉത്തരവിൽ പ്രധാനമന്ത്രി പറയുന്നു.

തുർക്കിക്കുള്ള കംബോഡിയയുടെ ഭൂകമ്പ സഹായത്തെക്കുറിച്ച് വിഒഡി ബുധനാഴ്ച ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പിൻഗാമിയെന്ന് കരുതപ്പെടുന്ന ഹുൻ മാനെറ്റ് സഹായ കരാറിൽ ഒപ്പുവെച്ചതായി സർക്കാർ വക്താവ് ഫെയ് സിഫാൻ പറഞ്ഞതായി വാർത്തയിൽ പറയുന്നു.

രാജ്യത്തിന്റെ സായുധ സേനയുടെ ജോയിന്റ് ചീഫ് ഓഫ് ഓഫീസറും ഡെപ്യൂട്ടി കമാൻഡറുമാണ് ഹുൻ മാനെറ്റ്. അത്തരമൊരു കരാർ ഒപ്പിടുന്നത് അദ്ദേഹത്തിന്റെ സ്ഥാനത്തിന്റെ അതിരുകൾ ലംഘിക്കുന്നതിന് തുല്യമാണ്. അതിനാൽ വിഷയത്തിൽ പ്രധാനമന്ത്രി ഹുൻ സെൻ പരസ്യമായി മാപ്പ് പറയണമെന്ന് മാധ്യമം ആവശ്യപ്പെട്ടു.

പിന്നീട് ആശയക്കുഴപ്പം ഉണ്ടാക്കിയതിൽ ഖേദിക്കുന്നുവെന്നും ഫെയ് സിഫനെ ഉദ്ധരിച്ച് വിശദീകരണം നൽകുമെന്നും വിഒഡി ഹുൻ സെന്നിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ഹുൻ സെന്നിന്റെ പ്രതികരണം. കംബോഡിയയിൽ അടച്ചുപൂട്ടപ്പെടുന്ന ആദ്യത്തെ മാധ്യമ സ്ഥാപനമല്ല വിഒഡി. 2017 അവസാനത്തോടെ കംബോഡിയ ഡെയ്‌ലി അടച്ചുപൂട്ടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.