ഭോപ്പാല്‍: മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ അജ്ഞാതരുടെ ആക്രമണം. നര്‍മ്മദാപുരം ജില്ലയില്‍ ഗോത്രവര്‍ഗ ആധിപത്യമുള്ള സുഖ്താവ ബ്ലോക്കിലെ ചൗകി പുര ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന പള്ളിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ഞായറാഴ്ച പ്രാര്‍ഥനയ്ക്കായി ആളുകള്‍ എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആരാധനാലയത്തിനുള്ളിലെ ഫര്‍ണിച്ചറുകള്‍ കത്തിക്കരിഞ്ഞ നിലയിലും തീയിട്ടതിനെ തുടര്‍ന്നുണ്ടായ പുകയേറ്റ് ചുമരുകള്‍ കരിപിടിച്ച നിലയിലുമായിരുന്നു. ജില്ലാ ആസ്ഥാനത്ത് നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ആരാധനാലയം സ്ഥിതി ചെയ്യുന്നത്.

മാത്രമല്ല ചുവരില്‍ 'റാം' എന്ന് ഹിന്ദിയില്‍ എഴുതുകയും ചെയ്തിട്ടുണ്ട്. ആരാധനാലയത്തിന്റെ ജനലുകളില്‍ ഘടിപ്പിച്ചിരുന്ന വല നീക്കിയ ശേഷമാണ് അക്രമികള്‍ അകത്ത് കയറിയതെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം നര്‍മദാപുരം പൊലീസ് സൂപ്രണ്ട് ഗുരുകരണ്‍ സിങ് അറിയിച്ചു. വിശുദ്ധ ബൈബിളും മറ്റ് വസ്തുക്കളും നശിപ്പിക്കപ്പെട്ടതായും പൊലീസ് വ്യക്തമാക്കി.
ക്രിസ്ത്യന്‍ മതവിഭാഗത്തെ മനപൂര്‍വം അവഹേളിക്കുന്നതിന് വേണ്ടിയാണ് തുടരെത്തുടരെയുള്ള ഇത്തരം അക്രമങ്ങള്‍ എന്ന് വിശ്വാസികള്‍ ആരോപിച്ചു. അജ്ഞാതരായ പ്രതികള്‍ക്കെതിരെ ഐ.പി.സി 295 (ഏതെങ്കിലും മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയത്തെ നശിപ്പിക്കുകയോ മലിനമാക്കുകയോ ചെയ്യുക) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ ആരാധനാലയം നിര്‍മിച്ചത്.
അമേരിക്കയിലെ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ചുമായി ബന്ധപ്പെട്ടാണ് ഈ ആരാധനാലയം പ്രവര്‍ത്തിച്ചിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.