ന്യൂഡല്‍ഹി: അദാനി വിഷയത്തില്‍ വിദഗ്ദ സമതി രൂപീകരിക്കാന്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രം. അദാനി-ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വിവാദം തുടരുന്നതിനിടെയാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് ജെ.ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം അറിയിച്ചത്.
ഇതോടെ അദാനി ഗ്രൂപ്പിന്റെ കമ്പനികളെക്കുറിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വിദഗ്ധ സമിതി അന്വേഷിക്കും. സമിതിയിലെ അംഗങ്ങളുടെ പേരുവിവരങ്ങള്‍ ബുധനാഴ്ചയോടെ മുദ്രവച്ച കവറില്‍ സര്‍ക്കാര്‍ കോടതിക്ക് കൈമാറും. കേസില്‍ അടുത്ത വാദം വെള്ളിയാഴ്ച നടക്കും.
വിഷയത്തില്‍ സര്‍ക്കാര്‍ തങ്ങളുടെ വാദങ്ങളുടെ പട്ടികയും ഹര്‍ജിക്കാര്‍ക്ക് നല്‍കും. രേഖകളുടെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമിതിക്കായി നിര്‍ദേശിച്ച പേരുകളുടെ പട്ടിക മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ സോളിസിറ്റര്‍ ജനറലിനോട് സുപ്രീം കോടതിയാണ് ആവശ്യപ്പെട്ടത്.
സെബിക്കും മറ്റ് നിയന്ത്രണ സ്ഥാപനങ്ങള്‍ക്കും ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പൂര്‍ണ ശേഷിയും പ്രാപ്തവുമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദം കേള്‍ക്കുന്നതിനിടെ പറഞ്ഞു. എന്നാല്‍ കോടതി ഒരു കമ്മിറ്റി രൂപീകരിച്ചാലും സര്‍ക്കാരിന് എതിര്‍പ്പില്ല. സമിതിയില്‍ ആരെ ഉള്‍പ്പെടുത്താമെന്ന് ബുധനാഴ്ചയ്ക്കകം സര്‍ക്കാര്‍ പറയണമെന്ന് കോടതി തുഷാര്‍ മേത്തയോട് പറഞ്ഞു.
അഭിഭാഷകനായ വിശാല്‍ തിവാരിയും അഭിഭാഷകന്‍ എം.എല്‍ ശര്‍മയുമാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇത് രാജ്യത്തിന്റെ യശസുമായി ബന്ധപ്പെട്ടതാണെന്ന് ഹര്‍ജിക്കാരനായ അഭിഭാഷകന്‍ വിശാല്‍ തിവാരി പറഞ്ഞു.
ഇത്തരമൊരു സാഹചര്യത്തില്‍ ഹിന്‍ഡന്‍ബര്‍ഗ് ഗ്രൂപ്പിനെതിരെ അന്വേഷണം നടത്തണം. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.