ഹോങ്കോങ്: ഫിലിപ്പീന്‍സിന്റെ കോസ്റ്റ് ഗാര്‍ഡുകള്‍ക്ക് നേരെ ചൈന ലേസര്‍ ആക്രമണം നടത്തിയതായി ആരോപണം. ഫെബ്രുവരി ആറിന് തെക്കന്‍ ചൈന കടലിലെ സെക്കന്‍ഡ് തോമസ് ഷോള്‍ എന്നറിയപ്പെടുന്ന പ്രദേശത്താണ് സംഭവം. ലേസര്‍ ആക്രമണത്തിന് വിധേയരായ കോസ്റ്റ് ഗാര്‍ഡ് ജീവനക്കാര്‍ക്ക് താല്‍ക്കാലികമായി കാഴ്ച നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്.
ഫിലിപ്പീന്‍സിന്റെ ബിആര്‍പി മലാപാസ്‌കുവ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. പച്ച ലേസര്‍ വെളിച്ചം രണ്ട് തവണ കപ്പിലുണ്ടായിരുന്നവര്‍ക്ക് നേരെയുതിര്‍ത്തെന്നാണ് ആരോപണം. ലേസര്‍ ആക്രമണത്തിന്റെ ചിത്രങ്ങള്‍ ഫിലിപ്പീന്‍സ് കോസ്റ്റ് ഗാര്‍ഡ് അവരുടെ ഫേസ്ബുക് പേജില്‍ പങ്കുവച്ചു.
പ്രദേശത്തുണ്ടായിരുന്ന നാവികസേനാ സംഘത്തിന് ഭക്ഷണവും മറ്റു സാധനങ്ങളും വിതരണം ചെയ്യുന്നതിനിടെയാണ് ഫിലിപ്പീന്‍സ് കോസ്റ്റ് ഗാര്‍ഡുകള്‍ സഞ്ചരിച്ച കപ്പലിനുനേരെ ആക്രമണം ഉണ്ടായതെന്നാണ് വിവരം. ഇതിന് പുറമേ ചൈനീസ് കപ്പല്‍ 150 യാര്‍ഡ് അടുത്തെത്തുകയും മറ്റു ചില ആക്രമണങ്ങള്‍ക്ക് ശ്രമിക്കുകയും ചെയ്തെന്ന് ഫിലിപ്പീന്‍സ് കോസ്റ്റ് ഗാര്‍ഡ് ആരോപിച്ചു. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ചൈന തയാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫിലിപ്പീന്‍സിന്റെ പരമാധികാര അവകാശങ്ങളുടെ മേലുള്ള ലംഘനമാണിതെന്ന് കോസ്റ്റ്ഗാര്‍ഡ് ആരോപിച്ചു. ദക്ഷിണ ചൈന കടലിന്റെ നല്ലൊരു ഭാഗത്തിനു മേലും അവകാശം ഉന്നയിക്കുന്ന ചൈന മുമ്പും സമാനമായ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ദക്ഷിണ ചൈന കടലിനു മേലുള്ള ചൈനയുടെ അവകാശവാദത്തിന് ചരിത്രപരമായ അടിസ്ഥാനമില്ലെന്ന് 2016 ല്‍ യു.എന്നിന്റെ പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ വിധിച്ചിരുന്നു. എന്നാല്‍, വിധി നടപ്പാക്കാന്‍ ട്രിബ്യൂണലിന് അധികാരമില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.