പടിഞ്ഞാറൻ പാപ്പുവയിലെ സംഘർഷം: വിഘടനവാദികൾ ബന്ദിയാക്കിയ ന്യൂസിലൻഡ് പൈലറ്റിന്റെ ദൃശ്യങ്ങൾ പുറത്ത്

പടിഞ്ഞാറൻ പാപ്പുവയിലെ സംഘർഷം: വിഘടനവാദികൾ ബന്ദിയാക്കിയ ന്യൂസിലൻഡ് പൈലറ്റിന്റെ ദൃശ്യങ്ങൾ പുറത്ത്

ജകാർത്ത: ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ പാപ്പുവ മേഖലയിൽ വിഘടനവാദികൾ വിമാനം കത്തിച്ച ശേഷം ബന്ദിയാക്കിയ ന്യൂസിലൻഡ് പൈലറ്റിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. ഇന്തോനേഷ്യൻ ഏവിയേഷൻ കമ്പനിയായ സുസി എയറിന്റെ പൈലറ്റായ ഫിലിപ്പ് മാർക്ക് മെഹർട്ടെൻസിനെയാണ് കഴിഞ്ഞയാഴ്ച ഫ്രീ പാപ്പുവ മൂവ്‌മെന്റിന്റെ സായുധ വിഭാഗമായ വെസ്റ്റ് പപ്പുവ നാഷണൽ ലിബറേഷൻ ആർമി (ടിപിഎൻപിബി) തട്ടിക്കൊണ്ടുപോയത്.

ഇദ്ദേഹത്തിന്റെ ഫോട്ടോകളും വീഡിയോകളുമാണ് ഇപ്പോൾ വിഘടനവാദികൾ പുറത്തുവിട്ടിരിക്കുന്നത്. പാപ്പുവായിലെ ഒറ്റപ്പെട്ട പ്രദേശമായ എൻഡുഗ ജില്ലയിലെ പാരോയിലെ ഒരു ചെറിയ റൺവേയിൽ അഞ്ച് യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ചെറു വിമാനം ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെ അക്രമികൾ കത്തിക്കുകയായിരുന്നു.

എജിയാനസ് കൊഗോയ എന്ന വിമതന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം വിഘടനവാദികൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന്, പാരോയിൽ ഒരു ആരോഗ്യ കേന്ദ്രം പണിയുന്ന 15 തൊഴിലാളികളെ ഈ ചെറു വിമാനത്തിൽ കൊണ്ടുപോകാൻ തീരുമാനിച്ചിരുന്നതായി എൻഡുഗ ജില്ലാ മേധാവി നമിയ ഗ്വിജാങ്ഗെ പറഞ്ഞു.


എജിയാനസ് കൊഗോയയുടെ  നേതൃത്വത്തിലുള്ള വിഘടനവാദികൾ ചെറു വിമാനം കത്തിക്കുന്നു

തൊഴിലാളികളെ ഒഴിപ്പിക്കാനുള്ള പദ്ധതി വിമതരെ പ്രകോപിപ്പിച്ചു. ഇതേ തുടർന്നാണ് അവർ വിമാനത്തിന് തീയിടുകയും പൈലറ്റിനെ പിടികൂടുകയും ചെയ്തുവെന്ന് വിമാനത്തിലെ യാത്രക്കാരിൽ ഒരാളായ ഗ്വിജാങ്ഗെ പറഞ്ഞു. തദ്ദേശീയരായ പാപ്പുവാൻകാരായതിനാലാണ് പൈലറ്റിനൊപ്പം വിമാനത്തിൽ ഉണ്ടായിരുന്ന അഞ്ച് യാത്രക്കാരെയും വിമതർ വിട്ടയച്ചതെന്ന് വിമത വക്താവ് സെബി സാംബോം നേരത്തെ വ്യക്തമാക്കിയിരുന്നു.

കൊഗോയയുടെ നേതൃത്വത്തിലുള്ള ഒരു സംഘം തോക്കുധാരികൾ റൺവേയിൽ വിമാനത്തിന് തീയിടുന്ന വീഡിയോകളും ഫോട്ടോകളും സാംബോം പുറത്ത് വിട്ടിരുന്നു. ഇന്തോനേഷ്യൻ സർക്കാരിന്റെ കീഴിൽ നിന്ന് പാപ്പുവയ്ക്ക് സ്വാതന്ത്ര്യം നേടികൊടുക്കാനുള്ള തങ്ങളുടെ പോരാട്ടത്തിന്റെ ഭാഗമായാണ് പൈലറ്റിനെ ബന്ദിയാക്കിയതെന്ന് കൊഗോയ പറഞ്ഞു.

റൈഫിളുകളും കുന്തങ്ങളും വില്ലുകളും അമ്പുകളും കൊണ്ട് സായുധരായ ഒരു കൂട്ടം ആളുകൾക്കിടയിൽ മെഹർട്ടൻസ് നിൽക്കുന്നതിന്റെ വീഡിയോയും മറ്റും പുറത്ത് വന്നിട്ടുണ്ട്. ഇന്തോനേഷ്യൻ ഭരണകൂടം മെഹർട്ടൻസിനായി ആയുധങ്ങൾ വായുവിൽ നിന്നോ ഭൂമിയിൽ നിന്നോ ഉപയോഗിക്കാത്തിടത്തോളം കാലം അയാൾ ഇവിടെ സുരക്ഷിതനായിരിക്കുമെന്നും കൊഗോയ മുന്നറിയിപ്പ് നൽകി.

ബന്ദിയുടെ സുരക്ഷയ്ക്കാണ് മുൻ‌ഗണന എന്നതിനാൽ മെഹർട്ടെൻസിനെ മോചിപ്പിക്കാൻ വിമതരെ പ്രേരിപ്പിക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് രാഷ്ട്രീയ, സുരക്ഷ, നിയമകാര്യങ്ങളുടെ ഏകോപന മന്ത്രി മുഹമ്മദ് മഹ്ഫൂദ് പറഞ്ഞു. മാത്രമല്ല പപ്പുവ ഇന്തോനേഷ്യയുടെ ഭാഗമാണെന്ന സർക്കാർ നിലപാട് അദ്ദേഹം വീണ്ടും ആവർത്തിച്ചു.

വിമതരുമായി ആശയവിനിമയം നടത്താനും ചർച്ചകൾ നടത്താനും ഗോത്രവർഗക്കാരും പള്ളിക്കാരും ഉൾപ്പെടെ നിരവധി സാമൂഹ്യ നേതാക്കളെ ഉൾപ്പെടുത്തി പൈലറ്റിന്റെ മോചനം ഉറപ്പാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് പപ്പുവ പോലീസ് മേധാവി മാത്യുസ് ഫഖിരി പറഞ്ഞു.

ഇന്തോനേഷ്യയുടെ ഭൂരിഭാഗം വരുന്ന പ്രദേശവും ഒപ്പം വംശീയമായും സാംസ്കാരികമായും വ്യത്യസ്തമായ ന്യൂ ഗിനിയ ദ്വീപിന്റെ പടിഞ്ഞാറൻ ഭാഗമാണ് പാപ്പുവ. ഒരു മുൻ ഡച്ച് കോളനി കൂടിയായ ഈ മേഖലയിൽ തദ്ദേശീയരായ പാപ്പുവന്മാരും ഇന്തോനേഷ്യൻ സുരക്ഷാ സേനയും തമ്മിലുള്ള സംഘർഷങ്ങൾ സാധാരണമാണ്.

1969 ൽ ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ നടന്ന വോട്ടെടുപ്പിനെ തുടർന്നാണ് പ്രകൃതി വിഭവങ്ങളാൽ സമ്പന്നമായ പ്രദേശം എതിർപ്പുകൾക്കിടയിലും ഇന്തോനേഷ്യൻ നിയന്ത്രണത്തിന് കീഴിലായത്.അന്ന് മുതൽ ഇന്തോനേഷ്യയുടെ കിഴക്കൻ പ്രവിശ്യകൾ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.