അറ്റ്ലാന്റ: അമേരിക്കയിലെ അറ്റ്‌ലാന്റ വിമാനത്താവളത്തിൽ ആഴ്ചയിലെ ഏഴു ദിവസങ്ങളിലും 24 മണിക്കൂറും വിശ്വാസികൾക്കായി തുറന്നിരിക്കുന്ന ദിവ്യകാരുണ്യ ചാപ്പൽ കൂദാശ ചെയ്തു. തിങ്കളാഴ്ച അറ്റ്‌ലാന്റ ആർച്ച് ബിഷപ്പ് ഗ്രിഗറി ഹാർട്ട്മായറാണ് ചാപ്പൽ വിശ്വാസികൾക്കായി സമർപ്പിക്കുകയും ആശീർവദിക്കുകയും ചെയ്തത്.
ഹാർട്ട്സ്ഫീൽഡ്- ജാക്സൺ വിമാനത്താവളത്തിലെ ചാപ്ലിൻമാരുടെയും, അറ്റ്‌ലാന്റ അതിരൂപതയുടെയും ശ്രമത്തിന്റെ ഫലമായാണ് അറ്റ്ലാന്റയിൽ ചാപ്പൽ തുറന്നത്.
കൂടാതെ വിമാനത്താവളത്തിലെ ചാപ്ലിൻസിയുടെ തലവനായ ബ്ലെയർ വാക്കറും ഇവിടെ സ്ഥിരമായ ദിവ്യകാരുണ്യ സാന്നിധ്യം എന്ന ആശയം യാഥാർത്ഥ്യമാക്കാൻ വളരെ ഉദാരമായി പ്രവർത്തിച്ചിരുന്നുവെന്ന് ചാപ്ലിനായി സേവനം ചെയ്യുന്ന ഫാ. കെവിൻ പീക്ക് വ്യക്തമാക്കുന്നു.
ആർച്ച് ബിഷപ്പിന്റെ അനുമതി ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം നവംബറിലാണ് ഇവിടെ സക്രാരി സ്ഥാപിച്ചത്. യാത്രക്കാർക്കും, വിമാനത്താവളത്തിലെ ജീവനക്കാർക്കും മാത്രമേ ഇതുവരെ ചാപ്പലിൽ പ്രവേശനാനുമതി ഉണ്ടായിരുന്നുള്ളൂ.
വിവിധ സ്ഥലങ്ങളിലേക്ക് പോകാൻ വേണ്ടി ലോകത്തിന്റെ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ആളുകളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ഇവിടെ ഒരു ചാപ്പൽ വളരെയധികം ആവശ്യമായിരുന്നുവെന്ന് ഫാ. കെവിൻ പീക്ക് വിശദീകരിക്കുന്നു.
ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് പ്രകാരം പ്രതിദിനം 3,00,000 യാത്രക്കാരാണ് വിമാനത്താവളം വഴി കടന്നുപോകുന്നത്. 64,000 ജോലിക്കാർ എങ്കിലും എപ്പോഴും വിമാനത്താവളത്തിൽ കാണുമെന്നും, ഈ അംഗസംഖ്യ ഒരു പട്ടണത്തിലെയോ നഗരത്തിലെയോ ജനസംഖ്യയ്ക്ക് തുല്യമാണെന്നും ഫാ. കെവിൻ ചൂണ്ടിക്കാട്ടി.
ഒട്ടും പ്രതീക്ഷിക്കാത്തയിടത്ത് ക്രിസ്തുവിനെ കണ്ടുമുട്ടാനായി സാഹചര്യം ഒരുക്കിത്തരുന്ന ചാപ്പൽ, ഇതിനോടകം തന്നെ നിരവധി ജീവിതങ്ങളെ സ്പർശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ദിവ്യകാരുണ്യ ചാപ്പൽ തുറന്നത് മുതൽ വിമാനത്താവളത്തിൽ ക്രിസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയ സന്ദർശകർ കരയുന്നതും സന്തോഷത്തിൽ ചാടുന്നതും ഇതിനകം താൻ കണ്ടു. ചാപ്പൽ എയർലൈൻ ജീവനക്കാരെയും യാത്രക്കാരെയും "ക്രിസ്തുവിനെ അവരുടെ ജീവിതത്തിലേക്കും ലോകത്തിലേക്കും കൊണ്ടുവരാൻ" അനുവദിക്കുന്നുവെന്നും വൈദികൻ വ്യക്തമാക്കി.
എല്ലാ ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 4.30 ന് ഈ ചാപ്പലിൽ കുർബാന അർപ്പിക്കുന്നുണ്ട്. മാത്രമല്ല ഡീക്കൻമാർ വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ 11:30 ന് കമ്മ്യൂണിയൻ ശുശ്രൂഷകളും നടത്തുന്നു,
ഫാ. കെവിന്റെ പിതാവ് ജോസഫ് പീക്ക് ഒരു പൈലറ്റ് ആയിരുന്നു. തന്റെ പിതാവിന് ദിവ്യകാരുണ്യ ഭക്തി കാത്തുസൂക്ഷിച്ച വ്യക്തിയായിരിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ടെർമിനലിലാണ് ചാപ്പൽ സ്ഥിതി ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.